മന്ത്രി കെ കെ ശൈലജയുടെ ഒരുമാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്

k k sailaja

തിരുവനന്തപുരം: ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു. കേരളം സമാനതകളില്ലാത്ത ദുരിതങ്ങളിലൂടെ കടന്നു പോകുന്ന ഈ ഘട്ടത്തില്‍ എല്ലാവരും തങ്ങളാല്‍ ആവും വിധം ദുരിതബാധിതര്‍ക്കായി സംഭാവന ചെയ്യണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു.

മഴയെ തുടര്‍ന്നുണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടാന്‍ ആരോഗ്യവകുപ്പ് തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കിയതായും. മഴവെള്ളം ഇറങ്ങിയാലുടന്‍ ജനകീയമായ ശുചീകരണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും ശൈലജ ടീച്ചര്‍ അറിയിച്ചു.

relief camp

പകര്‍ച്ച വ്യാധികള്‍ പടര്‍ന്നു പിടിക്കാതിരിക്കാന്‍ വേണ്ട മുന്‍കരുതലുകളെടുക്കാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കും മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. സന്നദ്ധ പ്രവര്‍ത്തകരും പൊതുജനങ്ങളും ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും മന്ത്രി പറഞ്ഞു.

ദുരിതാശ്വാസ ക്യാംപില്‍ കഴിയുന്ന കുട്ടികളെ, അവരുടെ രക്ഷകര്‍ത്താക്കള്‍ തയ്യാറാണെങ്കില്‍ തൊട്ടടുത്തുള്ള ചില്‍ഡ്രന്‍സ് ഹോമിലേക്ക് മാറ്റാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും പ്രത്യേക സൗകര്യമൊരുക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശമുള്ളതായും മന്ത്രി അറിയിച്ചു.

share this post on...

Related posts