തിരുവനന്തപുരം: സിഎജി റിപ്പോർട്ട് സംബന്ധിച്ച് വിശദീകരണവുമായി കിഫ്ബി. സ്പെഷ്യൽ ഓഡിറ്റിൽ അന്തിമ റിപ്പോർട്ട് നൽകിയിട്ടില്ലെന്നാണ് കിഫ്ബിയുടെ പ്രതികരണം. സിഎജിയുടെ ചോദ്യങ്ങൾക്ക് മറുപടി നൽകിയെന്നും കിഫ്ബി വിശദീകരിക്കുന്നു.
സ്പെഷ്യൽ ഓഡിറ്റിലെ ചോദ്യങ്ങൾക്ക് കൃത്യമായി സിഎജിക്ക് മറുപടി നൽകിയിരുന്നു എന്നാണ് കിഎഫ്ബി വിശദീകരണം. മറുപടി മാറ്റിവെച്ച് സംശയങ്ങളും ചോദ്യങ്ങളും മാത്രമാണ് പുറത്തുവിട്ടതെന്നും കിഎഫ്ബി കുറ്റപ്പെടുത്തുന്നു. സ്പെഷ്യൽ ഓഡിറ്റിൽ സിഎജിക്ക് നൽകിയ മറുപടി കിഫ്ബിയും ഇതുവരെ പുറത്തുവിട്ടിട്ടുമില്ല.
സിഎജി റിപ്പോർട്ടിന് പിന്നാലെ സ്പെഷ്യൽ ഓഡിറ്റ് വിവരങ്ങളും പുറത്തുവന്നതോടെ കിഫ്ബി പ്രതിരോധത്തിലായെന്ന് വാർത്ത പുറത്തുവന്നിരുന്നു. ഓഡിറ്റ് റിപ്പോർട്ടിൽ കിഫ്ബിക്ക് കുരുക്കിട്ട സിഎജി സ്പെഷ്യൽ ഓഡിറ്റ് റിപ്പോർട്ടിൽ നൽകുന്നത് തുടർപ്രഹരങ്ങളാണെന്നാണ് പുറത്തുവന്ന വിവരം. കടമെടുപ്പിലെ പ്രശ്നങ്ങളാണ് നിയമസഭയിൽ സമർപ്പിച്ച ഓഡിറ്റ് റിപ്പോർട്ടിനെ ശ്രദ്ധേയമാക്കിയത്. ബാങ്ക് നിക്ഷേപങ്ങൾ പലിശ നഷ്ടം വരുത്തി തോന്നുംപടി പിൻവലിക്കുന്നതും കിഫ്ബി നിയമനങ്ങളിലെ ക്രമക്കേടുകളും. കിഫ്ബി പദ്ധതികളുടെ കാലതാമസവും എന്തിനേറെ ദൈനംദിന ചെലവുകളിലെ വീഴ്ചകൾ വരെ സ്പെഷ്യൽ ഓഡിറ്റ് റിപ്പോർട്ടിൽ ഉയർത്തുന്നു. ഈ വർഷം ഏപ്രിലിൽ റിപ്പോർട്ട് സർക്കാരിനെ കൈമാറിയെങ്കിലും ഇത് ധനവകുപ്പ് പുറത്തുവിട്ടില്ല.