അതിഥി തൊഴിലാളികളുടെ പ്രതിഷേധം ആസൂത്രിതം; സോഷ്യല്‍ മീഡിയ നിരീക്ഷിക്കും

തിരുവനന്തപുരം: നിരോധനാജ്ഞ ലംഘിച്ച് നൂറ് കണക്കിന് അതിഥി തൊഴിലാളികള്‍ പായിപ്പാട് നടത്തിയ പ്രതിഷേധം ആസൂത്രിതമാണെന്ന നിഗമനത്തിന് പിന്നാലെ പൊലീസ് സോഷ്യല്‍ മീഡിയ നിരീക്ഷിക്കുന്നു. പ്രതിഷേധത്തിന്റെ ഉറവിടം കണ്ടെത്താനാണ് നീക്കം. നേരിയ തോതില്‍ പ്രതിഷേധം ഉടലെടുത്ത പെരുമ്പാവൂരില്‍ പൊലീസ് സംഘം റൂട്ട് മാര്‍ച്ച് നടത്തി.
പെരുമ്പാവൂരില്‍ എറണാകുളം റൂറല്‍ എസ്പിയുടെ നേതൃത്വത്തിലായിരുന്നു പൊലീസിന്റെ മാര്‍ച്ച്. അതിഥി തൊഴിലാളികള്‍ക്ക് ബോധവത്കരണവും നല്‍കി. അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണവും ശമ്പളവും ഉറപ്പ് വരുത്തണമെന്ന് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. ഒഴിയാന്‍ നിര്‍ദ്ദേശിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണം. പലായനം അനുവദിക്കരുതെന്നും കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
പ്രത്യേക സാഹചര്യത്തില്‍ എറണാകുളത്ത് മന്ത്രി വിഎസ് സുനില്‍കുമാര്‍ സ്ഥിതി വിലിയിരുത്തി. പെരുമ്പാവൂരിലും ആലുവയിലും കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തി. പ്രത്യേക ജാഗ്രത വേണമെന്ന് ഡിജിപി ലോക്നാഥ് ബെഹ്‌റ ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇതര സംസ്ഥാനക്കാര്‍ താമസിക്കുന്ന ക്യാമ്പുകളില്‍ പൊലീസുദ്യോഗസ്ഥര്‍ സന്ദര്‍ശിക്കും. തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച് ഭക്ഷണം നല്‍കാന്‍ പൊലീസ് സഹായിക്കും. തൊഴിലാളികള്‍ക്ക് അറിയാവുന്ന ഭാഷയില്‍ ആശയ വിനിമയം നടത്താന്‍ ശ്രമിക്കാനും ഡിജിപി ആവശ്യപ്പെട്ടു.
പായിപ്പാട് സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സ്ഥിതിഗതി വിലയിരുത്താന്‍ പത്തനംതിട്ട, കോട്ടയം കളക്ടര്‍മാരും പൊലീസ് മേധാവിമാരുമായും ജനപ്രതിനിധികളുമായും മന്ത്രി പി തിലോത്തമന്‍ ചര്‍ച്ച നടത്തി.

Related posts