ഒഡീഷയെ പിടിച്ചു കെട്ടി ബ്ലാസ്റ്റേഴ്‌സ്; സമനില

കൊച്ചി: പൊരുതിക്കളിച്ച കേരള ബ്ലാസ്റ്റേഴ്സ് ശക്തരായ ഒഡീഷ എഫ്സിയെ ഗോളടിപ്പിക്കാതെ പിടിച്ചുകെട്ടി. കൊച്ചിയില്‍ കളി 0-0ന് അവസാനിച്ചു. ജയ്റോ റോഡ്രിഗസ്, മെസി ബൗളി എന്നിവര്‍ക്ക് പരിക്കേറ്റത് ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായി. എന്നിട്ടും ഒഡീഷയെ തടയാനായി. ആക്രമണത്തിലും ബ്ലാസ്റ്റേഴ്സാണ് മുന്നില്‍നിന്നത്. കെ പി രാഹുലും സഹല്‍ അബ്ദുള്‍ സമദും പലതവണ ഗോളിന് അടുത്തെത്തി. നാല്കളിയില്‍ നാല് പോയിന്റുമായി ബ്ലാസ്റ്റേഴ്സ് ആറാം സ്ഥാനത്തേക്ക് മുന്നേറി. ഒഡീഷ ഇത്രതന്നെ പോയിന്റുമായി അഞ്ചാമതാണ്.
ക്യാപ്റ്റന്‍ ബര്‍തലോമിയോ ഒഗ്ബെച്ചെയെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്താതെയാണ് കേരള ബ്ലാസ്റ്റേഴ്സ് ഒഡീഷ എഫ്സിക്കെതിരെ കളിക്കാനിറങ്ങിയത്. മുന്നേറ്റത്തില്‍ മെസി ബൗളി പകരം വന്നു.മധ്യനിരയില്‍ സഹല്‍ അബ്ദുള്‍ സമദ്, കെ പി രാഹുല്‍, കെ പ്രശാന്ത്, സെര്‍ജിയോ സിഡോഞ്ച, മുഹമ്മദ് നിങ് എന്നിവരും. പ്രതിരോധത്തില്‍ മുഹമ്മദ് റാക്കിപ്, ജയ്റോ റോഡ്രിഗസ്, ജെസെല്‍ കര്‍ണെയ്റോ, രാജു ഗെയ്ക്ക്വാദ് എന്നിവരെത്തി. ഗോള്‍ വലയ്ക്ക് മുന്നില്‍ ടി പി രെഹ്നേഷും.
ഒഡീഷ ഗോള്‍വലയ്ക്ക് മുന്നില്‍ ഫ്രാന്‍സിസ്‌കോ ഡൊറോന്‍സോറോ നിന്നു. പ്രതിരോധത്തില്‍ ശുഭം സാരംഗി, റാണാ ഗരാമി, നാരായണ്‍ ദാസ്എന്നിവര്‍. ദിവാന്‍ഡ ഡിയാനെ, ക്യാപ്റ്റന്‍ മാര്‍കോസ് ടെബര്‍, വിനീത് റായ്, ജെറി മാവിമിംഗതംഗ, സിസ്‌കോ ഹെര്‍ണാണ്ടസ്, നന്ദകുമാര്‍ ശേഖര്‍ എന്നിവര്‍ മധ്യനിരയില്‍ കളിച്ചു. മുന്നേറ്റത്തില്‍ അറിഡാനെ സന്താനയും ഇടംപിടിച്ചു.

കൊച്ചിയില്‍ ആദ്യ മിനിട്ടുകളില്‍തന്നെ ദൗര്‍ഭാഗ്യം ബ്ലാസ്റ്റേഴ്സിനെ വേട്ടയാടി. പ്രതിരോധത്തിലെ ഹീറോ ക്യാപ്റ്റന്‍ ജയ്റോ റോഡ്രിഗസ് പരിക്കുകാരണം മടങ്ങി. അബ്ദുള്‍ ഹക്കുവായിരുന്നു പകരക്കാരന്‍.
കളിയിലേക്ക് പതുക്കെ ബ്ലാസ്റ്റേഴ്സ് തിരിച്ചുവന്നു. മെസി ബൗളി ബോക്സിന് പുറത്തുവച്ച് അടിച്ച ഷോട്ട് ഒഡിഷ മധ്യനിരക്കാരന്‍ ദിവാന്‍ഡ ഡിയാനെ ക്ലിയര്‍ ചെയ്തു. പതിനഞ്ചാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സ് പെനല്‍റ്റിക്ക് വാദിച്ചെങ്കിലും റഫറി നല്‍കിയില്ല. പ്രശാന്ത് വലതുപാര്‍ശ്വത്തില്‍നിന്ന് ഒഴുക്കിയ ക്രോസ് സെര്‍ജിയോ സിഡോഞ്ച് സ്വീകരിച്ചു. നല്ലൊരു ഹെഡര്‍ ബോക്സിലേക്ക് പാഞ്ഞു. എന്നാല്‍ ഡിയാനെ വീണ്ടും തടഞ്ഞു. പന്ത് ഡിയാനെയുടെ കൈയില്‍ തട്ടിയതായി ബ്ലാസ്റ്റേഴ്സ് വാദിച്ചു. റഫറി അനുവദിച്ചില്ല. മറുവശത്ത് സിസ്‌കോ ഹെര്‍ണാണ്ടസിലൂടെ ഒഡീഷയും ശ്രമിച്ചു.

23-ാം മിനിറ്റില്‍ പരിക്ക് വീണ്ടും ബ്ലാസ്റ്റേഴ്സിനെ തളര്‍ത്തി. കോര്‍ണറില്‍നിന്നെത്തിയ പന്തിനായി മെസി ബൗളിയും അറിഡാനെയും ഒരുമിച്ചുയര്‍ന്നു. കൂട്ടിയിടിച്ച് വീണു. തലയ്ക്കാണ് പരിക്കേറ്റത്. ഇരുവര്‍ക്കും കളി തുടരാനായില്ല.
മെസി ബൗളിക്ക് പകരം മുഹമ്മദ് റാഫി കളത്തിലെത്തി. അറിഡാനെയ്ക്ക് പകരം ഒഡീഷ നിരയില്‍ ഡെല്‍ഗാഡോയും ഇറങ്ങി.

35-ാം മിനിറ്റില്‍ സഹല്‍ അബ്ദുള്‍ സമദിന്റെ അതിമനോഹര പ്രകടനം ബ്ലാസ്റ്റേഴ്സിന് ലീഡ് നല്‍കേണ്ടതായിരുന്നു. വലതുപാര്‍ശ്വത്തില്‍ മൂന്ന് ഡിഫന്‍ഡര്‍മാരെ ഡ്രിബിള്‍ ചെയ്ത മുന്നേറിയ സഹല്‍ ബോക്സില്‍ കടന്നു. റാണാ ഗരാമിയും നാരായണ്‍ദാസും ചേര്‍ന്ന് സഹലിനെ വീഴ്ത്തി. ബ്ലാസ്റ്റേഴ്സ് വീണ്ടും പെനല്‍റ്റിക്കായി വാദിച്ചു. ഇക്കുറിയും റഫറി നിരാകരിച്ചു. വീണ്ടും ബ്ലാസ്റ്റേഴ്സ് ഗോളിന് അരികെയെത്തി. വലതുപാര്‍ശ്വത്തില്‍നിന്ന് മുഹമ്മദ് റാഫിയുടെ ക്രോസ്. സഹല്‍ ഹെഡ് ചെയ്യാന്‍ ശ്രമിച്ചു. സഹലിന് കിട്ടിയില്ല. പന്ത് രാഹുലിന് മുന്നില്‍. സിസര്‍ കട്ടിലൂടെ രാഹുല്‍ ശ്രമം നടത്തിയെങ്കിലും വലയിലേക്കെത്തിയില്ല. ആദ്യപകുതിയില്‍ ഗോളുകളില്ലാതെ ഇരു ടീമുകളും അവസാനിപ്പിച്ചു.

രണ്ടാംപകുതിയുടെ തുടക്കത്തില്‍ ഡിയാനെയുടെ ഫൗളില്‍ റാഫി വീണെങ്കിലും ആശങ്കപ്പെടാനൊന്നുമുണ്ടായില്ല. ഒഡീഷയ്ക്ക് വേണ്ടി ജെറി മാവിമിംഗതംഗ പായിച്ച ഷോട്ട് ബ്ലാസ്റ്റേഴ്സ് കീപ്പര്‍ ടി പി രെഹ്നേഷ് കുത്തിയകറ്റി. 63-ാം മിനിറ്റില്‍ പ്രശാന്തിന്റെ ഷോട്ട് ബാറിന് മുകളിലൂടെ പറന്നു. ഒഡീഷ മുന്നേറ്റം നടത്തിയപ്പോഴെല്ലാം രാജു ഗെയ്ക്ക്വാദിന്റെ നേതൃത്വത്തിലുള്ള പ്രതിരോധം ചെറുത്തുനിന്നു. 78-ാം മിനിറ്റില്‍ റാഫിക്ക് പകരം ഒഗ്ബെച്ചെ മൈതാനത്ത് ഇറങ്ങി.

86-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സ് തൊട്ടരികെയത്തി. ഒഡീഷ ഗോള്‍ കീപ്പര്‍ ഫ്രാന്‍സിസ്‌കോ ഡൊറോന്‍സോറോയുടെ സേവ് ബ്ലാസ്റ്റേഴ്സിനെ തടഞ്ഞു. പ്രശാന്ത് പായിച്ച ക്രോസ് ഒഗ്ബെച്ചെയുടെ തലയില്‍തട്ടി രാഹുലിന് മുന്നില്‍ വീണു. പന്ത് നിയന്ത്രിച്ച് ശക്തമായ അടിയാണ് രാഹുല്‍ ഉതിര്‍ത്തത്. എന്നാല്‍ ഡൊറെന്‍സോറോ അത് തടഞ്ഞു. ഇഞ്ചുറി ടൈമിലും ബ്ലാസ്റ്റേഴ്സ് ശക്തമായ ആക്രമണം അഴിച്ചുവിട്ടു.
നവംബര്‍ 23ന് ബംഗളൂരു എഫ്സിയുമായിട്ടാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത കളി. ബംഗളൂരുവാണ് വേദി

share this post on...

Related posts