കര്‍ഷകര്‍ക്ക് ആശ്വാസ നടപടികളുമായി കേരള സര്‍ക്കാര്‍

തിരുവനന്തപുരം: കര്‍ഷകര്‍ക്ക് ആശ്വാസനടപടികളുമായി സംസ്ഥാന സര്‍ക്കാര്‍. കാര്‍ഷിക കടശ്വാസ വായ്പാ പരിധി ഒരു ലക്ഷത്തില്‍ നിന്ന് രണ്ടു ലക്ഷമാക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കര്‍ഷകര്‍ എടുത്ത വായ്പകളിന്‍മേലുള്ള ജപ്തി നടപടികള്‍ക്ക് നേരത്തെ പ്രഖ്യാപിച്ച മൊറട്ടോറിയം ഈ വര്‍ഷം ഡിസംബര്‍ 31 വരെ നീട്ടി. കര്‍ഷകര്‍ എടുത്തിട്ടുള്ള കാര്‍ഷികകാര്‍ഷികേതര വായ്പകള്‍ക്കും ഇത് ബാധകമായിരിക്കും.

ഇടുക്കി, വയനാട് ജില്ലകളിലെ കര്‍ഷക ആത്മഹത്യയടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനായി ഇന്ന് ചേര്‍ന്ന് മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. 2014 മാര്‍ച്ച് 31 വരെയുള്ള വായ്പകള്‍ക്ക് സംസ്ഥാനത്തൊട്ടാകെയുള്ള കര്‍ഷകര്‍ക്ക് മൊറട്ടോറിയത്തിന്റെ ആനുകൂല്യം ലഭിക്കും. ഇടുക്കിയിലും വയനാടുമുള്ള കര്‍ഷകര്‍ക്ക് 2018 ഓഗസ്റ്റ് 31 വരെയുള്ള വായ്പകള്‍ക്ക് ഈ ആനുകൂല്യം ദീര്‍ഘിപ്പിക്കും. ദീര്‍ഘകാല വിളകള്‍ക്ക് പുതുതായി അനുവദിക്കുന്ന വായ്പയുടെ പലിശ ഒമ്പത് ശതമാനം വരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ഒരു വര്‍ഷത്തേക്ക് നല്‍കും. വായ്പ എടുക്കുന്ന തിയതി മുതലുള്ള ഒരു വര്‍ഷത്തേക്കായിരിക്കും നല്‍കുക. കാര്‍ഷിക കടശ്വാസ കമ്മീഷന്റെ പരിധിയില്‍ വാണിജ്യ ബാങ്കുകളെ കൂടി ഉള്‍പ്പെടുത്തുന്നത് പരിശോധിക്കാന്‍ കൃഷി ആസൂത്രണ വകുപ്പുകളെ ചുമതലപ്പെടുത്തി.

പ്രകൃതിക്ഷോഭം മൂലമുള്ള വിളനാശത്തിന് നഷ്ടപരിഹാരം നല്‍കുന്നതിന് 85 കോടി രൂപ ഉടനെ അനുവദിക്കാന്‍ തീരുമാനിച്ചു. ഇതില്‍ 54 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് അനുവദിക്കും. ിളനാശം മൂലമുള്ള നഷ്ടത്തിന് 2015 ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം നല്‍കുന്ന ധനസഹായം കുരുമുളക്, കമുക്, ഏലം, കാപ്പി, കൊക്കോ, ജാതി, ഗ്രാമ്പു എന്നീ വിളകള്‍ക്ക് നിലവിലുള്ള തുകയുടെ 100 ശതമാനം വര്‍ദ്ധന അനുവദിക്കാന്‍ തീരുമാനിച്ചു. ഈ ധനസഹായം ഇക്കഴിഞ്ഞ പ്രളയത്തില്‍ നാശനഷ്ടം സംഭവിച്ചവര്‍ക്കും നല്‍കും.


കൂടുതല്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ 8921009305 എന്ന നമ്പറിലേക്ക് ‘add’ എന്ന് സന്ദേശം അയക്കു…

share this post on...

Related posts