ഒറ്റ ക്ലിക്കില്‍ ടാക്സി നിങ്ങളെ തേടിയെത്തും; കേര കാബ്‌സ്

ഒറ്റ ക്ലിക്കില്‍ ടാക്‌സികള്‍ നിങ്ങളെത്തേടിയെത്തും, സര്‍ക്കാര്‍ നിശ്ചയിച്ച വാടകയില്‍ സുരക്ഷിതമായി കൊണ്ടുവിടും. കേരളത്തിലെ ടാക്‌സി തൊഴിലാളികളും ഉടമകളും കൈകോര്‍ക്കുന്ന ‘കേര കാബ്‌സ്’ സേവനം വെള്ളിയാഴ്ച തുടങ്ങി.
കേരളത്തിലെ 25,000-ത്തോളം ടാക്‌സി തൊഴിലാളികള്‍ അണിനിരന്ന് ഡിജിറ്റല്‍ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയാണ് കേര കാബ്‌സ്(kera cabs) പ്രവര്‍ത്തനം തുടങ്ങുകയെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തിലറിയിച്ചു. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍നിന്ന് ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. ടാക്‌സികളുടെ ലഭ്യത, വാടക തുടങ്ങിയവ ഉപഭോക്താക്കള്‍ക്ക് കൃത്യമായി അറിയാം. വാടക ഓണ്‍ലൈനായും ഡ്രൈവര്‍ക്ക് നേരിട്ടും അടയ്ക്കാം. നിലവില്‍ ആയിരത്തിനടുത്ത് ഷെയര്‍ഹോള്‍ഡര്‍മാരാണുള്ളത്. ഷെയറെടുക്കാത്തവര്‍ക്കും ആവശ്യപ്പെടുന്ന എല്ലാ രേഖകളും അപ്ലോഡ് ചെയ്ത് സംരംഭത്തിന്റെ ഭാഗമാകാം. യാത്രയ്ക്കിടയില്‍ ഏതെങ്കിലുംവിധത്തില്‍ തടസ്സമുണ്ടായാല്‍ കേര കാബ്‌സിന്റെ മറ്റൊരു ടാക്‌സിവന്ന് തുടര്‍യാത്രയ്ക്കുള്ള സൗകര്യമൊരുക്കും. എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും റെസ്റ്റ് ഹൗസ് സൗകര്യമേര്‍പ്പെടുത്തും. കണ്ണൂരില്‍ റെസ്റ്റ് ഹൗസ് പ്രവര്‍ത്തനം തുടങ്ങി. കേരാ കാബ്‌സിനുകീഴില്‍ വരുന്ന തിരിച്ചറിയല്‍ കാര്‍ഡോടുകൂടിയ ടാക്‌സി ഡ്രൈവര്‍മാര്‍ക്കാണിത്. കണ്ണൂര്‍ ആസ്ഥാനമായ കേര കാബ്‌സ് ഓണ്‍ലൈന്‍ ടാക്‌സി സംരംഭത്തിന് ജില്ലയില്‍ 600 ടാക്‌സി തൊഴിലാളികളാണുള്ളത്. പത്രസമ്മേളനത്തില്‍ ചെയര്‍മാന്‍ ഹസ്സന്‍ അയൂബ്, വിനീത് തലശ്ശേരി, പി.വി.ഷാജി, സജീര്‍ തളിപ്പറമ്പ്, ഷാജി മമ്പറം എന്നിവര്‍ പങ്കെടുത്തു.

share this post on...

Related posts