തമിഴ്‌നാട് മാതൃകയില്‍ ഹോര്‍മോണ്‍ ചിക്കനിലേക്ക് കെപ്‌കോയും

chickens595

chickens595

കോട്ടയം: മലയാളികളടെ ഇറച്ചിപ്രിയം വേറെ ആര്‍ക്കുമുണ്ടാവില്ല. കേരളീയര്‍ കഴിക്കുന്ന ഇറച്ചിക്കോഴികളില്‍ ഭൂരിഭാഗവും തമിഴ്നാട്ടില്‍ നിന്നും വരുന്നവയാണ്. ഇവയുടെ തൂക്കം കൂട്ടുന്നതോ ഹോര്‍മോണ്‍ കുത്തിവച്ചാണ് എന്നത് പരസ്യമായ രഹസ്യവും. പല ആരോഗ്യപ്രശ്നങ്ങളും വരുത്തി വയ്ക്കുന്ന ഇത്തരം കോഴികളെ ഒഴിവാക്കാന്‍ മലയാളികളുടെ ഇറച്ചിപ്രിയം അനുവദിക്കുന്നില്ലെന്നതാണ് യാഥാര്‍ഥ്യം. ഹോര്‍മോണ്‍ ഉപയോഗിക്കാത്ത നാടന്‍ കോഴിയിറച്ചി മിതമായ വിലയില്‍ ജനങ്ങളിലെത്തിക്കുക എന്ന ഉദ്ദേശ്യത്തോടെ കേരള സര്‍ക്കാര്‍ തുടങ്ങിയ കെപ്കോയും ഇപ്പോള്‍ തമിഴ്നാട്ടിന്റെ പാതയിലാണെന്ന വിവരമാണ് പുറത്തുവരുന്നത്.
ലാഭകരമല്ലാത്തതിനാല്‍ പ്രവര്‍ത്തന രീതി മാറ്റുകയാണെന്നാണ് ഔദ്യോഗിക വിശദീകരണം. ഹോര്‍മോണ്‍ കുത്തി വച്ച ചിക്കന്‍ ഉല്‍പാദിപ്പിക്കാനാണ് കെപ്‌കോയുടെ തീരുമാനം. ഇക്കാര്യ പരസ്യമായി പ്രഖ്യാപിച്ചതോടെ പ്രതിഷേധങ്ങള്‍ ഉയരുകയാണ്. എന്നാല്‍ സര്‍ക്കാര്‍ ഇതിനോട് പ്രതികരിക്കുന്നില്ലെന്നാണ് ഏറ്റവും വലിയ കൗതുകം. കോഴികള്‍ക്ക് തൂക്കം വയ്ക്കാന്‍ തീറ്റ കിട്ടാനില്ലാത്ത സാഹചര്യത്തിലാണ് ഈ നീക്കത്തിലെത്തിയതെന്നാണ് സൂചന. ഇത് ചെയ്തില്ലെങ്കില്‍ പോള്‍ട്ടറി ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ വലിയ നഷ്ടത്തിലേക്ക് പോകുമെന്നാണ് വിലയിരുത്തല്‍. ഇതോടെ ശുദ്ധമായ ചിക്കന്‍ എന്ന ടാഗ് ലൈനും കെപ്‌കോയ്ക്ക് ഉപേക്ഷിക്കേണ്ടി വരും. ജൈവ ചിക്കനെന്ന വാഗ്ദാനവുമായി വിപണി വിലയെക്കാള്‍ കുറച്ച് കൂടുതല്‍ വിലയ്ക്കാണ് കെപ്‌കോ ഇറച്ചി കോഴി വില്‍ക്കുന്നത്. എന്നാല്‍ തീറ്റ കിട്ടാതായതോടെ പ്രതിസന്ധി രൂക്ഷമായി. ഈ സാഹചര്യത്തിലാണ് തമിഴ്‌നാട് മാതൃകയില്‍ ഹോര്‍മോണ്‍ ചിക്കനിലേക്ക് കെപ്‌കോ വഴി മാറുന്നത്.
സംസ്ഥാനത്ത് നടക്കുന്ന കോഴിക്കച്ചവടത്തില്‍ കെപ്കോയുടെ പങ്ക് നാമമാത്രമാണ്. കോഴി ഉല്‍പാദനം വര്‍ധിപ്പിക്കുന്നതിനായി സഹായം കിട്ടുന്നില്ലെന്നും കെപ്കോ പരാതിപ്പെട്ടിരുന്നു. കെപ്‌കോ പരിമിതികളില്‍ വീര്‍പ്പ് മുട്ടുകയാണ്. തൊഴിലാളികളെ നിലനിര്‍ത്തുന്നത് നഷ്ടം സഹിച്ചാണ്. കെപ്കോ കോഴി വില്‍ക്കുന്നത് 95 രൂപയ്ക്കാണ്. ഇത് സര്‍ക്കാരിന്റെ നയം നടപ്പിലാക്കാന്‍ വേണ്ടി നഷ്ടം സഹിച്ചാണെന്നും വിശദീകരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കെപ്‌കോയുടെ പുതിയ നീക്കം. പോള്‍ട്ടറി ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷനെ നയിക്കുന്നത് സിപിഐയാണ്. ചിഞ്ചു റാണിയാണ് ചെയര്‍മാന്‍. ചിഞ്ചു റാണിയും സിപിഎം നേതാക്കളുമായി ഏറെ വിവാദങ്ങള്‍ ഉണ്ടായിരുന്നു. ഇതുകൊണ്ട് തന്നെ പോള്‍ട്ടറി കോര്‍പ്പറേഷന് സഹായവും കുറഞ്ഞു. ഇതും പ്രതിസന്ധിക്ക് കാരണമായതായി സൂചനയുണ്ട്.
വീടുകളില്‍ കോഴികളെ വളര്‍ത്തുന്ന പഴയ സംസ്‌കാരം വീണ്ടെടുക്കണമെന്നും വ്യാവസായികാടിസ്ഥാനത്തില്‍ വളര്‍ത്തുന്ന കോഴികളില്‍ ആരോഗ്യത്തിന് ഹാനികരമാകുന്ന ഹോര്‍മോണ്‍ കുത്തിവയ്ക്കുന്നില്ലെന്ന് മൃഗസംരക്ഷണ വകുപ്പ് ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് കെപ്‌കോയുടെ തീരുമാനമെന്നതും ശ്രദ്ധേയമാണ്. ഹോര്‍മോണുകള്‍ കുത്തിവച്ച് കോഴികളുടെ വളര്‍ച്ചയും തൂക്കവും വര്‍ധിപ്പിച്ചാല്‍ അത് വില്‍പനക്ക് സഹായകരമാണ്. എന്നാല്‍ അത് കഴിക്കുന്നവരുടെ ആരോഗ്യത്തിന് പ്രയാസമുണ്ടാക്കുന്നു. അധിക ഹോര്‍മോണുകള്‍ ശരീരത്തില്‍ എത്തുന്നതിനാല്‍ ശിശു ആയിരിക്കുമ്പോള്‍ത്തന്നെ പെണ്‍കുഞ്ഞുങ്ങളില്‍ ശാരീരിക മാറ്റം ഉണ്ടാകുന്നു. ഇത് തിരിച്ചറിഞ്ഞാണ് കെപ്‌കോയിലൂടെ നല്ല ഇറച്ചി കോഴികളെ എത്തിക്കാന്‍ സര്‍ക്കാര്‍ സംവിധാനം ഏര്‍പ്പെടുത്തിയത്.
ഹോര്‍മോണ്‍ ഉപയോഗിച്ച് ഭാരം കൂടിയ ചിക്കന്‍ ഉല്‍പ്പാദിപ്പിക്കാനാണ് നീക്കം. എന്ത് ഭക്ഷണം കൊടുത്താലും കോഴിക്ക് ഭാരം വേണമെന്ന് കെപ്കോക്ക് നിര്‍ദ്ദേശം. എന്നാല്‍ കെപ്കോ യുടെ പ്രവര്‍ത്തനരീതി മാറ്റിയെന്നല്ലാതെ മറ്റൊന്നും സംഭവിച്ചിട്ടില്ലെന്ന് മൃഗസംരക്ഷ വകുപ്പ് അസി.ഡയറക്ടര്‍ ഡോ. ഷൈന്‍ പറഞ്ഞു. തീറ്റ കി്ട്ടാത്തതാണ് ഇപ്പോള്‍ നേരിടുന്ന പ്രതിസന്ധിയെന്നും അദ്ദേഹം പറഞ്ഞു. കെപ്കോ ലാഭം ഉദ്ദേശിച്ച് നീങ്ങുമ്പോള്‍ കര്‍ഷകര്‍ കോഴികള്‍ക്ക് ഭാരം ഉണ്ടാക്കാന്‍ എന്ത് വഴിയും സ്വീകരിക്കുമെന്ന ആശങ്കയും സജീവമാണ്.
സംസ്ഥാനത്തേക്കെത്തുന്ന ഇറച്ചിക്കോഴികളില്‍ തൂക്കം വര്‍ധിപ്പിക്കാന്‍ വിവിധ തരം ഹോര്‍മോണുകള്‍ കുത്തിവയ്ക്കുന്നു എന്നാണ് കണ്ടെത്തലുകള്‍. ചുരുങ്ങിയ കാലയളവില്‍ തന്നെ കോഴിക്കുഞ്ഞുങ്ങളുടെ തടിയും തൂക്കവും പതിന്മടങ്ങ് വര്‍ധിപ്പിക്കാന്‍ വേണ്ടിയാണ് ഈസ്ട്രജനടക്കമുള്ള ഹോര്‍മോണുകള്‍ കോഴികളില്‍ കുത്തിവയ്ക്കുന്നത്. കോഴിക്കുഞ്ഞു വിരിഞ്ഞു പതിനാലാം ദിവസം ഇവയുടെ തൊലിക്കടിയില്‍ ഇഞ്ചക്ഷന്‍ കൊടുക്കും. കാളയുടെ കൊഴുപ്പ്, ഇന്‍സ്ട്രജന്‍ ഹോര്‍മോണ്‍, കെമിക്കല്‍ സ്റ്റെബിലൈസറുകള്‍ എന്നിവ അടങ്ങിയ ഇന്‍ജക്ഷന്‍ നല്‍കുമ്പോള്‍ രണ്ടാഴ്ച കൊണ്ട് ഇറച്ചികോഴി കുഞ്ഞുങ്ങള്‍ ബലൂണ്‍ പോലെ വീര്‍ക്കും. ഇതിനു നടക്കാനോ പറക്കാനോ പോലും കഴിയില്ല. ഇക്കാരണത്താല്‍ ഇരുപതു മുതല്‍ മുപ്പതു ദിവസം വരെ പ്രായമുള്ള കോഴികള്‍ക്ക് രണ്ടര മുതല്‍ മൂന്നര കിലോ വരെ തൂക്കം വരും. ഒരു മാസത്തിനകം ഇത്തരം കോഴികളെ ഉപഭോക്താക്കളുടെ കൈകളിലെത്തിക്കും. കാരണം നാല്‍പ്പത്തഞ്ചു ദിവസം കഴിഞ്ഞാല്‍ ഇന്‍ഞ്ചക്ഷന്റെ വീര്യം കുറഞ്ഞു കോഴി ചത്തുപോകും. ഇറച്ചിക്കോഴികളുടെ തൂക്കം കൂട്ടുന്നതിനും തടിവയ്ക്കുന്നതിനുമായി വിവിധതരം ഹോര്‍മോണുകള്‍ കുത്തിവയ്ക്കുന്നതായി സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍വയണ്‍മെന്റ് അടുത്തിടെ നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു. നല്ല കോഴിയിറച്ചി കഴിക്കാമെന്ന മലയാളികളുടെ മോഹത്തിന് പുതുവര്‍ഷത്തിലേറ്റ തിരിച്ചടിയാണ് കെപ്കോയുടെ ഈ തീരുമാനം.

Related posts