പെരിയയിലെ ഇരട്ടക്കൊലപാതകം: മുഖ്യ ആസൂത്രകന്‍ പിടിയില്‍

കാസര്‍കോട്: പെരിയയില്‍ രണ്ടു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ സംഭവത്തില്‍ മുഖ്യ ആസൂത്രകനെന്നു സംശയിക്കുന്ന സിപിഎം ലോക്കല്‍ കമ്മറ്റിയംഗം പീതാംബരന്‍ കസ്റ്റഡിയില്‍. സിപിഎം അനുഭാവികളായ മുരളി, സജീവന്‍, ദാസന്‍ എന്നിവരടക്കം ഏഴു പേരെ ചോദ്യം ചെയ്യുകയാണ്. സിപിഎം അനുഭാവിയായ ഒരാളെ കൂടി കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളുടെ കാര്‍ പാക്കം വെളുത്തോളിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. കൊല്ലപ്പെട്ടവര്‍ക്കെതിരെ മുന്‍പു സമൂഹമാധ്യമങ്ങള്‍ വഴി വധഭീഷണി മുഴക്കിയ കോളജ് വിദ്യാര്‍ഥി ഉള്‍പ്പെടെ രണ്ടു സിപിഎം പ്രവര്‍ത്തകരെ പൊലീസ് ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു. ഇവരില്‍ അധികവും സിപിഎം അനുഭാവികളാണ്. പ്രദേശത്തെ സിപിഎം പ്രവര്‍ത്തകര്‍ക്കു കൊല്ലപ്പെട്ട യുവാക്കളോടു മുന്‍വൈരാഗ്യമുണ്ടായിരുന്നുവെന്ന് എഫ്‌ഐആറില്‍ പറയുന്നു. വീടുകളില്‍ നിന്നു മാറിനില്‍ക്കുന്ന ചില സിപിഎം നേതാക്കളുടെ പങ്ക് അന്വേഷിക്കുന്നുണ്ട്. അതേസമയം, ഇന്ന് പെരിയയിലെത്താനിരുന്ന എല്‍ഡിഎഫ് നേതാക്കളുടെ സന്ദര്‍ശനം റദ്ദാക്കി. പ്രദേശത്ത് പ്രതിഷേധമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് തീരുമാനം

അതേസമയം, ശരത്തിനെയും കൃപേഷിനെയും സിപിഎം നേതാവ് കൊലയാളി സംഘമെന്ന് സംശയിക്കുന്നുവര്‍ക്ക് കാണിച്ചുകൊടുത്തുവെന്നു മൊഴിയുണ്ട്. കൊല്ലിയോട് ക്ഷേത്രത്തിലെത്തില്‍ കണ്ണൂര്‍ റജിസ്‌ട്രേഷന്‍ നമ്പറുള്ള രണ്ട് ജീപ്പുകള്‍ എത്തിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ജീപ്പുകള്‍ കണ്ടെത്താന്‍ മംഗലാപുരം, കണ്ണൂര്‍ റൂട്ടുകള്‍ സിസിടിവി ക്യാമറകള്‍ പരിശോധിച്ചു തുടങ്ങി. കൊലയാളി സംഘത്തിന് രക്ഷപെടാന്‍ കൃത്യമായ വഴിയടക്കമുള്ള നിര്‍ദേശങ്ങള്‍ ലഭിച്ചിരുന്നു. പെരിയ, കൊല്ലിയോട് മേഖലകളിലെ മൊബൈല്‍ ടവറുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുന്നു. സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ് പൊലീസ്. കൃത്യത്തിന് ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്താനായി സംഭവസ്ഥലത്തിനു സമീപമുള്ള പ്രദേശങ്ങളില്‍ കാട് വെട്ടിത്തെളിച്ച് കൂടുതല്‍ തിരച്ചില്‍ നടത്തും. കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

കൃപേഷിനേയും ശരത്‌ലാലിനേയും ആക്രമിച്ച സ്ഥലത്തു നിന്ന് ഒരു വടിവാളിന്റെ പിടി പൊലീസിന് ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ആയുധം കൃത്യം നടന്നതിനു സമീപമുള്ള പറമ്പുകളില്‍ എവിടെയെങ്കിലും ഉപേക്ഷിച്ചിട്ടുണ്ടാകാം എന്ന സംശയം അന്വേഷണ സംഘത്തിനുണ്ടായത്. പ്രദേശത്തെ കുറ്റിക്കാടുകളിലടക്കം മെറ്റല്‍ ഡിക്‌റ്റെക്റ്റര്‍ ഉള്‍പ്പെടെ ഉപയോഗിച്ച് പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇതോടെ കാടുമൂടിക്കിടക്കുന്ന പ്രദേശങ്ങള്‍ വെട്ടിത്തെളിച്ച് കൂടുതല്‍ പരിശോധന നടത്താനാണ് അന്വേഷണ സംഘത്തിന്റെ ആലോചന. ഇതോടൊപ്പം കൃത്യം നടക്കുന്ന സമയത്ത്പ്രദേശത്തെ വിവിധ ടവറുകളുടെ പരിധിയില്‍ നിന്നുണ്ടായ ഫോണ്‍ വിളികളും പൊലീസ് വിശദമായി പരിശോധിക്കും. നിലവില്‍ രണ്ടു ഡിവൈഎസ്പിമാരും നാലു സിഐമാരും ജില്ലാ പൊലീസ് മേധാവിയുടെ സ്‌ക്വാഡ് അംഗങ്ങളും ഉള്‍പ്പെട്ട പ്രത്യേക അന്വേഷണ സംഘമാണ് സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നത്. ആവശ്യമെങ്കില്‍ അന്വേഷണ സംഘം വിപുലീകരിക്കാനും പദ്ധതിയുണ്ട്. രണ്ടു ദിവസത്തിനകം പ്രതികള്‍ വലയിലാകുമെന്ന ആത്മവിശ്വാസമാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ പ്രകടിപ്പിക്കുന്നത്. അതേസമയം പ്രതികളെ ഉടന്‍ പിടികൂടുന്നില്ലെങ്കില്‍ കേസ് സിബിഐക്ക് വിടണമെന്നാണ് യൂത്ത് കോണ്‍ഗ്രസിന്റെ ആവശ്യം.


കൂടുതല്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ 8921009305 എന്ന നമ്പറിലേക്ക് ‘add’ എന്ന് സന്ദേശം അയക്കു…

share this post on...

Related posts