കര്‍ക്കിടകം കടന്നെത്തി; രാമായണപാരായണവും


ഇന്ന് കര്‍ക്കിടകം ഒന്ന്. – വറുതിപിടിമുറുക്കുന്ന ആടി മാസം – ഹൈന്ദവരെ സംബന്ധിച്ച് ഇത് പുണ്യമാസമാണ്. പൊതുവേ കേരളീയരാണ് കര്‍ക്കിടക മാസത്തെ വളരെ ശ്രദ്ധയോടുകൂടി ആചരിക്കുന്നത്. ഈ മാസത്തെ രാമായണ മാസമായി ആചരിക്കുന്നു. ഇടമുറിയാതെ മഴ പെയ്യുന്ന കര്‍ക്കിടക മാസം പൊതുവെ ആധ്യാത്മിക ചിന്തക്കുള്ള കാലഘട്ടമാണ്. കര്‍ക്കിടകത്തെ രാമായണ മാസമായി ആചരിക്കുന്നതിന് പിന്നില്‍ നിരവധി ശാസ്ത്രീയ സത്യങ്ങളുണ്ട്. സൂര്യന്‍ ദക്ഷിണായന രാശിയില്‍ സഞ്ചരിക്കുന്നത് കൊണ്ടുള്ള ദോഷങ്ങള്‍ ഇല്ലാതാക്കുക എന്നതാണ് ഒരു കാര്യം. ദക്ഷിണായനം ദേവന്മാരുടെ രാശിയാണ്. ആധ്യാതിമകമായ അര്‍ത്ഥത്തില്‍ ദേവന്‍ എന്നുള്ളത് ജീവജാലങ്ങളിലെ ചൈതന്യമാണ്. ദേവന്മാര്‍ ദക്ഷിണായനത്തില്‍ നിദ്ര കൊള്ളുന്നു എന്നതുകൊണ്ട് ജീവജാലങ്ങളിലെ ചൈതന്യത്തിന് ലോപം സംഭവിക്കുന്നു. രണ്ടാമതായി ജലരാശിയായ കര്‍ക്കിടകത്തില്‍ സൂര്യന്‍ സഞ്ചരിക്കുന്നത് കൊണ്ട് സൂര്യന് ഹാനി സംഭവിക്കുന്നു. സുര്യന് സംഭവിക്കുന്ന ഈ ബലക്ഷയം ജീവജാലങ്ങളെയെല്ലാം ബാധിക്കുന്നു. ഇതിന് പരിഹാരമായാണ് രാമായണ പരായാണം വിധിച്ചിരിക്കുന്നത്. കര്‍ക്കിടകം ഒന്നു മുതല്‍ രാമായണം വായന തുടങ്ങി അവസാനിക്കുമ്പോഴേക്കും തീര്‍ക്കണമെന്നാണ് സങ്കല്‍പ്പം. പഴയകാലത്ത് കര്‍ക്കിടകത്തിലെ ആദ്യത്തെ ആഴ്ച കൊണ്ടുതന്നെ രാമായണം പൂര്‍ണ്ണമായും പാരായണം ചെയ്തിരുന്നു. ഇതിന് സാധിക്കാത്തവര്‍ ഒരു മാസം കൊണ്ടു തന്നെ പാരായണം പൂര്‍ത്തിയാക്കിയിരിക്കണം. ഭാരതത്തിന്റെ സംഭാവനയായ രണ്ട് ഇതിഹാസങ്ങളില്‍ ഒന്നാണ് രാമായണം .രാമന്റെ യാത്ര എന്നാണ് രാമായണത്തിനര്‍ത്ഥം. വാല്മീകി മഹര്‍ഷി രചിച്ച രാമായണം കാവ്യരൂപത്തിലുള്ള ആദ്യ കൃതിയാണ് എന്ന് വിശ്വസിക്കപ്പെടുന്നു.അതുകൊണ്ട് ഇത് ആദിമകാവ്യം എന്നും അറിയപ്പെടുന്നു. ധാര്‍മ്മികമൂല്യങ്ങളെ മുറുകെ പിടിക്കാനായി മഹത്തായ സിംഹാസനം വരെ ഉപേക്ഷിച്ച രാമനേയും ഭരതനേയും പോലുള്ള മനുഷ്യരുടെ കഥയിലൂടെ മഹത്തരമായ ധര്‍മ്മസംരക്ഷണത്തെക്കുറിച്ചുള്ള സന്ദേശമാണ് വാല്‍മീകീ രാമായണത്തില്‍ നിന്ന് ലഭിക്കുന്നത്. മിഥുനമാസത്തിന്റെ അവസാനത്തിലാണ് കര്‍ക്കടക സംക്രാന്തി ആചരിക്കുന്നത്. നമ്മുടെ വീടുകളിലെ മാറാലയും പൊടിയും എല്ലാം അടിച്ചുവാരി വൃത്തിയാക്കി ചേട്ടയെ പുറത്താക്കി, ശ്രീ ഭഗവതിയെ അകത്ത് പ്രതിഷ്ഠിക്കുന്നു. ഈ ആചാരം എല്ലാ ഗൃഹങ്ങളിലും .മുഖമുദ്രയാണ്. തുടര്‍ന്ന് നടത്തുന്ന ഭക്തിപാരായണമാണ് രാമായണ വായന. ഇങ്ങനെ പുണ്യ മാസത്തെ വരവേല്‍ക്കാന്‍ ഹൈന്ദവര്‍ ഒരുങ്ങി തുടങ്ങി.

share this post on...

Related posts