കലാഭവന്‍ മണിയുടെ മരണം: ഏഴ് പേരെ സിബിഐ നുണപരിശോധനയ്ക്കു വിധേയരാക്കും

കൊച്ചി: നടന്‍ കലാഭവന്‍ മണിയുടെ സംശയകരമായ മരണവുമായി ബന്ധപ്പെട്ട് 7 പേരെ സിബിഐ നുണപരിശോധനയ്ക്കു വിധേയരാക്കും. മണിയുടെ സുഹൃത്തുക്കളായ നടന്‍ ജാഫര്‍ ഇടുക്കി, ജോബി സെബാസ്റ്റ്യന്‍, സാബുമോന്‍, സി.എ. അരുണ്‍, എം.ജി. വിപിന്‍, കെ.സി. മുരുകന്‍, അനില്‍കുമാര്‍ എന്നിവരെയാണു നുണ പരിശോധനയ്ക്കു വിധേയരാക്കുക. കേസന്വേഷണത്തിന്റെ മേല്‍നോട്ട ചുമതലയുള്ള എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ ഇവര്‍ 7 പേരും ഇന്നലെ നേരിട്ടു ഹാജരായി നുണ പരിശോധനയ്ക്കുള്ള സമ്മതം അറിയിച്ചു. നേരത്തേ സമ്മതപത്രം എഴുതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പരിശോധനയ്ക്കു കോടതിയുടെ അനുമതി തേടുകയായിരുന്നു. വിവരങ്ങള്‍ പറഞ്ഞുകൊടുത്ത ശേഷം നുണപരിശോധനയ്ക്കു സമ്മതമാണോ എന്നു കോടതി 7 പേരോടും ആരാഞ്ഞു. ഇവര്‍ സമ്മതം അറിയിച്ചതോടെ സിബിഐയുടെ അപേക്ഷയില്‍ കോടതി ഈ മാസം 12 നു വിധി പറയും.

കലാഭവന്‍ മണിയെ 2016 മാര്‍ച്ച് 5നാണ് വീടിനു സമീപത്തെ ഒഴിവുകാല വസതിയായ ‘പാഡി’യില്‍ രക്തം ഛര്‍ദിച്ച് അവശനിലയില്‍ കണ്ടെത്തിയത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും പിറ്റേന്നു മരിച്ചു. വിഷമദ്യം ഉള്ളിലെത്തിയാണു മണി മരിച്ചതെന്ന ആരോപണം അന്നു മുതലുണ്ട്. ഇതെ തുടര്‍ന്നു മണിയുമായി അടുപ്പം പുലര്‍ത്തിയ പലരെയും ലോക്കല്‍ പൊലീസും പിന്നീടു സിബിഐയും ചോദ്യം ചെയ്തിരുന്നു. കേസന്വേഷണം അവസാനിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് നുണപരിശോധന.


കൂടുതല്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ 8921009305 എന്ന നമ്പറിലേക്ക് ‘add’ എന്ന് സന്ദേശം അയക്കു…

share this post on...

Related posts