നടൻ സൂര്യയ്‌ക്കെതിരെ ജസ്റ്റിസ് എസ് എം സുബ്രഹ്മണ്യം

തമിഴ് നടൻ സൂര്യയ്ക്കെതിരെ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ടുകൊണ്ട് മദ്രാസ് ഹൈക്കോടതി ജസ്റ്റിസ് എസ്.എം സുബ്രഹ്മണ്യം രംഗത്ത്. ഈ വിഷയത്തിൽ സൂര്യയ്‍ക്കെതിരെ കേസെടുക്കണമെന്ന ആവശ്യവും മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് എ പി സാഹിക്ക് അയച്ച കത്തിൽ സുബ്രഹ്മണ്യം ഉന്നയിച്ചിട്ടുണ്ട്. സ്വന്തം ജീവനില്‍ ഭയമുള്ളതുകൊണ്ട് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ നീതി നടപ്പാക്കുകയാണ് കോടതികള്‍, കൊവിഡ് മഹാമാരിയുടെ സമയത്താണ് അവര്‍ ഭയമില്ലാതെ നീറ്റ് പരീക്ഷയ്ക്ക് ഹാജരാകാന്‍ വിദ്യാര്‍ഥികളോട് നിര്‍ദ്ദേശിക്കുന്നത് എന്ന് കഴിഞ്ഞ ദിവസം സൂര്യ അഭിപ്രായപ്പെട്ടിരുന്നു. നടൻ സൂര്യയുടെ ഈ പ്രസ്‌താവന കോടതിയലക്ഷ്യമാണെന്നാണ് സുബ്രഹ്മണ്യം കത്തിൽ വ്യക്തമാക്കിയിരിക്കുന്നത്. അതായത്, കൊവി‍ഡ് മഹാമാരിയിൽ ലോകം മുഴുവൻ ഭയപ്പെടുന്ന ഈ സമയത്ത് വിദ്യാർഥികൾ തങ്ങളുടെ യോഗ്യത തെളിയിക്കുന്നതിനായി പരീക്ഷ എഴുതേണ്ടി വരുന്നതിനെ ശക്തമായി എതിർക്കുകയാണ് നടൻ സൂര്യ.

സർക്കാർ എല്ലാവർക്കും തുല്യ അവകാശങ്ങൾ ഉറപ്പാക്കേണ്ടതുണ്ട്. പാവപ്പെട്ട കുട്ടികൾ ഈ സമയങ്ങളിൽ അനുഭവിക്കുന്ന ദുരിതങ്ങൾ മനസ്സിലാക്കാതെയാണ് ഇവിടെ വിദ്യാഭ്യാസ നയങ്ങൾ രൂപീകരിച്ചിരിക്കുന്നത്. ഇങ്ങനെയാണ് നടൻ സൂര്യ ട്വിറ്ററിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കിയിരുന്നത്. എന്നാൽ സൂര്യയുടെ ഈ പ്രസ്‌താവന കോടതിയെ അവഹേളിക്കുന്നതിന് തുല്യമാണെന്നും, താരങ്ങളായവര്‍ ഇത്തരത്തിൽ പ്രസ്താവനുകളുമായി വരുന്നത് ജനങ്ങൾക്ക് കോടതിയിലുള്ള വിശ്വാസം നഷ്ടപ്പെടാൻ ഇടയാക്കുമെന്നും ജഡ്ജി പറയുന്നു.

അതായത് രാഷ്ട്രത്തിന്‍റെ തന്നെ നീതിന്യായ വ്യവസ്ഥയെ താഴ്ത്തിക്കെട്ടുന്നതാണിത്, എസ് എം സുബ്രഹ്മണ്യം കത്തിൽ ആരോപിച്ചിരിക്കുന്നു. അതേസമയം നീറ്റ് പരീക്ഷയുടെ പേരിൽ വിദ്യാര്‍ഥികള്‍ അനുഭവിക്കുന്ന സമ്മർദ്ദവും ഇതേ തുടര്‍ന്നവര്‍ ജീവനൊടുക്കേണ്ടി വരുന്നതിലെ രോഷവുമാണ് നടൻ പ്രകടിപ്പിച്ചതെന്നും ഈ നടപടിയിൽ നിന്ന് ഒഴിവാക്കുന്നതാണ് നല്ലതെന്നും ചില മുൻ ജ‍ഡ്ജിമാർ അഭിപ്രായപ്പെട്ടിട്ടുമുണ്ട്. മാത്രമല്ല ഇതോടെ സൂര്യയ്ക്ക് പിന്തുണയുമായി #TNStandWithSuriya എന്ന ഹാഷ്ടാഗ് ക്യാംപയിനുമായി ആരാധകര്‍ സോഷ്യൽമീഡിയയിൽ എത്തിയിട്ടുമുണ്ട്. ഞായറാഴ്ച നടന്ന പരീക്ഷ എഴുതാൻ സാധിക്കാതെ അതിൽ മനംനൊന്ത് തമിഴ്നാട്ടിൽ 3 വിദ്യാർഥികൾ ആത്മഹത്യ ചെയ്തിരുന്നതോടെയാണ് ഇത്തരം സംഭവങ്ങൾക്ക് തുടക്കം കുറിച്ചത്. ഇപ്പോൾ താരത്തിനെതിരെ കോടതിയലക്ഷ്യ നടപടി ആവശ്യം ഉന്നയിച്ചിരിക്കുന്ന ജഡ്ജി സുബ്രഹ്മണ്യത്തിനെതിരെ സൂര്യയുടെ ആരാധകർ രംഗത്തെത്തിയിരിക്കുകയാണ്.

Related posts