ജോഷിയും സുരേഷ് ഗോപിയും ഏഴ് വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്നു!

ലേലം, പത്രം, വാഴുന്നോർ, ഭൂപതി തുടങ്ങിയ സിനിമകളെല്ലാം സിനിമാ പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ചവയാണ്. ഒപ്പം നടൻ സുരേഷ് ഗോപിയും സംവിധായകൻ ജോഷിയും ഒരുമിച്ച സിനിമകളെല്ലാം തന്നെയും മാസ് ആൻഡ് ക്ലാസ് സിനിമകളാണ്. ജോഷി സുരേഷ് ഗോപിക്ക് നൽകിയിട്ടുള്ളത് ചാക്കോച്ചി, കുട്ടപ്പായി തുടങ്ങിയ ഇടിവെട്ട് വേഷങ്ങളാണ്. ഇപ്പോഴിതാ ഏഴ് വർ‍ഷങ്ങൾക്ക് ശേഷം ഇരുവരും വീണ്ടും പുതിയ സിനിമയ്ക്കായി ഒരുമിക്കുകയാണ്.

കാത്തിരുപ്പുകൾക്ക് വിരാമമിട്ടു കൊണ്ട് സൂപ്പർ ഹിറ്റ് സംവിധായകൻ ജോഷിയുടെ പുതിയ സിനിമയുടെ പ്രഖ്യാനം ഫെബ്രുവരി 15ന് രാവിലെ 11.05 ന് നടക്കുകയാണ്. ഹിറ്റ് ചിത്രം പൊറിഞ്ചു മറിയം ജോസ് എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷമെത്തുന്ന ജോഷി ചിത്രമായതിനാൽ തന്നെ ആരാധക‍ർ ഏറെ പ്രതീക്ഷയിലാണ്. അതിനിടയിലാണ് ആ സർപ്രൈസിനെ കുറിച്ച് സുരേഷ് ഗോപി വാചാലനായിരിക്കുന്നത്. മാസ്റ്റർ ക്രാഫ്റ്റ്സ്മാൻ ജോഷി സാറിനൊപ്പം വീണ്ടും ഒരുമിക്കുന്ന സന്തോഷം ഏറെയാണ്, എസ് ജി 252 നെ കുറിച്ച് സുരേഷ് ഗോപി സോഷ്യൽമീഡിയയിൽ കുറിച്ചിരിക്കുന്നത് ഇങ്ങനെയാണ്. ആനക്കാട്ടിൽ ചാക്കൊച്ചി, നരിമാൻ, കുട്ടപ്പായി, ആൻറണി പുന്നക്കാടൻ, ജോസഫ് വടക്കൻ തുടങ്ങി നിരവധി തീപാറുന്ന വേഷങ്ങൾ സുരേഷ് ഗോപിക്ക് നൽകിയ ആളാണ് ജോഷി.

ടോമിച്ചൻ മുളകുപാടത്തോടൊപ്പം ഒന്നിച്ച ഒറ്റക്കൊമ്പൻ, നിതിൻ രഞ്ജി പണിക്കരോടൊപ്പം ഒരുമിച്ച കാവൽ തുടങ്ങിയ സിനിമകളാണ് സുരേഷ് ഗോപിയുടേതായി ഉടൻ പുറത്തിറങ്ങാനിരിക്കുന്നത്. സുരേഷ് ഗോപിയുടെ 252-ാം ചിത്രമായൊരുങ്ങുന്ന സിനിമയിൽ ആർ.ജെ ഷാൻ, ജേക്ക്സ് ബിജോയ്, അജയ് ഡേവിഡ് കാച്ചപ്പിള്ളി, ഡേവിഡ് കാച്ചപ്പിള്ളി തുടങ്ങിയവരുൾപ്പെടെയുള്ളവരുടെ ടീമാണ് ജോഷിയോടൊപ്പമുള്ളത്.

പൊറിഞ്ചു മറിയം ജോസിന് ക്യാമറ ചലിപ്പിച്ചതും അജയ് ഡേവിഡ് കാച്ചപ്പിള്ളിയായിരുന്നു. മൂന്നാമിടം, ഫ്രീഡം അറ്റ് മിഡ്നൈറ്റ് തുടങ്ങിയ ഹ്രസ്വ ചിത്രങ്ങളുൊരുക്കുകയും കെയർ ഓഫ് സെയ്റ ബാനു എന്ന സിനിമയുടെ കഥയൊരുക്കുകയും ചെയ്ത റേഡിയോ ജോക്കി കൂടിയായ ഷാനാണ് സിനിമയുടെ കഥയൊരുക്കുന്നത്. ഷാൻ ഒരുക്കിയ ഫ്രീഡം അറ്റ് മിഡ്നൈറ്റ് അടുത്തിടെ ഏറെ ചർച്ചയായിരുന്നു.

Related posts