ഇന്ത്യയുടെ സംഘാടനം തീരെ മോശം; രൂക്ഷ വിമര്‍ശനങ്ങളുമായി ഫിഫ

javier-cippi759

javier-cippi759

ന്യൂഡല്‍ഹി: വിജയകരമായി നടത്തിയെന്ന് ഇന്ത്യ അവകാശപ്പെടുന്ന ഫിഫ അണ്ടര്‍ 17 ലോകകപ്പ് സംഘാടനത്തിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി അണ്ടര്‍ 17 ലോകകപ്പ് ഡയറക്ടര്‍ ഹവിയര്‍ സെപ്പി രംഗത്ത്. പല വേദികളിലും താരങ്ങള്‍ വസ്ത്രം മാറാനെത്തുന്ന സമയത്ത് ഡ്രസിങ് റൂമുകളില്‍ എലികള്‍ ഓടിക്കളിക്കുന്നത് താന്‍ കണ്ടെന്ന് സെപ്പി വ്യക്തമാക്കി. താരങ്ങളുടെയും ആരാധകരുടെയും കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധ പുലര്‍ത്താന്‍ സംഘാടകര്‍ക്ക് സാധിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു.

ഇന്ത്യയുടെ സംഘാടന സമിതി പല മേഖലയിലും ശ്രദ്ധ ചെലുത്തിയിട്ടില്ല. ആരാധകരുടെയോ താരങ്ങളുടെയോ ബുദ്ധിമുട്ട് പരിഗണിക്കാന്‍ പോലും ആര്‍ക്കും സമയമില്ലായിരുന്നു. പലയിടങ്ങളിലും എലികള്‍ ഓടിക്കളിക്കുന്ന സ്ഥലത്തൊക്കെയാണ് താരങ്ങള്‍ വസ്ത്രം മാറിയിരുന്നത്. ഫുട്‌ബോള്‍ വ്യവസായവുമായി ബന്ധപ്പെട്ടുള്ള അഞ്ചാമത് രാജ്യാന്തര കണ്‍വെന്‍ഷനില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാ അര്‍ത്ഥത്തിലും ടൂര്‍ണമെന്റ് വിജയകരമായിരുന്നുവെന്നാണ് ഇവിടെയുള്ളവര്‍ പറയുന്നത്. എന്നാല്‍, ഒരു ഫുട്‌ബോള്‍ ആരാധകനെന്ന നിലയില്‍ ഈ ടൂര്‍ണമെന്റ് ആരാധകരെ സംബന്ധിച്ചിടത്തോളം വിജയകരമായിരുന്നില്ല എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. അതാണ് സത്യം എന്നും സെപ്പി പറഞ്ഞു.

ഇതുവരെ നേരിട്ട് കണ്ടിട്ടില്ലാത്ത തരത്തിലുള്ള മല്‍സരങ്ങള്‍ക്ക് സാക്ഷികളാകാന്‍ സാധിച്ചതാണ് ഇവിടുത്തെ ആരാധകരെ സംബന്ധിച്ചിടത്തോളം ഈ ലോകകപ്പ് കൊണ്ടുണ്ടായ ഏക മെച്ചം. ഇവിടുത്തെ ഫുട്‌ബോള്‍ ലീഗുകള്‍ക്ക് അണ്ടര്‍ 17 ലോകകപ്പിന്റെ നിലവാരം പോലുമില്ലല്ലോയെന്നും സെപ്പി കൂട്ടിച്ചേര്‍ത്തു.

11ാം മണിക്കൂറില്‍ പോലും പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ഇന്ത്യയില്‍ ഇത്തരം ടൂര്‍ണമെന്റുകള്‍ സംഘടിപ്പിക്കുന്നത് ബുദ്ധിമുട്ടേറിയ കാര്യമാണെന്നും സെപ്പി ചൂണ്ടിക്കാട്ടി. ഇത്തരം ടൂര്‍ണമെന്റുകള്‍ക്കുള്ള ഒരുക്കം ഇന്ത്യയില്‍ അവസാന മിനിറ്റിലാണ് പൂര്‍ത്തിയാകുന്നതെന്നും സെപ്പി വിമര്‍ശിച്ചു.

Related posts