കൊച്ചിക്കു വേണ്ടത് ക്രിക്കറ്റോ ഫുട്‌ബോളോ ? സേവ് കൊച്ചി ടര്‍ഫ് – പ്രതിഷേധം ശക്തം

35_big
കൊച്ചി: ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് ഏകദിന മത്സരം കൊച്ചിയിലെ കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടത്താനുള്ള കേരള ക്രിക്കറ്റ് അസോസിയേഷന്റെ തീരുമാനത്തിനെതിരേ പ്രതിഷേധം ശക്തമാകുന്നു. അണ്ടര്‍ 17 ഫുട്‌ബോള്‍ ലോകകപ്പിനായി ഫിഫ നിഷ്‌കര്‍ശിച്ച രാജ്യാന്തര നിലവാരത്തിലുള്ള പുല്‍ത്തകിടി (ടര്‍ഫ്) തകര്‍ത്ത് ക്രിക്കറ്റ് പിച്ച് ഒരുക്കുന്നതിനെതിരേയാണ് വിമര്‍ശനങ്ങള്‍ ഉയരുന്നത്.സാമൂഹ്യ മാധ്യമങ്ങളില്‍ സേവ് കൊച്ചി ടര്‍ഫ് എന്ന കാന്പയിന്‍ ആരംഭിച്ചു കഴിഞ്ഞു. ഇന്ത്യയിലെ ഏറ്റവും മികച്ച ആരാധക കൂട്ടങ്ങളിലൊന്നായി വാഴ്ത്തപ്പെടുന്ന ഐഎസ്എല്‍ ടീം കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഫാന്‍സ് ഗ്രൂപ്പുകളില്‍ കെസിഎയുടെ നിലപാടിനെതിരേ വലിയ തോതില്‍ പ്രതിഷേധങ്ങള്‍ ഉയരുന്നുണ്ട്. മത്സരം കൊച്ചിയില്‍ നടത്തിയാല്‍ അതു ബഹിഷ്‌കരിക്കണമെന്ന ആഹ്വാനവും നടക്കുന്നു.
തിരുവനന്തപുരം സ്‌പോര്‍ട്‌സ് ഹബ്ബില്‍ അന്താരാഷ്ട്ര നിലവാരമുള്ള ക്രിക്കറ്റ് സ്റ്റേഡിയമുള്ളപ്പോള്‍ കൊച്ചി സ്റ്റേഡിയത്തെ ടര്‍ഫ് തകര്‍ത്ത് മത്സരം നടത്തണമെന്ന വാശി കെസിഎ വെടിയണമെന്ന് ആരാധകര്‍ പറയുന്നു. പല പ്രമുഖരും കൊച്ചിയില്‍ ക്രിക്കറ്റ് മത്സരം നടത്തുന്നതിനെതിരേ പരസ്യമായി രംഗത്തു വന്നിട്ടുണ്ട്. ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ആദ്യഘട്ടം മുതല്‍ കൊച്ചി സ്റ്റേഡിയത്തിനെ അടുത്തറിയാം.
അന്ന് ക്രിക്കറ്റ് മൈതാനമായിരുന്ന കലൂര്‍ സ്റ്റേഡിയത്തിനെ ആഴ്ച്ചകളോളം എടുത്താണ് ഫുട്‌ബോള്‍ മൈതാനമാക്കി പരുവപ്പെടുത്തിയത്. ഫിഫ അണ്ടര്‍ 17 ലോകകപ്പിനായി കോടികളും സ്റ്റേഡിയത്തില്‍ മുടക്കി കഴിഞ്ഞു. ഇനി അവയെല്ലാം നശിപ്പിക്കണ്ട ആവശ്യമുണ്ടൊയെന്നാണു ബ്ലാസ്റ്റേഴ്‌സിന്റെ സൂപ്പര്‍താരം ഇയാന്‍ ഹ്യൂം പ്രതികരിച്ചത്.
ഫിഫയുടെ അംഗീകാരം ലഭിച്ച ഇന്ത്യയിലെ ആറു മൈതാനങ്ങളില്‍ ഒന്നാണ് കൊച്ചിയിലേതെന്ന് സി.കെ. വിനീത് ട്വിറ്ററില്‍ കുറിച്ചു. ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് മത്സരം കൊച്ചിയില്‍ നടത്തുവാനുള്ള തീരുമാനം തെറ്റാണെന്നും അദ്ദേഹം പറയുന്നു.റിനോ ആന്റോ ഉള്‍പ്പെടെയുള്ള താരങ്ങളും കൊച്ചിയിലെ ക്രിക്കറ്റ് മല്‍സരത്തിനെതിരേ രംഗത്ത് വന്നുകഴിഞ്ഞു. ആരാധകര്‍ ആരംഭിച്ച സേവ് കൊച്ചി ടര്‍ഫ് കാന്പയിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് താരങ്ങളും രംഗത്ത് എത്തിയത്.
മത്സരം നടത്തുന്നത് സംബന്ധിച്ച് ജിസിഡിഎ ചെയര്‍മാനും കേരള ബ്ലാസ്റ്റേഴ്‌സ് ടീം മാനേജ്‌മെന്റുമായുള്ള ചര്‍ച്ച നാളെ നടക്കും. എന്നാല്‍, കഴിഞ്ഞ വട്ടം മത്സരം അനുവദിച്ചപ്പോള്‍ തിരുവനന്തപുരമായിരുന്നു വേദിയെന്നും അതുകൊണ്ട് ഇത്തവണ കൊച്ചിക്കാണ് അവസരമെന്നും കെസിഎ പ്രസിഡന്റ് റോങ്ക്‌ളിന്‍ ജോണ്‍ പറഞ്ഞു. ക്രിക്കറ്റും ഫുട്‌ബോളും തടസില്ലാതെ നടക്കണമെന്ന അഭിപ്രായമാണ് ജിസിഡിഎ ചെയര്‍മാന്‍ സി.എന്‍. മോഹനന്‍ മുന്നോട്ടുവച്ചത്.

share this post on...

Related posts