ഇന്റര്‍നെറ്റ് ഇല്ല; കശ്മീരികള്‍ക്ക് വാട്‌സാപ്പ് അക്കൗണ്ട് നഷ്ടമാവുന്നു

കേന്ദ്ര ഭരണ പ്രദേശമായ ജമ്മുകശ്മീരില്‍ നിന്നുള്ള ഉപയോക്താക്കളുടെ വാട്‌സാപ്പ് അക്കൗണ്ടുകള്‍ നഷ്ടമാവുന്നു. പ്രദേശത്ത് ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചതിന്റെ പരിണിതഫലമായാണ് കശ്മീരി ഉപയോക്താക്കളുടെ വാട്‌സാപ്പ് അക്കൗണ്ടുകള്‍ അപ്രത്യക്ഷമായത്. സുരക്ഷയ്ക്കും ഡേറ്റാ സംരക്ഷണത്തിനുമായി വാട്‌സാപ്പ് അക്കൗണ്ടുകള്‍ക്ക് 120 ദിവസം കാലാവധി നിശ്ചയിച്ചിട്ടുണ്ട്. അത്രയും നാള്‍ ഒരു വാട്‌സാപ്പ് അക്കൗണ്ട് പ്രവര്‍ത്തന രഹിതമായി തുടര്‍ന്നാല്‍ അത് നീക്കം ചെയ്യപ്പെടും. ആ ഉപയോക്താവ് അംഗമായ വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ നിന്നും പുറത്താവും.
എന്നാല്‍ ഇന്റര്‍നെറ്റ് ബന്ധം പുനസ്ഥാപിക്കപ്പെട്ടതിന് ശേഷം അതേ നമ്പറില്‍ വീണ്ടും അക്കൗണ്ടുകള്‍ തുടങ്ങാനും പുറത്തായ ഗ്രൂപ്പുകളില്‍ വീണ്ടും അംഗമാവാനും സാധിക്കും.
ഓഗസ്റ്റിലാണ് ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ഭരണ ഘടനയിലെ 370ാം വകുപ്പ് സര്‍ക്കാര്‍ ഒഴിവാക്കിയത്. സ്വയംഭരണാവകാശം എടുത്തുകളഞ്ഞ് സംസ്ഥാനത്തെ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളാക്കി മാറ്റി. വിഘടനവാദികളെ നിയന്ത്രിക്കുന്നതിനും പ്രദേശത്തെ സംഘര്‍ഷാവസ്ഥയില്‍ അയവ് വരുത്തുന്നതിനുമാണ് ഇവിടെ ഇന്റര്‍നെറ്റ് നിയന്ത്രണം കൊണ്ടുവന്നതെന്നാണ് സര്‍ക്കാര്‍ വിശദീകരണം.

share this post on...

Related posts