ചുരുളി’ ഷൂട്ട് കാണാൻ വന്നവർ ആ സീൻ വന്നതും ചിതറിയോടി: ജാഫർ ഇടുക്കി

അവകാശമുണ്ട്. അതുകൊണ്ട് ആരോടും പരാതിയില്ല’, ചുരുളിയെക്കുറിച്ചുള്ള ചർച്ചകൾക്ക് ചൂടുപിടിക്കുമ്പോൾ ചിത്രത്തിൽ സുപ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ജാഫർ ഇടുക്കി തന്റെ നിലപാട് വ്യക്തമാക്കുകയാണ്. ഇംഗ്ലീഷ് സിനിമകളില്‍ എത്രമാത്രം തെറിവാക്കുകള്‍ ഉപയോഗിക്കുന്നുണ്ട്. അത് കാണുന്നതില്‍ ആര്‍ക്കും ഒരു കുഴപ്പവുമില്ല. നമ്മുടെ ഭാഷ പച്ചക്ക് കേള്‍ക്കുമ്പോള്‍ ഉള്ള ഒരു പ്രശ്നം. വേറെ ഭാഷക്കാര്‍ക്ക് ഇതു ചെയ്യുമ്പോള്‍ ഒരു പ്രശ്നം ഉണ്ടാകില്ല. ഈ തെറിവാക്കുകള്‍ കണ്ടുപിടിച്ചതും മനുഷ്യരല്ലേ. ചുരുളി മറ്റൊരു ഗ്രഹമാണെന്ന് ചിന്തിച്ചാല്‍ മതി. അങ്ങനെ തന്നെയാണ് സിനിമയില്‍ പറയുന്നതും, ജാഫർ ഇടുക്കി വ്യക്തമാക്കി. മനോരമ ന്യൂസ് ഡോട് കോമിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് ജാഫർ ഇടുക്കിയുടെ തുറന്നു പറച്ചിൽ.

ഷാപ്പുകാരനായ കറിയാച്ചന്റെ കഥാപാത്രത്തെയാണ് ചുരുളിയിൽ ജാഫർ ഇടുക്കി അവതരിപ്പിച്ചത്. ഒന്നു പറഞ്ഞു രണ്ടാം വാക്കിന് തെറി പറയുന്ന നാട്ടിലെ ഏക കള്ളുഷാപ്പിന്റെ നടത്തിപ്പുകാരനാണ് കറിയാച്ചൻ. അതുകൊണ്ടു തന്നെ സിനിമയിൽ ഏറ്റവും കൂടുതൽ തെറി പറഞ്ഞതും ജാഫർ ഇടുക്കിയുടെ കറിയാച്ചൻ തന്നെ. എന്നാൽ, ആ സംഭാഷണങ്ങളൊന്നും സ്വയമായി പറഞ്ഞതല്ലെന്ന് ജാഫർ ഇടുക്കി.

‘സ്ക്രിപ്റ്റിലുള്ള കണ്ടന്റില്‍ നിന്ന് വലിയ മാറ്റമൊന്നും അഭിനയിക്കുമ്പോള്‍ ഡയലോഗിലൊന്നും ചേര്‍ക്കാറില്ല. വല്ല വാക്കും അറിയാതെ നമ്മുടെ വായീന്ന് ചാടിയാല്‍ പിന്നെ കട്ട് ചെയ്യാന്‍ പറ്റാതെ വന്നാല്‍ പണിയാകും. ചുരുളിയിലും അങ്ങനെ തന്നെ. എല്ലാം ലിജോ ജോസ് പറഞ്ഞു തന്നിരുന്നു. അദ്ദേഹത്തിന്റെ അടുത്ത് ചര്‍ച്ച ചെയ്ത് ഇതൂടെ ഇട്ടോട്ടെ എന്നൊക്കെ ചോദിക്കും. കാരണം മിക്ക ഡയലോഗുകളിലും ഇന്നര്‍ മീനിങ്ങ് വാക്കുകള്‍ കൂടുതല്‍ ഉള്ളൊരു പടമാ. എന്നുവെച്ച് സ്ക്രിപ്റ്റ് കാണാതെ പഠിച്ച് പറയുകയല്ല. കുറച്ചൊക്കെ കയ്യീന്ന് ഇടാറുണ്ട്,’ ജാഫർ ഇടുക്കി വെളിപ്പെടുത്തി.

ഷാപ്പിലെ കറിവെപ്പുകാരിയായിട്ട് വരുന്ന സ്ത്രീ യഥാർത്ഥത്തിൽ സിനിമയിൽ അഭിനയിക്കാൻ വന്ന ആളല്ലായിരുന്നെന്നും ജാഫർ ഇടുക്കി പറഞ്ഞു. ‘അതു ശരിക്കും ചെയ്യേണ്ടിയിരുന്നത് മറ്റൊരു നടിയാണ്. അവര്‍ മേക്കപ്പൊക്കെ ഇട്ട് പുരികം ഒക്കെ പറിച്ചാണ് വന്നത്. ആ കഥാപാത്രത്തിനട് ഒട്ടും യോജിക്കുന്നില്ല. അപ്പോള്‍ തന്നെ സംവിധായകന്‍ പറഞ്ഞു, ഇവിടുന്നൊരു ചേച്ചിയെ ഇങ്ങോട്ട് വിളിച്ചേ എന്ന്. അങ്ങനെ, ആ ഊരില്‍ തന്നെ താമസിക്കുന്ന ഒരു ചേച്ചി വന്നു. ഇതുപോലെയാണ് ഡയലോഗുകളൊക്കെ, കുറച്ച് തെറി ഒക്കെ പറയേണ്ടി വരും എന്നൊക്കെ അവരോടു പറഞ്ഞു. അവര്‍ കുഴപ്പമില്ല എന്ന് പറഞ്ഞു. ഫസ്റ്റ് ടേക്ക് തന്നെ ഓക്കെ ആക്കി ആ വേഷം ഗംഭീരമാക്കി,’ ജാഫർ ഇടുക്കി സെറ്റിലെ സംഭവങ്ങൾ ഓർത്തെടുത്തി.

ഡയലോഗുകളിൽ നിറയെ തെറി വാക്കുകൾ ആയതുകൊണ്ട് ഷൂട്ട് കാണാനെത്തിയവർ പകച്ചു പോയ സംഭവവും ജാഫർ ഇടുക്കി പങ്കുവച്ചു. ‘എന്റെ നാടിന്റെ അടുത്ത് കുളമാവ് എന്ന സ്ഥലത്തായിരുന്നു ഷൂട്ടിങ്. അവിടെ ഒരു ചെറിയ യു.പി സ്കൂളുണ്ട്. അപ്പോള്‍ അവിടെ ഉള്ള ഒരാള്‍ പറഞ്ഞു കുട്ടികള്‍ക്ക് ഷൂട്ടിങ് കാണണമെന്ന്. നമുക്ക് അവരോട് കാണാന്‍ വരാന്‍ പറ്റില്ല എന്നും പറയാന്‍ പറ്റില്ല. വന്നോളാന്‍ പറഞ്ഞു. ഒരു അക്രമ സീന്‍ ഷൂട്ട് നടന്നുകൊണ്ടിരുക്കുമ്പോഴാണ് അവര്‍ വന്നത്. ഷൂട്ട് തുടങ്ങിയതും ടീച്ചര്‍മാരും കുട്ടികളുമെല്ലാം നാലുഭാഗത്തേക്ക് ചിതറിയോടി. കാരണം അമ്മാതിരി ഡയലോഗുള്ള സീനായിരുന്നു അത്. ഇത് നടന്ന സംഭവമാണ്,’ ചിരിയോടെ ജാഫർ ഇടുക്കി പറഞ്ഞു.

‘ഞാന്‍ സൂപ്പര്‍ ആയീന്ന് കേള്‍ക്കുമ്പോള്‍ സന്തോഷമുണ്ട്. സിനിമയാണ്. നല്ലതും മോശവുമായ വിമര്‍ശനങ്ങള്‍ വരാം. എന്നെ സംബന്ധിച്ച് അതിലൊരു കുഴപ്പവുമില്ല. സിനിമയുടെ ഔട്ട് ഇറങ്ങി. ഇനി ഒന്നും ചെയ്യാന്‍ പറ്റില്ലല്ലോ,’ ജാഫർ ഇടുക്കി പറഞ്ഞു നിർത്തി.

Related posts