520 വനിതകള്‍ക്കൊപ്പം ഒരു മെഗാ മാര്‍ഗ്ഗം കളിക്ക് ഒരുങ്ങി മോഹന്‍ലാല്‍; ഒപ്പം സലിം കുമാറും, ഹരീഷ് കണാരനും

പ്രേക്ഷകര്‍ എല്ലാവരും ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹന്‍ലാല്‍ പ്രധാന വേഷത്തിലെത്തുന്ന ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ ഇന്നലെ മുതല്‍ വൈറലായിരുന്നു. ചട്ടയും മുണ്ടുമുടുത്ത് ലിപ്സ്റ്റിക് ഒക്കെ ഇട്ടുകൊണ്ട് മാര്‍ഗ്ഗം കളി കളിക്കുന്ന പോസില്‍ ഇട്ടിമാണിയായി ലാലേട്ടനെ നമ്മള്‍ കണ്ടു. ഇന്നിതാ ശരിക്കും ഒരു മെഗാ മാര്‍ഗ്ഗം കളിക്കൊരുങ്ങുകയാണ് ഇട്ടിമാണിയും സംഘവും. മാളയിലെ സെന്റ്. ആന്റണീസ് സ്‌കൂള്‍ ഗ്രൗണ്ടില്‍ മോഹന്‍ലാല്‍ 520 വനിതകള്‍ക്കൊപ്പം ഒരു മെഗാ മാര്‍ഗ്ഗം കളിക്ക് ചുവടുവയ്ക്കാനൊരുങ്ങുന്നു. കൂടെ ചുവട് വയ്ക്കാന്‍ സലിം കുമാറും, ഹരീഷ് കണാരനും, ബിഗ് ബോസ്സ് സുരേഷുമുണ്ട്. ഇട്ടിമാണിയുടെ ഷൂട്ടിംഗ് രംഗമായാണ് ഈ മെഗാ മാര്‍ഗ്ഗം കളി ചിത്രീകരിക്കുന്നത്.
മാള ഇടവക കുടുംബസമ്മേളന കേന്ദ്രസമിതിയുടെ ആഭിമുഖ്യത്തില്‍ അരങ്ങേറിയ മെഗാ മാര്‍ഗ്ഗം കളി ഓണ്‍ലൈനില്‍ കണ്ട് ഇഷ്ടപ്പെട്ട മാള സ്വദേശി കൂടിയായ സംവിധായകന്‍ ജിബി ഈ രംഗം സിനിമയിലേക്ക് എടുക്കാന്‍ താല്പര്യപ്പെടുകയായിരുന്നു. ഇതോടെ ആ 520 വനിതകളും സിനിമയില്‍ മുഖം കാണിക്കുന്നു എന്ന സവിശേഷതയുമുണ്ട്. 11 മുതല്‍ 18 വരെയുള്ള ദിവസങ്ങളില്‍ ഈ മാര്‍ഗ്ഗം കളിക്കായി ഡാന്‍സ് മാസ്റ്റര്‍ പ്രസന്ന പ്രത്യേക പരിശീലനം നല്‍കും. സൂപ്പര്‍താരം മോഹന്‍ലാലിന്റെ വരവോടെ മാള നിവാസികള്‍ ഏറെ ആവേശത്തിലാണ്.


ഇട്ടിമാണി ഒരു പക്കാ കോമഡി എന്റര്‍ടൈനര്‍ ആയിരിക്കും എന്നതിന് ഇതിലും വലിയ തെളിവില്ല. മാസ്സ് കഥാപാത്രങ്ങളില്‍ നിന്ന് കോമഡി കഥാപത്രത്തിലേക്ക് മോഹന്‍ലാലിന്റെ ട്രാന്‍സ്‌ഫോര്‍മേഷനാണ് ഇനി കാണാന്‍ പോകുന്നത്. ഇട്ടിമാണി പോസ്റ്റര്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ ഏറെ ചിരികളോടെ തരംഗമാകുകയാണ്.
ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈനയുടെ ഷൂട്ടിങ്ങ് മാളയില്‍ ഇപ്പോള്‍ പുരോഗമിക്കുകയാണ്. രസകരമായ നിമിഷങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു കോമഡി എന്റര്‍ടൈനര്‍ ആയിരിക്കും ഇട്ടിമാണി. ആശീര്‍വാദ് സിനിമയുടെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ഈ മോഹന്‍ലാല്‍ ചിത്രം ഓണം റിലീസായാണ് ഒരുങ്ങുന്നത്. നവാഗതരായ ജിബി, ജോജു എന്നിവര്‍ ചേര്‍ന്നാണ് ഈ മോഹന്‍ലാല്‍ ചിത്രം സംവിധാനം ചെയ്യുന്നത്. ഓണം ഫെസ്റ്റിവല്‍ റിലീസ് ആയി ചിത്രം പ്രതീക്ഷിക്കാം.

share this post on...

Related posts