ഐഎസ്എല്‍ വീണ്ടും കൊച്ചിയിലേക്ക്

ഫുട്‌ബോള്‍ പ്രേമികളുടെ കാത്തിരിപ്പിന് വിരാമമിട്ട് ഐഎസ്എല്ലിന് വേദിയാകാന്‍ കൊച്ചി. ഐഎസ്എല്‍ മത്സരങ്ങള്‍ക്ക് ഇക്കൊല്ലം കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയം വേദിയാകും. ഉദ്ഘാടന മത്സരം കൊച്ചിയില്‍ തന്നെ നടക്കുവാനുമുള്ള സാധ്യതയേറെയാണ്. 2022 ഒക്ടോബര്‍ മുതല്‍ 2023 മാര്‍ച്ച് വരെ നീളുന്ന ഐഎസ്എല്‍ സീസണില്‍ കേരള ബ്ലസ്റ്റേഴ്‌സിന്റെ ഹോം ഗ്രൗണ്ട് കൂടിയായ കൊച്ചിയില്‍ 10 മത്സരങ്ങള്‍ നടക്കും. മാത്രമല്ല ഓഗസ്റ്റ് മാസത്തോടെ കേരള ബ്ലാസ്റ്റേഴ്‌സ് ടീം കൊച്ചിയില്‍ വന്ന് പരിശീലനം ആരംഭിക്കും.

ഇതിന്റെ ഭാഗമായി കൊച്ചി ജിസിഡിഎ ചെയര്‍മാന്‍ കെ.ചന്ദ്രന്‍പിള്ള, കേരള ബ്ലാസ്റ്റേഴ്‌സ് ഡയറക്ടര്‍ നിഖില്‍ ഭരദ്വാജ് എന്നിവര്‍ ജിസിഡിഎയിലെയും കേരള ബ്ലാസ്റ്റേഴ്‌സിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തി.

കേരള ബ്ലാസ്റ്റേഴ്‌സിന്റെ കൊച്ചിയിലെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ജിസിഡിഎ സഹായവും സഹകരണവും തുടര്‍ന്നും നല്‍കാനും ചര്‍ച്ചയില്‍ ധാരണയായി. കേരളത്തിലെ ഫുട്‌ബോളിന്റെ വികസനത്തിനും കൂടുതല്‍ മത്സരങ്ങള്‍ കൊച്ചിയിലേക്ക് കൊണ്ടുവരുവാനും ജിസിഡിഎയും ബ്ലാസ്റ്റേഴ്‌സും ഒരുമിച്ച് ശ്രമിക്കും. സ്റ്റേഡിയം പരിസരം കൂടുതല്‍ ആകര്‍ഷകമാക്കുക, അശാസ്ത്രീയമായ പാര്‍ക്കിംഗ് നിയന്ത്രിക്കുവാന്‍ മള്‍ട്ടിലെവല്‍ പാര്‍ക്കിംഗ് സംവിധാനം ഏര്‍പ്പെടുത്തുക എന്നിവ ജിസിഡിഎ അടിയന്തിരമായി ഏറ്റെടുത്ത് നടപ്പിലാക്കും.

കേരള ബ്ലാസ്റ്റേഴ്‌സിന്റെ നേതൃത്വത്തില്‍ ആരംഭിക്കുവാന്‍ ഉദ്ദേശിക്കുന്ന കേരളത്തിലെ ആദ്യത്തെ ഫുട്‌ബോള്‍ മ്യൂസിയത്തിനായുള്ള സ്ഥലസൗകര്യവും സഹകരണവും ജിസിഡിഎ നല്‍കാനും ധാരണയായി.

‘കേരളത്തിലെ കായികപ്രേമികളുടെ ഫുട്‌ബോള്‍ ആവേശത്തെ പൂര്‍ണ്ണമായും ഉള്‍ക്കൊണ്ട് അടുത്ത കടഘ മത്സരങ്ങള്‍ക്ക് കൊച്ചി അന്താരാഷ്ട്ര സ്റ്റേഡിയം എല്ലാ നിലയിലും തയ്യാറാക്കുവാന്‍ ജിസിഡിഎയ്ക്ക് അതിയായ താത്പര്യമാണ്. കേരള ബ്ലാസ്റ്റേഴ്‌സുമായി ഒരു ദീര്‍ഘകാലബന്ധമാണ് ഇനിയും ജിസിഡിഎ ഊട്ടി ഉറപ്പിക്കുവാന്‍ ആഗ്രഹിക്കുന്നത്. കാലോചിതമായ എല്ലാ കൂട്ടിച്ചേര്‍ക്കലും സ്റ്റേഡിയത്തിന്റെ സൗകര്യങ്ങള്‍ വികസിപ്പിക്കലും സ്‌പോര്‍ട്‌സിനെ തന്നെ ഒരു പ്രധാന പ്രവര്‍ത്തനമേഖലയായി കണക്കാക്കുകയാണ് ജിസിഡിഎ എന്നും ചെയര്‍മാന്‍ കെ.ചന്ദ്രന്‍പിള്ള പറഞ്ഞു.’

കൊച്ചിയിലെ ഫുട്‌ബോള്‍ മേഖലയുടെ പുരോഗതിക്കായി ജിസിഡിഎയും കേരള ബ്ലാസ്റ്റേഴ്‌സും തമ്മിലുള്ള ദീര്‍ഘകാല ബന്ധത്തിനായി പ്രവര്‍ത്തിക്കുക എന്നതാണ് ഈ കൂട്ടായ്മയുടെ പ്രധാന ലക്ഷ്യം. ജിസിഡിഎ ചെയര്‍മാന്റെ പിന്തുണയോടെ കൊച്ചിയിലെ ഫുട്‌ബോള്‍ ലോകത്തിന് വലിയ വളര്‍ച്ച നേടാന്‍ കഴിയുമെന്ന കാര്യത്തില്‍ സംശയമില്ല.

കലൂരിലേക്ക് ബ്ലാസ്റ്റേഴ്‌സിന്റെ എല്ലാ ആരാധകരെയും തിരികെ സ്വീകരിക്കാനുള്ള തയാറെടുപ്പുകളും നടത്തി കാത്തിരിക്കുകയാണ് ഞങ്ങളെന്നും കേരള ബ്ലാസ്റ്റേഴ്‌സ് ഡയറക്ടര്‍ നിഖില്‍ ഭരദ്വാജ് പറഞ്ഞു.

Related posts