കാറിലെ എസി റീസര്‍ക്കുലേഷന്‍ മോഡിലാണോ ഉപയോഗിക്കുന്നത് ?

ഇന്ന് എല്ലാ കാറുകളിലും എസിയുണ്ട്. എയര്‍കണ്ടിഷനിങ്ങിന്റെ സുഖശീതളിമയിലല്ലാത്തെ യാത്ര ആലോചിക്കാന്‍ തന്നെ ഇപ്പോള്‍ ബുദ്ധിമുട്ടാണ്. സ്ഥിരമായി വാഹനത്തിലെ എയര്‍ കണ്ടീഷന്‍ ഉപയോഗിക്കുന്നുണ്ടെങ്കിലും കൂടുതല്‍ മികവോടെ പ്രവര്‍ത്തിക്കാന്‍ എ സി റീസര്‍ക്കുലേഷന്‍ മോഡിലിടണോ അതോ ഫ്രഷ് എയര്‍ മോഡലിടണോ എന്ന കാര്യത്തില്‍ ഭൂരിപക്ഷം പേര്‍ക്കും സംശയമാണ്. കാറിന്റെ എസി കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കണമെങ്കില്‍ ഏതു മോഡിലിടണം?
ഉള്ളിലെ വായു തന്നെ വീണ്ടും വീണ്ടും ഉപയോഗിക്കുന്നതാണ് റീസര്‍ക്കുലേഷന്‍ മോഡ്. പുറത്തു നിന്ന് വായു അകത്തേയ്ക്കു സ്വീകരിക്കുന്നതാണ് ഫ്രഷ് എയര്‍മോഡ്. രണ്ടു മോഡിനും അതിന്റേതായ ദോഷങ്ങളും ഗുണങ്ങളുമുണ്ട്. അത് ഏതൊക്കെയാണെന്ന് നോക്കാം.
കുറേസമയം അല്ലെങ്കില്‍ ദിവസങ്ങളോളം വാഹനം ഉപയോഗിക്കാതിരുന്നതിനു ശേഷം വീണ്ടും സ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ ഫ്രഷ് എയര്‍ മോഡ് ഉപയോഗിക്കുകന്നതായിരിക്കും നല്ലത്. കാരണം വാഹനത്തിനുള്ളിലെ അശുദ്ധ വായു അതിവേഗം പുറത്തേയ്ക്കു പോകാനിതു സഹായിക്കും. കൂടാതെ വെയിലത്ത് കിടക്കുന്ന വാഹനത്തിലെ ചൂടു വായു പുറത്തേയ്ക്ക് പോകുന്നതിനും ഫ്രഷ് എയര്‍ മോഡ് ഉപയോഗിക്കാം. എന്നാല്‍ ഇതു മാത്രമുപയോഗിച്ച് വാഹനം ഓടിച്ചാല്‍ റോഡിലേയും അന്തരീക്ഷത്തിലേയും പൊടി വാഹനത്തിലേയ്ക്ക് എളുപ്പം കയറിപ്പറ്റും. അത് സീറ്റുകളിലും യാത്രക്കാരുടെ വസ്ത്രങ്ങളിലും പറ്റിപ്പിടിച്ചിരിക്കാം. കൂടാതെ എസിക്ക് കൂടുതല്‍ മെയിന്റെനന്‍സും വേണ്ടിവരും. മാത്രമല്ല, പുറത്തെ താപനിലയിലുള്ള വായു തണുപ്പിക്കേണ്ടി വരുന്നുകൊണ്ട് വാഹനത്തിന്റെ ഇന്ധനക്ഷമത കുറയാനുള്ള സാഹചര്യവുമുണ്ട്.
റീസര്‍ക്കുലേറ്റിങ് മോഡാണ് കൂടുതല്‍ മികച്ചത്. എന്നാല്‍ എപ്പോഴും അതു തന്നെ ഉപയോഗിച്ചാല്‍ കാറിലെ ദുഷിച്ചവായു പുറത്തേയ്ക്ക് പോകുകയില്ല, അതുകൊണ്ട് ദൂരയാത്രകളില്‍ ഇടയ്ക്ക് ഫ്രഷ് എയര്‍ മോഡ് ഉപയോഗിക്കുന്നതു നന്നായിരിക്കും. റീ സര്‍ക്കുലേറ്റിങ് മോഡില്‍ വാഹനത്തിനുള്ളിലുള്ള വായുവാണ് തണുപ്പിക്കുക അതുകൊണ്ട് തന്നെ എസിക്ക് പണി എളുപ്പമാണ്. എന്നാല്‍ എപ്പോഴും റീസര്‍ക്കുലേറ്റിങ് മോഡ് ഉപയോഗിക്കാതെ ഇടയ്ക്ക് മാറ്റിക്കൊടുക്കാം. അങ്ങനെ ചെയ്യുമ്പോള്‍ വാഹനം സഞ്ചരിച്ചു കൊണ്ടിരിക്കുന്നത് പൊടിയും മലിനീകരണതോതും കുറഞ്ഞയിടങ്ങളില്‍ കൂടിയാണോ എന്നുകൂടി നോക്കേണ്ടതാണ്.

Related posts