ടിക് ടോക്കിനെ നേരിടാന്‍ ഇന്‍സ്റ്റാഗ്രാം

ഫെയ്‌സ്ബുക്കിനും ഇന്‍സ്റ്റാഗ്രാമിനും സ്‌നാപ്ചാറ്റിനുമെല്ലാം കനത്ത വെല്ലുവിളി ഉയര്‍ത്തിയുള്ള മുന്നേറ്റമാണ് ചൈനീസ് കമ്പനിയായ ബൈറ്റ് ഡാന്‍സിന്റെ ഉടമസ്ഥതയിലുള്ള ടിക് ടോക്ക് കഴിഞ്ഞ കുറച്ച് മാസങ്ങള്‍ കൊണ്ട് കാഴ്ചവെച്ചത്. ഏഷ്യന്‍ രാജ്യങ്ങള്‍ക്കൊപ്പം അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലും യുവാക്കള്‍ക്കിടയില്‍ ജനപ്രീതിയാര്‍ജിക്കാന്‍ ടിക് ടോക്കിന് കഴിഞ്ഞു.
പ്രതിമാസ ഡൗണ്‍ലോഡുകളുടെ എണ്ണത്തില്‍ ടിക് ടോക്ക് ഇന്‍സ്റ്റാഗ്രാമിനേയും ഫെയ്‌സ്ബുക്കിനേയും മറികടന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇപ്പോഴിതാ ടിക് ടോക്കിനെ വിപണിയില്‍ നേരിടാനുള്ള വഴികണ്ടെത്തിയിരിക്കുകയാണ് ഇന്‍സ്റ്റാഗ്രാം. ടിക് ടോക്കിന് സമാനമായി ഇന്‍സ്റ്റാഗ്രാം റീല്‍സ് എന്ന പേരില്‍ ഒരു വീഡിയോമ്യൂസിക് റീമിക്‌സ് ഫീച്ചര്‍ ആരംഭിച്ചിരിക്കുകയാണ് കമ്പനി. ഇതുവഴി ഉപയോക്താക്കള്‍ക്ക് 15 സെക്കന്റ് ദൈര്‍ഘ്യമുള്ള ലഘുവീഡിയോകള്‍ ഇന്‍സ്റ്റാഗ്രാം സ്‌റ്റോറീസ് ആയി പങ്കുവെക്കാന്‍ സാധിക്കും. ഇതിനായി ഇന്‍സ്റ്റാഗ്രാം ഒരു പുതിയ ടോപ്പ് റീല്‍ വിഭാഗം എക്‌സ്‌പ്ലോര്‍ ടാബില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ പാട്ടുകളുടെ വലിയൊരു കാറ്റലോഗും ഇന്‍സ്റ്റാഗ്രാം തയ്യാറാക്കിയിട്ടുണ്ട്. മറ്റൊരാളുടെ വീഡിയോയിലുള്ള ശബ്ദവും ഉപയോക്താക്കള്‍ക്ക് ഉപയോഗിക്കാം. നിലവില്‍ ബ്രസീലില്‍ മാത്രമാണ് റീല്‍സ് ലഭ്യമാക്കിയിരിക്കുന്നത്. സെനാസ് എന്നാണ് ബ്രസീലില്‍ ഇതിന്റെ പേര്. ഐഓഎസ്, ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമുകളില്‍ ഇത് ലഭിക്കും. ടിക് ടോക്കിനെ നേരിടാന്‍ ലാസോ എന്ന പേരില്‍ ഒരു പ്രത്യേകം ആപ്ലിക്കേഷന്‍ പുറത്തിറക്കിയ ഫെയ്‌സ്ബുക്കിനെ മാതൃകയാക്കുന്നതിന് പകരം, നിലവിലുള്ള ശക്തമായ ഉപഭോക്തൃ അടിത്തറ പ്രയോജനപ്പെടുത്തി പുതിയ ഫീച്ചര്‍ ആളുകളിലേക്കെത്തിക്കാനാണ് ഇന്‍സ്റ്റാഗ്രാമിന്റെ നീക്കം.

share this post on...

Related posts