മാനത്തും മണ്ണിലും മിന്നലാകും; റഫാലില്‍ ഉറക്കംകെട്ട് ചൈനയും പാക്കിസ്ഥാനും

ന്യൂഡല്‍ഹി: ആകാശത്ത് 150 കിലോമീറ്റര്‍ അകലെയുള്ള ശത്രുവിമാനത്തെ തകര്‍ത്തു തരിപ്പണമാക്കും, ഒപ്പം ഭൂമിയില്‍ 300 കിലോമീറ്റര്‍ പരിധിയിലുള്ള ശത്രുപാളയത്തെ സ്വന്തംനില സുരക്ഷിതമാക്കി പ്രഹരിക്കും. ഇതു രണ്ടുമാണ് റഫാലിനെ ലോകത്തെ ഏറ്റവും അപകടകാരിയായ പോര്‍വിമാനമാക്കുന്നത്. റഷ്യയില്‍നിന്ന് സുഖോയ് ജെറ്റുകള്‍ വാങ്ങി 23 വര്‍ഷത്തിനു ശേഷമാണ് ഇന്ത്യ ഇത്രയും അത്യാധുനികമായ പോര്‍വിമാനങ്ങള്‍ സ്വന്തമാക്കുന്നത്.
റഫാല്‍ വിമാനങ്ങള്‍ ഇന്ത്യയിലെത്തിയശേഷം പ്രതിരോധമന്ത്രി രാജ്നാഥ് സിങ് നടത്തിയ പ്രസ്താവന ചൈനയ്ക്കും പാക്കിസ്ഥാനുമുള്ള കൃത്യമായ താക്കീതായിരുന്നു. ‘ഇന്ത്യന്‍ വ്യോമസേന പുത്തന്‍ കരുത്താര്‍ജിച്ചതില്‍ ആര്‍ക്കെങ്കിലും ആശങ്കയുണ്ടെങ്കില്‍ അത് ഇന്ത്യയുടെ മണ്ണിനും സ്ഥിരതയ്ക്കും ഭീഷണി ഉയര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ക്കു മാത്രമാണ്’-രാജ്നാഥ് സിങ് പറഞ്ഞു. വൈവിധ്യമാര്‍ന്ന ആയുധങ്ങള്‍ വഹിക്കാനുള്ള ശേഷിയാണു റഫാലിനെ വേറിട്ടുനിര്‍ത്തുന്നത്.
യൂറോപ്യന്‍ മിസൈല്‍ നിര്‍മാതാക്കളായ എംബിഡിഎയുടെ മെറ്റിയോര്‍ എയര്‍ ടു എയര്‍ മിസൈലുകള്‍, സ്‌കാല്‍പ് ക്രൂസ് മിസൈലുകള്‍, എംഐസിഎ മിസൈല്‍ സംവിധാനം എന്നിവയാണ് ഇതില്‍ പ്രധാനം. മെറ്റിയോര്‍ പുതുതലമുറ ബിവിആര്‍ എയര്‍ ടു എയര്‍ മിസൈല്‍ (ബിവിആര്‍എഎഎം) ആകാശപ്പോരിന്റെ ഗതി തന്നെ മാറ്റി നിര്‍ണയിക്കുന്ന തരത്തില്‍ രൂപകല്‍പന ചെയ്തതാണ്. യുകെ, ജര്‍മനി, ഫ്രാന്‍സ്, ഇറ്റലി, സ്പെയിന്‍, സ്വീഡന്‍ എന്നിവര്‍ നേരിടുന്ന പൊതുഭീഷണികളെ ചെറുക്കാനാണ് എംബിഡിഎ ഈ മിസൈല്‍ വികസിപ്പിച്ചത്.
ഇതിന്റെ റോക്കറ്റ്-റാംജെറ്റ് മോട്ടറാണ് മറ്റേത് മിസൈലിനേക്കാളും കൂടുതല്‍ പ്രഹരശേഷി ഇതിനു നല്‍കുന്നതെന്ന് വിദഗ്ധര്‍ പറയുന്നു. 150 കിലോമീറ്റര്‍ അകലെനിന്നുതന്നെ ശത്രുവിമാനത്തെ തരിപ്പണമാക്കാന്‍ കഴിയും. ഇന്ത്യന്‍ പോര്‍വിമാനത്തിന്റെ ഏഴയലത്ത് എത്തുംമുമ്പു തന്നെ ശത്രുവിമാനത്തെ തകര്‍ക്കാനാകുമെന്നതാണ് പ്രത്യേകത. കഴിഞ്ഞ വര്‍ഷം ഈ മിസൈല്‍ ഇന്ത്യയ്ക്കു സ്വന്തമായിരുന്നെങ്കില്‍ പാക്കിസ്ഥാന്റെ നിരവധി എഫ്-16 വിമാനങ്ങള്‍ നിലംപൊത്തുമായിരുന്നുവെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ഭൂമിയില്‍ 300 കിലോമീറ്റര്‍ അകലെയുള്ള ശത്രുകേന്ദ്രത്തെ ലക്ഷ്യമിടാന്‍ കഴിയുന്ന സ്‌കാല്‍പ് മിസൈലാണു റഫാലിന്റെ മറ്റൊരു പ്രത്യേകത. അംബാലയിലെ വ്യോമകേന്ദ്രത്തില്‍നിന്നു പറന്നുയരുന്ന റഫാലിന് ഇന്ത്യന്‍ ആകാശത്തുനിന്നു തന്നെ ചൈനയിലെ ഏറെ ഉള്ളിലുള്ള ഭൂപ്രദേശത്തേക്കു മിസൈല്‍ തൊടുക്കാന്‍ കഴിയുമെന്ന് അര്‍ഥം. എംഐസിഎ മിസൈല്‍ സംവിധാനമാണ് മൂന്നാമത്തേത്. മറ്റൊരു മികച്ച എയര്‍ ടു എയര്‍ മിസൈലാണിത്. റഡാര്‍, ഇന്‍ഫ്രാറെഡ് സീക്കറോടു കൂടിയ മിസൈലുകള്‍ അടുത്തുള്ള ലക്ഷ്യത്തിലേക്കും 100 കിലോമീറ്റര്‍ അകലെയുള്ള ലക്ഷ്യത്തിലേക്കും ഒരുപോലെ തൊടുക്കാം.

ഇന്ത്യന്‍ വ്യോമസേനയുടെ മിറാഷ് പോര്‍വിമാനത്തില്‍ ഇപ്പോള്‍ത്തന്നെ ഈ മിസൈല്‍ സജ്ജമാണ്. ഫ്രാന്‍സില്‍നിന്ന് ഹാമര്‍ മിസൈലുകള്‍ കൂടി എത്തുന്നതോടെ റഫാല്‍ കൂടുതല്‍ അപകടകാരിയാകും. വിമാനങ്ങളില്‍നിന്ന് തൊടുത്ത് 60-70 കിലോമീറ്റര്‍ ദൂരത്തുള്ള ശത്രുലക്ഷ്യങ്ങള്‍ തകര്‍ക്കാന്‍ ശേഷിയുള്ളതാണു ഹാമര്‍ മിസൈലുകള്‍. ഹാമര്‍ (ഹൈലി എജൈല്‍ മോഡുലര്‍ മുണീഷ്യന്‍ എക്സ്റ്റെന്‍ഡഡ് റേഞ്ച്) മിസൈല്‍ വായുവില്‍നിന്ന് ഭൂമിയിലേക്കു തൊടുക്കാവുന്ന മധ്യദൂര മിസൈലാണ്. ഫ്രഞ്ച് വ്യോമസേനയ്ക്കും നാവികസേനയ്ക്കും വേണ്ടി രൂപകല്‍പന ചെയ്തതാണിത്.
മൂന്നു മീറ്റര്‍ നീളവും 330 കിലോ ഭാരവുമാണു മിസൈലിനുള്ളത്. ഹാമര്‍ എത്തുന്നതോടെ ഏതു കഠിനമായ ഭൂപ്രദേശത്തുമുള്ള ശത്രു ബങ്കറുകളും പോര്‍വിമാനങ്ങള്‍ ഉപയോഗിച്ചു തകര്‍ക്കാന്‍ ഇന്ത്യയ്ക്കു കഴിയും. കിഴക്കന്‍ ലഡാക്ക് ഉള്‍പ്പെടെ പര്‍വതമേഖലകളില്‍ തമ്പടിക്കുന്ന ശത്രുസൈന്യത്തെയും ഭീകരരെയും തുരത്താന്‍ ഇന്ത്യന്‍ സേനയ്ക്കു ഹാമര്‍ മിസൈലുകള്‍ കരുത്താകുമെന്നാണു പ്രതിരോധ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
ശത്രുനീക്കങ്ങളെക്കുറിച്ച് കൃത്യമായി വിവരം നല്‍കി വിമാനത്തെ സുരക്ഷിതമാക്കുന്ന സ്പെക്ട്ര സംവിധാനവും റഫാലിനുണ്ട്. ശത്രു റഡാര്‍, മിസൈലുകള്‍, ലേസറുകള്‍ എന്നിവ ഏറെ ദൂരത്തുനിന്നുതന്നെ തിരിച്ചറിഞ്ഞ് പൈലറ്റിന് ഞൊടിയിടയ്ക്കുള്ളില്‍ വിവരം നല്‍കാന്‍ സ്പെക്ട്രയ്ക്കു കഴിയും. ആകാശത്തും ഭൂമിയിലുമുള്ള ശത്രു റഡാറുകള്‍ പ്രവര്‍ത്തനരഹിതമാക്കാനും ശക്തമായ പ്രതിരോധ നടപടിയിലേക്കു പോകാനും പൈലറ്റിനെ ഇതു സജ്ജമാക്കും.
10 മണിക്കൂര്‍ ഫ്‌ലൈറ്റ് ഡേറ്റാ റെക്കോര്‍ഡിങ്, ഇന്‍ഫ്രാറെഡ് സെര്‍ച്ച് ആന്‍ഡ് ട്രാക്കിങ് സംവിധാനം എന്നിവയും റഫാലിലുണ്ട്. രണ്ടു സീറ്റുള്ള രണ്ടു വിമാനങ്ങളും ഒറ്റ സീറ്റുള്ള മൂന്നു വിമാനങ്ങളുമാണ് അംബാലയില്‍ എത്തിയിരിക്കുന്നത്. 2021 അവസാനത്തോടെ ബാക്കിയുള്ള 31 റഫാല്‍ വിമാനങ്ങളും എത്തുമെന്നാണു സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. ഇതോടെ ആകാശക്കരുത്തില്‍ ഇന്ത്യ ലോകത്തെ വന്‍ രാജ്യങ്ങള്‍ക്കൊപ്പമാകുമെന്നാണു പ്രതിരോധ വിദഗ്ധരുടെ വിലയിരുത്തല്‍.

Related posts