ഇന്ത്യയിലെ ആദ്യ പാരാ ബാഡ്മിന്റൺ അക്കാദമി തുറന്നു

കൊച്ചി: ഏജസ് ഫെഡറൽ ലൈഫ് ഇൻഷുറൻസ്, ദ്രോണാചാര്യ അവാർഡ് ജേതാവും ഇന്ത്യൻ പാരാ ബാഡ്മിന്റൺ ടീമിന്റെ ദേശീയ പരിശീലകനുമായ ഗൗരവ് ഖന്നയുമായി സഹകരിച്ച്, രാജ്യത്തെ ആദ്യത്തെ പാരാ-ബാഡ്മിന്റൺ അക്കാദമി ആരംഭിച്ചതായി പ്രഖ്യാപിച്ചു.
ലക്‌നൗവിലെ അത്യാധുനിക ഉപകരണങ്ങളും സൗകര്യങ്ങളുമുള്ള പരിശീലന കേന്ദ്രം, 2024ലെ പാരാലിമ്പിക്‌സിൽ ഇന്ത്യയുടെ മെഡൽ സാധ്യതകൾ മെച്ചപ്പെടുത്താനാണ്  ലക്ഷ്യമിടുന്നത്. പ്രഖ്യാപന ചടങ്ങിൽ 2028, 2032 പാരാലിമ്പിക്‌സുകളിൽ പുതിയ പ്രതിഭകളെ കണ്ടെത്തുന്നതിനും പരിപോഷിപ്പിക്കുന്നതിനുമുള്ള  ഏജസ് ഫെഡറൽ ‘ക്വസ്റ്റ് ഫോർ ഫിയർലെസ് ഷട്ടിൽസ്’ പരിപാടിയുടെ അനാച്ഛാദനവും ഗൗരവ് ഖന്ന നിർവഹിച്ചു.
സ്റ്റാൻഡിംഗ് അത്‌ലറ്റുകൾക്കായി രണ്ട്  ബിഎഫ്ഡബ്ല്യൂ അംഗീകൃത സിന്തറ്റിക് മാറ്റുകളും, വീൽചെയർ അത്‌ലറ്റുകൾക്കായി രണ്ട് വുഡൻ കോർട്ടുകളും ഉൾപ്പെടെ 4 കോർട്ടുകളാണ് കേന്ദ്രത്തിൽ ഉണ്ടാവുക. പൂർണമായും സജ്ജീകരിച്ച ജിം, ഐസ് ബാത്ത്, സ്റ്റീം ബാത്ത്, സോന ബാത്ത്, ജാക്കൂസി ഹൈഡ്രോതെറാപ്പി എന്നിവ ഉൾപ്പെടെയുള്ള എല്ലാ ആധുനിക സൗകര്യങ്ങൾക്കും പുറമേ, അത്ലറ്റുകൾക്ക് താമസിക്കാൻ  അനുയോജ്യമായ മുറികളും ഒരുക്കിയിട്ടുണ്ട്.
ടോക്കിയോ പാരാലിമ്പിക്സ് മെഡൽ ജേതാക്കളായ  പ്രമോദ് ഭഗത്,  കൃഷ്ണ നാഗർ, സുഹാസ് യതിരാജ്, മനോജ് സർക്കാർ എന്നിവരുൾപ്പെടെ 50 താരങ്ങൾ  അക്കാദമിയിൽ പരിശീലനം നടത്തുമെന്ന് ഗൗരവ് ഖന്ന അറിയിച്ചു. നിരവധി മാരത്തണുകൾക്ക് പിന്തുണ നൽകുന്നതിനു പുറമേ, താഴെത്തട്ടിൽ ഞങ്ങൾ ബാഡ്മിന്റണിനെ വലിയ രീതിയിൽ പിന്തുണച്ചിട്ടുണ്ടെന്ന് ഏജസ് ഫെഡറൽ ലൈഫ് ഇൻഷുറൻസ് ചീഫ് മാർക്കറ്റിംഗ് ഓഫീസർ കാർത്തിക് രാമൻ പറഞ്ഞു.

Related posts