നാണയങ്ങള്‍ എണ്ണിത്തീര്‍ക്കാന്‍ എടുത്തത് രണ്ട് ദിവസം; ട്രെയിന്‍ തട്ടി മരിച്ച യാചകന്റെ സമ്പാദ്യം ലക്ഷങ്ങള്‍

മുംബൈ: മുംബൈയിലെ ഗോവന്ദി സ്റ്റേഷനടുത്ത് ബിരാഡിചന്ദ് പന്നാരാംജി ആസാദ് എന്ന ഒരു യാചകന്‍ കഴിഞ്ഞ ദിവസം ട്രെയിന്‍ തട്ടി മരിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ പൊലീസിന് ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിച്ചത്.

ആസാദ് എന്ന 82 കാരന്‍ വെറുമൊരു യാചകനായിരുന്നില്ലെന്നും ലക്ഷക്കണക്കിന് രൂപ സമ്പാദ്യമുള്ള ഒരു വ്യക്തിയാണെന്നുമാണ് പൊലീസ് പറയുന്നത്.  8.77 ലക്ഷം രൂപയാണ് ഇയാളുടെ പക്കല്‍ ഫിക്‌സഡ് ഡിപ്പോസിറ്റായി ഉണ്ടായിരുന്നത്. നാണയങ്ങളായി 96000 രൂപ ബാങ്ക് അക്കൗണ്ടിലും നിക്ഷേപിച്ചിരുന്നു. ഇതിന് പുറമെ 1.75 ലക്ഷം രൂപയാണ് ഇയാളുടെ കുടിലില്‍ നിന്ന് കണ്ടെത്തിയത്.

ബന്ധുക്കളെക്കുറിച്ച് യാതൊരു വിവരവും ഇതുവരെ ലഭിച്ചിട്ടില്ലാത്തതിനാല്‍ അവരെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് ഇപ്പോള്‍ പൊലീസ്.

പ്രദേശവാസികളാണ് ആസാദിന്റെ മൃതദേഹം തിരിച്ചറിഞ്ഞത്. റെയില്‍വെ ട്രാക്കിന് സമീപത്താണ് ഇയാളുട കുടില്‍. ആസാദ് ഒറ്റയ്ക്കാണ് താമസെന്നും ഇയാള്‍ക്ക് ബന്ധുക്കളിലെന്നുമാണ് പ്രദേശവാസികള്‍ പറഞ്ഞതെന്ന് പൊലീസ് അറിയിച്ചു. തുടര്‍ന്ന് പൊലീസ് കുടില്‍ പരിശോധിക്കുകയായിരുന്നു. കുടില്‍ പരിശോധിച്ച പൊലീസിന് അവിടെ നിന്ന് ഡബ്ബകളും വലിയ ബാരലും ലഭിച്ചു. ഭിക്ഷയെടുത്ത് കിട്ടുന്ന നാണയത്തുട്ടുകള്‍ അയാള്‍ പ്ലാസ്റ്റിക് കവറുകളിലാക്കി ഇതിലാണ് ഒളിപ്പിച്ചുവച്ചിരുന്നത്.

ശനിയാഴ്ച നാണയങ്ങളെണ്ണാന്‍ ആരംഭിച്ചിട്ട് ഞായറാണ് എണ്ണിത്തീര്‍ന്നത്. 1.75 ലക്ഷം രൂപയുടെ നാണയങ്ങള്‍ ഉണ്ടായിരുന്നുവെന്നും റെയില്‍വെ പൊലീസ് ഇന്‍സ്‌പെക്ടര്‍ പ്രവീണ്‍ കാംബ്ലെ പറഞ്ഞു. കുടിലിന്റെ ഒരു മൂലയില്‍ ഒരു സ്റ്റീല്‍ പാത്രം ഉണ്ടായിരുന്നു. അതില്‍ ആസാദിന്റെ പാന്‍കാര്‍ഡ്, ആധാര്‍ കാര്‍ഡ്, സീനിയര്‍ സിറ്റിസന്‍ കാര്‍ഡ് എന്നിവ ലഭിച്ചു. ഇതുപ്രകാരം 1937 ഫെബ്രുവരി 27നാണ് ആസാദ് ജനിച്ചത്. നേരത്തേ ശിവാജി നഗറിലും ബെയ്ഗന്‍ വാഡിയിലുമായിരുന്നു താമസിച്ചിരുന്നത്.

കുടിലില്‍ നിന്ന് മറ്റ് ചില രേഖകള്‍ കൂടി ലഭിച്ചു. ഇതില്‍ നിന്നാണ് ഇയാള്‍ക്ക് 8.77 ലക്ഷം രൂപയുടെ ഫിക്‌സഡ് ഡെപ്പോസിറ്റ് ഉണ്ടെന്നും 96000 രൂപ ബാങ്ക് അക്കൗണ്ടില്‍ ഉണ്ടെന്നും വ്യക്തമായതെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. ഈ രേഖകള്‍ പ്രകാരം രാജസ്ഥാനിലെ രാംഗഡ് സ്വദേശിയാണ് ആസാദ്. അയാള്‍ക്ക് സുഖ്‌ദേവ് എന്ന മകനുമുണ്ട്. മകനാണ് എല്ലാ ബാങ്ക് ഇടപാടുകളുടെയും നോമിനി. രാജസ്ഥാന്‍ പൊലീസുമായി ബന്ധപ്പെട്ട് സുഖ്‌ദേവിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് മുംബൈ പൊലീസ്.

Related posts