കുതിക്കാനൊരുങ്ങി ചന്ദ്രയാന്‍

സാങ്കേതിക കാരണങ്ങള്‍ കൊണ്ട് മാറ്റിവച്ച ചാന്ദ്രയാന്‍ രണ്ട് ദൗത്യത്തിന്റെ വിക്ഷേപണം നാളെ ഉച്ചക്ക് 2.43ന് നടക്കും. വിക്ഷേപണത്തിന് മുന്നോടിയായുള്ള 20 മണിക്കൂര്‍ കൗണ്ട്ഡൗണ്‍ ഇന്ന് വൈകിട്ട് ആരംഭിക്കും. വിക്ഷേപണത്തിന് മുന്നോടിയായുള്ള ലോഞ്ച് റിഹേഴ്‌സല്‍ ഇന്നലെ രാത്രി പൂര്‍ത്തിയായി. ഇന്ന് വൈകീട്ട് 6.43നാണ് ജിഎസ്എല്‍വി മാക്ക് ത്രീ എം 1 റോക്കറ്റ് വിക്ഷേപണത്തിനുള്ള കൗണ്ട് ഡൗണ്‍ തുടങ്ങുന്നത്. കൗണ്ട് ഡൗണ്‍ തുടങ്ങുന്നതിന് പിന്നാലെ റോക്കറ്റില്‍ ഇന്ധനം നിറയ്ക്കുന്ന ജോലികളും തുടങ്ങും. ദ്രവ ഇന്ധനഘട്ടമായ എല്‍ 110 ലും ഖര ഇന്ധന ഘട്ടമായ സ്ട്രാപ്പോണുകളിലും ആണ് ആദ്യം ഇന്ധനം നിറയ്ക്കുന്നത്. കൗണ്ട് ഡൗണിന്റെ അവസാന മണിക്കൂറിലാണ് മൂന്നാം ഘട്ടമായ ക്രയോജനിക് സ്റ്റേജിലേക്കുള്ള ഇന്ധനം നിറയ്ക്കുന്നത്. ദ്രവീകൃത ഹൈഡ്രജനും ദ്രവീകൃത ഓക്‌സിജനുമാണ് ഈ ഘട്ടത്തില്‍ ഇന്ധനമായി ഉപയോഗിക്കുന്നത്. ഈ ഇന്ധനം നിറച്ചതിന് പിന്നാലെയാണ് ജൂലൈ 15ന് സാങ്കേതിക തകരാര്‍ കണ്ടെത്തിയത്. തുടര്‍ന്നാണ് വിക്ഷേപണം മാറ്റിയത്. എന്നാല്‍ പിഴവുകളെല്ലാം പരിഹരിച്ചാണ് ഇത്തവണ റോക്കറ്റ് വിക്ഷേപണത്തറയില്‍ എത്തിച്ചിരിക്കുന്നത്. വിക്ഷേപണം നിശ്ചയിച്ചതിലും ഏഴ് ദിവസം വൈകിയെങ്കിലും സെപ്റ്റംബര്‍ ആറിന് തന്നെ ചന്ദ്രനില്‍ സോഫ്റ്റ് ലാന്റിംഗ് നടത്താനാണ് ഇസ്‌റൊയുടെ തീരുമാനം. ഇതിനായി ചന്ദ്രയാന്‍ 2 പേടകത്തിന്റെ ചന്ദ്രനിലേക്കുള്ള യാത്രാ പദ്ധതിയിലടക്കം ഇസ്‌റോ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ആദ്യപദ്ധതിപ്രകാരം 17 ദിവസം ഭൂമിയെ ചുറ്റി വേണമായിരുന്നു പേടകം ചന്ദ്രനിലേക്കുള്ള യാത്ര തിരിക്കേണ്ടത്. ഇത് പുതിയ പ്ലാന്‍ പ്രകാരം 23 ദിവസമായി കൂടി.

share this post on...

Related posts