കനത്ത മഴയില്‍ ഒറ്റപ്പെട്ട് കൊച്ചി; വിദ്യാഭ്യാസ സ്ഥാനപങ്ങള്‍ക്ക് നാളെ അവധി, വൈദ്യുതി നാളെ വരെ മുടങ്ങും

കൊച്ചി: കനത്ത മഴ തുടരുന്നതിനാല്‍ നാളെ ജില്ലാ കളക്ടര്‍ എറണാകുളത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. നാളെ ജില്ലയില്‍ റെഡ് അലര്‍ട്ട് കൂടി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രൊഫഷണല്‍ കോളേജുകളുള്‍പ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്.
ജില്ലയില്‍ 9 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. വിവിധ ക്യാമ്പുകളിലായി 1600 ഓളം പേര്‍ നിലവിലുണ്ടെന്ന് ജില്ലാ കളക്ടര്‍ എസ് സുഹാസ് അറിയിച്ചു. ജില്ലയില്‍ ബന്ധപ്പെട്ടവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. എല്ലാ മുന്‍കരുതലും എടുത്തിട്ടുണ്ട്. പലയിടങ്ങളിലെയും വെള്ളക്കെട്ട് പമ്പ് ഉപയോഗിച്ച് പുറത്തു കളയാനുള്ള ശ്രമം തുടരുകയാണ്.
പോളിംഗ് എല്ലാ ബൂത്തുകളിലും പ്രശ്‌നങ്ങളില്ലാതെ പുരോഗമിക്കുന്നുണ്ടെന്നും സാഹചര്യം തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കുന്നുണ്ടെന്നും എസ് സുഹാസ് വ്യക്തമാക്കി. പ്രളയകാലത്ത് പോലും വെള്ളം കയറാത്ത പല ഭാഗങ്ങളിലും വെള്ളം കയറിയ സാഹചര്യമാണ്. കലൂര്‍, കത്രിക്കടവ് പോലുള്ള ഇടങ്ങളിലും കനത്ത വെള്ളക്കെട്ടുണ്ട്. രാവിലെ വോട്ടെടുപ്പ് മുടങ്ങുന്ന സാഹചര്യം പോലും മഴ മൂലം ഉണ്ടായിരുന്നു. രാവിലെ ആറ് ബൂത്തുകളാണ് വെള്ളം കയറിയതിനാല്‍ മാറ്റി സ്ഥാപിക്കേണ്ടി വന്നത്. മഴ ശക്തമായതിനെത്തുടര്‍ന്ന് പല ബൂത്തുകളും ഒന്നാം നിലയിലേക്കും രണ്ടാം നിലയിലേക്കും മാറ്റേണ്ടിയും വന്നു.
കൊച്ചിയുടെ വിവിധ ഭാഗങ്ങളില്‍ ഇന്നും നാളെയുമായി വൈദ്യുതി മുടങ്ങുമെന്ന് കെഎസ്ഇബി അറിയിച്ചിട്ടുണ്ട്. കലൂര്‍ സബ് സ്റ്റേഷനില്‍ ഒന്നരമീറ്റര്‍ ഉയരത്തില്‍ വെള്ളം കയറിയിട്ടുണ്ട്. പാലാരിവട്ടം, ഇടപ്പള്ളി, കലൂര്‍ സെക്ഷനുകളില്‍ വൈദ്യുതി മുടങ്ങും. ഇന്ന് വൈകിട്ടോ നാളെ രാവിലെയോ ആയി മാത്രമേ, വൈദ്യുതി പുനഃസ്ഥാപിക്കാനാകൂ എന്ന് കെഎസ്ഇബി അറിയിക്കുന്നു. കലൂര്‍ സബ് സ്റ്റേഷനില്‍ നിന്ന് പമ്പുപയോഗിച്ച് വെള്ളം അടിച്ച് പുറത്ത് കളയാനുള്ള ശ്രമം തുടരുകയാണ്. ഫയര്‍ ഫോഴ്‌സ് ഇതിനായി പത്ത് പമ്പുകള്‍ സ്ഥലത്ത് എത്തിച്ചിട്ടുണ്ട്.

ദുരിതാശ്വാസക്യാമ്പുകളുടെ വിവരങ്ങള്‍

കണയന്നൂര്‍ താലൂക്കില്‍ എളംകുളം, പൂണിത്തുറ, എറണാകുളം, ഇടപ്പള്ളി നോര്‍ത്ത്, ഇടപ്പള്ളി സൗത്ത് വില്ലേജുകളിലായി ഏഴും, കൊച്ചി താലൂക്കില്‍ നായരമ്പലം തോപ്പുംപടി വില്ലേജുകളിലായി രണ്ട് ദുരിതാശ്വാസ ക്യാമ്പുകളുമാണ് തുറന്നിരിക്കുന്നത്. കണയന്നൂര്‍ താലൂക്കില്‍ ഗവണ്‍മെന്റ് എച്ച്എസ്എസ് പനമ്പിള്ളിനഗര്‍, സെന്റ് റീത്താസ് എച്ച്എസ്എസ് പൊന്നുരുന്നി, കമ്മ്യൂണിറ്റി ഹാള്‍ ശാന്തിപുരം, സിസിപി എല്‍എം തേവര, ഗവണ്‍മെന്റ് എച്ച്എസ് ഇടപ്പള്ളി, ഉദയനഗര്‍ എസ്ഡി കോണ്‍വെന്റ് ഗാന്ധിനഗര്‍, വെണ്ണല ജിഎച്ച്എസ് എന്നിവിടങ്ങളിലും കൊച്ചി താലൂക്കില്‍ ദേവി വിലാസം എല്‍പിഎസ്, ജിഎച്ച്എസ് പനയപ്പിള്ളി എന്നിവിടങ്ങളിലുമാണ് ദുരിതാശ്വാസക്യാമ്പുകള്‍ തുറന്നിരിക്കുന്നത്.

share this post on...

Related posts