ഇടുക്കി ഒരുങ്ങി; ക്രിസ്തുമസ് ആഘോഷിക്കാന്‍

പൊന്മുടിയില്‍ സ്പീഡ്‌ബോട്ട് അടക്കം സര്‍വീസ് ആരംഭിച്ചു. ദിവസേന നൂറു കണക്കിന് സഞ്ചാരികളാണ് ഇവിടേക്ക് എത്തുന്നത്. രാജാക്കാട് സര്‍വീസ് സഹകരണ ബാങ്കിന്റെയും ഹൈഡല്‍ ടൂറിസം വകുപ്പിന്റെയും നേതൃത്വത്തില്‍ നടത്തുന്ന പൊന്മുടി ടൂറിസം കേന്ദ്രത്തിലേക്ക് ദിവസേന ധാരാളം സഞ്ചാരികള്‍ എത്തുന്നുണ്ട്. നിലവില്‍ രണ്ട് പെഡല്‍ബോട്ട്, രണ്ട് സൈക്കിളിങ്ങ്, ഒരു സ്പീഡ് ബോട്ട് എന്നിവയാണുള്ളത്. ഇതോടൊപ്പം കുട്ടികള്‍ക്കുള്ള പാര്‍ക്കുമുണ്ട്.

ഉഷാറായി ശ്രീനാരായണപുരം

ശ്രീനാരായണപുരം റിപ്പിള്‍സ് വെള്ളച്ചാട്ടം കാണാനും സഞ്ചാരികളെത്തി തുടങ്ങി. ലക്ഷങ്ങള്‍ മുടക്കി നവീകരണം നടത്തിയതോടെ അടിസ്ഥാന സൗകര്യങ്ങള്‍ ഇവിടെ വര്‍ദ്ധിച്ചു. പുതുതായി ഒരുക്കിയ വാച്ച് ടവറാണ് മുഖ്യ ആകര്‍ഷണം.

കോടപുതച്ച് മൂന്നാര്‍

ഡിസംബര്‍ മാസമെത്തിയതോടെ മൂന്നാര്‍ മഞ്ഞ് പുതച്ച് തുടങ്ങി. റിസോര്‍ട്ടുകളിലും ഹോട്ടലുകളിലുമെല്ലാം ബുക്കിങ് വരുന്നുണ്ട്. ക്രിസ്മസിനോട് അടുത്ത ദിവസങ്ങളിലേക്കാണ് കൂടുതല്‍ ബുക്കിങ്ങുകള്‍. മറയൂരിലും, വാഗമണ്ണിലും ഇതിനോടകം സഞ്ചാരികളുടെ തിരക്കാണ്.

തേക്കടിയിലും തിരക്കായി

തേക്കടിയിലെയും പരിസര പ്രദേശങ്ങളിലെയും കാഴ്ചകാണാന്‍ നല്ല തിരക്കായി. വടക്കേ ഇന്ത്യയില്‍ നിന്നുള്ള സഞ്ചാരികളാണ് ഇവിടെയെത്തുന്നവരില്‍ ഏറെയും. പരുന്തുംപാറ, അഞ്ചുരുളി, പാഞ്ചാലിമേട്, രാമക്കല്‍മേട്, മറയൂര്‍ എന്നിവിടങ്ങളിലും സഞ്ചാരികളുടെ തിരക്ക് അനുഭവപ്പെട്ട് തുടങ്ങി.

 

കാഴ്ചകളൊരുക്കി തൊടുപുഴയും

തൊടുപുഴയിലെ മനോഹരകാഴ്ചകള്‍ പകര്‍ത്താനും ആസ്വദിക്കാനും ഇപ്പോള്‍ ഒട്ടേറെപ്പേര്‍ എത്തുന്നുണ്ട്. മലങ്കര ജലാശയവും പാര്‍ക്കും, തൊമ്മന്‍കുത്ത് ആനയാടിക്കുത്ത് വെള്ളച്ചാട്ടങ്ങള്‍, വണ്ണപ്പുറത്തെ കോട്ടപ്പാറ, കാറ്റാടിക്കടവ്, ആനപ്പാറ, നാടുകാണി വ്യൂപോയിന്റ് എന്നിവയും കാഴ്ചയുടെ വിസ്മയങ്ങള്‍ സമ്മാനിക്കുന്നു. മഴ നില്‍ക്കുന്നതിനാല്‍ ജില്ലയിലെ വെള്ളച്ചാട്ടങ്ങളും സമൃദ്ധമാണ്.

ഹൈറേഞ്ചിലെ വിനോദസഞ്ചാരകേന്ദ്രങ്ങള്‍ ഉഷാറായി

കുഞ്ചിത്തണ്ണി: ക്രിസ്മസ് അവധിക്കാലമടുത്തതോടെ സഞ്ചാരികളെ വരവേല്‍ക്കാന്‍ ഒരുങ്ങി ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങള്‍. പ്രധാന ടൂറിസം കേന്ദ്രങ്ങളിലെല്ലാം അതിന്റെ തിരക്കും കാണുന്നുണ്ട്. ഇടുക്കിയിലെ മഞ്ഞണിഞ്ഞ രാവുകള്‍ ആഘോഷിക്കാന്‍ നാാടിന്റെ നാനാഭാഗത്തുനിന്നെത്തുമെന്നാണ് പ്രതീക്ഷ. പ്രളയവും മഴയുമെല്ലാം ശോഭ കെടുത്തിയ വിനോദസഞ്ചാര മേഖല ഉയര്‍ത്തെഴുന്നേല്‍പ്പിനായി ഈ ക്രിസ്മസ് കാലത്തെയാണ് ഉറ്റുനോക്കുന്നത്.

share this post on...

Related posts