ശ്വാസം പോലും കിട്ടില്ല, വൈറസിനെ തമാശയായി കാണരുത്: കോവിഡ് ബാധിച്ച ഫുട്‌ബോളര്‍

ലണ്ടന്‍: ‘ശ്വാസമെടുക്കാന്‍ പോലും കഴിയാത്ത സ്ഥിതിയിലായിരുന്നു ഞാന്‍. എന്താണു സംഭവിക്കാന്‍ പോകുന്നതെന്ന് അറിയാതെ പകച്ചുനില്‍ക്കാനേ കഴിഞ്ഞുള്ളൂ. ദയവുചെയ്ത് കൊറോണ വൈറസ് ബാധയെ തമാശയായി കാണരുത്. ഇത് അതീവ ഗൗരവമുള്ള പ്രശ്‌നമാണ്’ – കോവിഡ് 19 ബാധിച്ച് കഠിനമായ ആശുപത്രി വാസത്തിനു ശേഷം സാധാരണ ജീവിതത്തിലേക്കു തിരിച്ചെത്തുന്ന ഐറിഷ് ഫുട്‌ബോള്‍ താരം ലീ ഡഫിയുടെ വാക്കുകളാണിത്. ലോകമാകെ കോവിഡ് 19 വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ എല്ലാവരും അതീവഗൗരവത്തോടെ കേള്‍ക്കേണ്ട വാക്കുകള്‍. കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായാല്‍, ഒന്നും അത്ര ലഘുവല്ലെന്നാണ് ലീ ഡഫിയുടെ സാക്ഷ്യം.
ഐറിഷ് ലീഗില്‍ വാറന്‍പോയിന്റ് ടൗണ്‍ എഫ്‌സിയുടെ താരമായിരുന്നു ഇരുപത്തെട്ടുകാരനായ ഡഫി. അതിനു മുന്‍പ് നെവ്റി സിറ്റിക്കായും കളിച്ചിട്ടുണ്ട്. രണ്ടാഴ്ച മുന്‍പാണ് ഡഫിക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ആശുപത്രിയില്‍ ഐസലേഷനിലായ ഡഫി, രണ്ടാഴ്ചയോളം അവിടെ ചെലവഴിച്ചു. ഈ അനുഭവത്തിന്റെ പശ്ചാത്തലത്തിലാണ് ട്വിറ്ററിലൂടെ അദ്ദേഹത്തിന്റെ മുന്നറിയിപ്പ്.
‘നിങ്ങളില്‍ ചിലര്‍ക്ക് അറിയാവുന്നതുപോലെ രണ്ടാഴ്ച മുന്‍പാണ് എനിക്ക് കോവിഡ് 19 സ്ഥിരീകരിച്ചത്. ഓക്‌സിജന്‍ മാസ്‌കിന്റെ സഹായത്തോടെയാണ് അവിടെ എന്റെ ജീവന്‍ നിലനിര്‍ത്തിയത്. കാരണം എനിക്കു സ്വയം ശ്വസിക്കാന്‍ കഴിയുമായിരുന്നില്ല. എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് അറിയാതെ പകച്ചുപോയ നിമിഷങ്ങള്‍. ഭാഗ്യവശാല്‍, ബുദ്ധിമുട്ടേറിയ ഈ ഘട്ടം അതിജീവിക്കാനായി. ഇപ്പോള്‍ കുറച്ചൊക്കെ ഭേദമുണ്ട്. എല്ലാവരോടും ഒറ്റക്കാര്യമേ പറയാനുള്ളൂ. ഇതിനെ (കൊറോണ വൈറസ് വ്യാപനത്തെ) തീരെ ലഘുവായി കാണരുത്. ഇത് അതിഗൗരവമുള്ള വിഷയമാണ്’ – ഡഫി ട്വിറ്ററില്‍ കുറിച്ചു.
ഡഫിയുടെ മുന്നറിയിപ്പ് ഗൗരവമായെടുക്കണമെന്ന അഭ്യര്‍ഥനയുമായി അദ്ദേഹത്തിന്റെ മുന്‍ ക്ലബ് വാറന്‍പോയിന്റ് ടൗണ്‍ എഫ്‌സി ഫെയ്‌സ്ബുക്കില്‍ പ്രത്യേകം പ്രസ്താവനയിറക്കി.
‘നമ്മുടെ മുന്‍താരം ലീ ഡഫി കോവിഡ് 19നെക്കുറിച്ച് ചില കാര്യങ്ങള്‍ തുറന്നുപറഞ്ഞിട്ടുണ്ട്. ഭാഗ്യവശാല്‍ അദ്ദേഹം സുഖമായിവരുന്നു. 28 വയസ്സ് പ്രായമുള്ള പൂര്‍ണ ആരോഗ്യവാനായ ചെറുപ്പക്കാരനാണ് ലീ. ഈ വൈറസിനെ ദയവുചെയ്ത് ഗൗരവത്തോടെ കാണുക. ഇത് എല്ലാ പ്രായക്കാരെയും ബാധിക്കും. ലീയുടെ പൂര്‍ണസൗഖ്യത്തിനായി നമുക്കു പ്രാര്‍ഥിക്കാം’ – ക്ലബ് കുറിച്ചു.

Related posts