ഗ്രാന്റ് ഐ10 നിയോസ് 20 ന് വരുന്നു

ഹ്യുണ്ടായ് ഗ്രാന്റ് ഐ10 നിയോസിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയ ആദ്യ യൂണിറ്റ് പുറത്തിറക്കി. കമ്പനിയുടെ ചെന്നൈ പ്ലാന്റില്‍നിന്നാണ് ആദ്യ ഗ്രാന്റ് ഐ10 നിയോസ് പുറത്തിറങ്ങിയത്. ഓഗസ്റ്റ് 20 നാണ് നിയോസിനെ ഹ്യുണ്ടായ് ഓദ്യോഗികമായി പുറത്തിറക്കുക. ആഗോളതലത്തില്‍ ഗ്രാന്റ് ഐ 10-ന്റെ മൂന്നാംതലമുറ മോഡലും ഇന്ത്യയില്‍ രണ്ടാംതലമുറ മോഡലുമാണിത്. വാഹനത്തിനുള്ള ബുക്കിങ് ഹ്യുണ്ടായ് നേരത്തെ സ്വീകരിച്ച് തുടങ്ങിയിരുന്നു. പഴയ ഗ്രാന്റ് ഐ 10 മോഡലിനെ പിന്‍വലിക്കാതെയാണ് പുതിയ ഗ്രാന്റ് ഐ 10 നിയോസ് വിപണിയിലേക്കെത്തുക. ഗ്രാന്റ് ഐ10-ല്‍ നിന്ന് അല്‍പം മാറ്റങ്ങള്‍ നിയോസിനുണ്ട്. പുതിയ ഡിസൈനിലുള്ള കാസ്‌കാഡ് ഗ്രില്‍, വ്യത്യസ്തമായ ഡേ ടൈം റണ്ണിങ് ലൈറ്റ്, പ്രൊജക്റ്റര്‍ ഹെഡ്‌ലാമ്പ്, ക്രോം ഡോര്‍ ഹാന്‍ഡില്‍, റൂഫ് റെയില്‍സ്, ഡ്യുവല്‍ ടോണ്‍ അലോയി വീല്‍ എന്നിവ പുറംമോഡിയില്‍ നിയോസിനെ ഗ്ലാമറാക്കും. ഇരട്ട നിറത്തിലാണ് അകത്തളം. ഡാഷ്‌ബോര്‍ഡും പുതുക്കിപ്പണിതിട്ടുണ്ട്. ത്രീ സ്‌പോക്ക് മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ് വീല്‍, ട്വിന്‍ പോഡ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവയാണ് നിയോസിലെ ഇന്റീരിയറിലെ പ്രത്യേകതകള്‍. വയര്‍ലെസ് ചാര്‍ജിങ് ഉള്‍പ്പെടെയുള്ള സെഗ്മെന്റ് ഫസ്റ്റ് ഫീച്ചേഴ്‌സും വാഹനത്തിലുണ്ടാകും. മെക്കാനിക്കല്‍ ഫീച്ചഴ്‌സ് അടക്കമുള്ള കൂടുതല്‍ വിവരങ്ങള്‍ ലോഞ്ചിങ് വേളയില്‍ മാത്രമേ കമ്പനി വ്യക്തമാക്കു. പഴയ മോഡലിലെ 1.2 ലിറ്റര്‍ പെട്രോള്‍ ഡീസല്‍ എന്‍ജിനുകള്‍ ബിഎസ് 6 നിലവാരത്തിലേക്ക് ഉയര്‍ത്തി നിയോസില്‍ ഉള്‍പ്പെടുത്താനാണ് സാധ്യത. പെട്രോള്‍-ഡീസല്‍ വകഭേദങ്ങളില്‍ എഎംടി ഗിയര്‍ബോക്‌സുമുണ്ടാകും. 5.2 – 7.7 ലക്ഷത്തിനുള്ളിലായിരിക്കും വാഹനത്തിന്റെ വിലയെന്ന് റിപ്പോര്‍ട്ടുകള്‍.

share this post on...

Related posts