പേരിന് മാത്രം ടാര്‍, പിന്നീട് മറിച്ച് വില്‍ക്കും; പുറത്തറിയാതിരിക്കാന്‍ കിമ്പളം, റോഡ് ടാറിങ്ങില്‍ വന്‍ അഴിമതി; വെളിപ്പെടുത്തലുമായി തൊഴിലാളി

കോഴിക്കോട്: സംസ്ഥാനത്തെ റോഡ് നിര്‍മാണത്തില്‍ നടക്കുന്നത് വന്‍ അഴിമതി. വെളിപ്പെടുത്തലുമായി ടാറിങ് തൊഴിലാളി. ടാറിങ് കഴിഞ്ഞ് മാസങ്ങള്‍ തികയുന്നതിന് മുന്‍പ് തന്നെ റോഡ് തകരുന്നതും ഗുണനിലവാരമില്ലാത്ത റോഡുകള്‍ അപകടങ്ങള്‍ക്കിടയാക്കുന്നുവെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് പുതിയ വെളിപ്പെടുത്തല്‍. റോഡ് നിര്‍മാണത്തില്‍ അപാകതകള്‍ വരുത്തി ലാഭം കൊയ്യുന്ന കോണ്‍ട്രക്റ്റര്‍മാര്‍ക്കെതിരെയാണ് കണ്ണൂര്‍ സ്വദേശി ജോസഫ് മാത്യു പൊലീസിനെ സമീപിച്ചിരിക്കുന്നത്. സംസ്ഥാനത്ത് നടക്കുന്ന റോഡ് നിര്‍മാണത്തില്‍ 80 % വരെ വന്‍ അഴിമതി നടക്കുന്നുവെന്നാണ് ജോസഫിന്റെ ആരോപണം. ടാറിന്റെ വില കൂടിയ സാഹചര്യത്തില്‍ കൂടുതല്‍ ലാഭം കൊയ്യാന്‍ ഒഴിവാക്കുന്നതും അതേ ടാര്‍ തന്നെയാണ്. ഒരു നിര്‍മാണ പ്രവര്‍ത്തിക്ക് ടെന്‍ഡര്‍ ക്ഷണിക്കുമ്പോള്‍ തന്നെ അതില്‍ കൃത്യമായ മാനദണ്ഡങ്ങള്‍ നിര്‍ദേശിക്കുന്നുണ്ട്. ഈ മാനദണ്ഡ പ്രകാരം പറയുന്ന ടാറിന്റെ മൂന്നില്‍ ഒന്ന് മാത്രമേ പലപ്പോഴും റോഡ് നിര്‍മാതാക്കള്‍ ഉപയോഗിക്കാറുള്ളു. അതുകൊണ്ട് തന്നെ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ റോഡ് തകരും ടാറ് ഉപയോഗിക്കുന്നത് എത്രത്തോളം കുറയുന്നുവോ അത്രത്തോളം ലാഭം കുടൂമെന്നാണ് തൊഴിലാളികള്‍ക്ക് കോണ്‍ട്രാക്റ്റര്‍മാര്‍ നല്‍കുന്ന നിര്‍ദേശം. എന്നാല്‍ വര്‍ക്ക് എടുക്കുന്ന സബ് കോണ്‍ട്രാക്റ്റര്‍മാര്‍ തൊഴിലാളികള്‍ക്ക് വേണ്ടത്ര വേതനം പോലും നല്‍കാറില്ലെന്നതും വാസ്തവമാണ്. ഒരു കോണ്‍ട്രക്റ്ററിന് കീഴില്‍ സ്ഥിരമായി ജോലി ലഭിക്കുന്നതിനാല്‍ വേതനം കുറഞ്ഞാലും തൊഴിലാളികള്‍ പ്രതികരിക്കില്ലെന്നതും ഇത്തരക്കാര്‍ക്ക് ഗുണമാകുന്നു. സര്‍ക്കാരിന്റെ ഭാഗത്തു നിന്നും വേണ്ടത്ര പരിശോധനകളില്ലാത്തതും സബ് കോണ്‍ട്രക്റ്റര്‍മാര്‍ക്കും കോണ്‍ട്രക്റ്റര്‍മാര്‍ക്കും ഗുണകരമാകുന്നു.
ഇതിന് ഉന്നത ഉദ്യോഗസ്ഥരുടെ എല്ലാവിധ പിന്തുണയും ഉണ്ടാകും. പാലാരിവട്ടം മേല്‍പ്പാലം നിര്‍മാണത്തിലും ഇത്തരത്തിലുള്ള അപാകതകളാണ് നടന്നതെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ മറ്റ് നിര്‍മാണ് പ്രവര്‍ത്തനങ്ങളിലും ഇത്തരത്തിലുള്ള പരിശോധന നടത്തണമെന്നാണ് സാമൂഹ്യ പ്രവര്‍ത്തകരുടെ ആവശ്യം. തനിക്ക് ലഭിക്കേണ്ട വേതനം ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് തൊഴിലാളി നല്‍കിയ പരാതിയാണ് ഈ തട്ടിപ്പ് പുറത്ത് വിട്ടിരിക്കുന്നത്.

പരാതിയുടെ പൂര്‍ണ രൂപം

വിഷയം: പണവും മൊബൈല്‍ഫോണും തട്ടിയെടുത്തത് സംബന്ധിച്ച്
15 വര്‍ഷക്കാലമായി വിവിധ തരത്തിലുള്ള കൂലിപണിയെടുത്താണ് ഞാന്‍ ജീവിക്കുന്നത്. റോഡിന്റെ ടാറിംങ് ജോലിയാണ് കൂടുതലും ചെയ്യുന്നത്. കേരളത്തിലെ പല സബ്ബ് കോണ്‍ട്രാക്ടര്‍മാരുടെ കൂടെയും തൊഴിലാളിയായി ഞാന്‍ പോയിട്ടുണ്ട്. കോഴിക്കോട് മുക്കം തേക്കുംകുറ്റി റോഡുപണിക്കായി ടിയാന്റെ കൂടെ ഞാന്‍ പോയിട്ടുണ്ട്. അവിടെ ഞാന്‍ ഏകദേശം 45 ദിവസം ഞാന്‍ ടിയാനോടൊപ്പം ജോലി ചെയ്തു ബംഗാള്‍ സ്വദേശിയായ റെന്റു എന്ന തൊഴിലാളിക്ക് ശമ്പളം കൊടുക്കുവാന്‍ നാസര്‍ തിരികെ നല്‍കാം എന്ന ഉറപ്പിന്മേല്‍ ഞാന്‍ എന്റെ സുഹൃത്തിന്റെ കൈയ്യില്‍ നിന്നും നാലായിരത്തി തൊള്ളായിരം 4900/ രൂപ കടം വാങ്ങി റെന്റുവിന് കൊടുത്തു. ഇതു കൂടാതെ ടിയാന് ഫോണ്‍ ചെയ്യാന്‍ വേണ്ടി ഒരു ദിവസം 15000/ രൂപ വില വരുന്ന എന്റെ മൊബൈല്‍ ഫോണ്‍ അയാള്‍ വാങ്ങി ജോലി തിരക്കു കാരണം ഫോണ്‍ പിന്നെ തരാമെന്ന് ടിയാന്‍ പറഞ്ഞു. അന്നേ ദിവസം തന്നെ ടിയാന്‍ ഇയാളുടെ നാടായ മൂവാറ്റുപുഴയ്ക്ക് പോയി. പിന്നീട് മുക്കത്തയ്ക്ക് തിരിച്ചു വന്നില്ല. പല പ്രാവശ്യം ഫോണില്‍ ബന്ധപെട്ടു. അപ്പോഴൊക്കെ ടിയാന്‍ എന്നെ ഭീഷണിപ്പെടുത്തുകയാണ്. പിന്നീട് ഞാന്‍ വിളിച്ചാല്‍ ഫോണ്‍ എടുക്കാറുമില്ല. ഈ വിഷയം ഞാന്‍ കണ്ണൂര്‍ ജില്ലയിലെ കരിക്കോട്ടക്കരി പോലീസ് സ്റ്റേഷനില്‍ അറിയിച്ചതാണ്. അപ്പോള്‍ അവിടെ നിന്നും ബന്ധപെട്ട ഉദ്യോഗസ്ഥന്‍ ടിയാനെ വിളിച്ചിരുന്നു. അടുത്ത ദിവസം തന്നെ പണവും ഫോണും നല്‍കാമെന്ന് പറഞ്ഞതാണ്. എന്നാല്‍ നാളിതുവരെ എന്റെ ഫോണും പണവും എനിക്കു ലഭിച്ചിട്ടില്ല. ഞാന്‍ രോഗിയാണ് എനിക്ക് നടക്കാന്‍ വളരെ ബുദ്ധിമുട്ടാണ് കൈയ്യില്‍ പണം ഇല്ലാത്തകൊണ്ടും ആരും എന്നെ സഹായിക്കാന്‍ ഇല്ലാത്തതു കാരണം എന്റെ സര്‍ജറി നീണ്ടു പോവുകയാണ്. ഇപ്പോള്‍ എനിക്ക് യാതൊരു വിധ ജോലിയും ചെയ്യാന്‍ കഴിയാത്ത അവസ്ഥയാണ്. കോട്ടയത്തെ എന്റെ സുഹൃത്തിന്റെ വീട്ടിലാണ് ഞാന്‍ ഇപ്പോള്‍ താമസിക്കുന്നത്. ടിയാന്‍ പല തൊഴിലാളികള്‍ക്കും പണം കൊടുക്കാനുണ്ട്. പലരും പണം വാങ്ങിയത് പഞ്ചായത്ത് മെമ്പര്‍മാര്‍ വരെ ഇടപെട്ടതിനെ തുടര്‍ന്നാണ്. ടിയാന്‍ ഏറ്റെടുത്ത് നടത്തുന്ന എല്ലാ വര്‍ക്കുകളും നിലവാരം കുറഞ്ഞ രീതിയിലാണ്. റോഡുകളെല്ലാം മൂന്നാം മാസം കൊണ്ട് തകര്‍ന്നു പോകുന്നു. സര്‍ക്കാര്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ള ഒരു മാനദണ്ഡവും പാലിക്കാതെയാണ് ഇയാള്‍ വര്‍ക്കുകള്‍ എല്ലാം നടത്തുന്നത്. ചെയ്യുന്ന വര്‍ക്കുകള്‍ 80% കൃതിമമാണ്. നിശ്ചിത അളവില്‍ ടാര്‍ ഉപയോഗിക്കാറില്ല. പിന്നീട് ഈ ടാര്‍ പുറത്ത് വില്‍ക്കും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന തരത്തിലുള്ള മെറ്റല്‍ അല്ല. ഇയാള്‍ ഉപയോഗിക്കുന്നത്. പിഡബ്ല്യുഡി നിയമ പ്രകാരം മെഷറി ഉപയോഗിക്കുന്നില്ല. ഈ വക കാര്യങ്ങളെല്ലാം ഞാന്‍ പല പ്രാവശ്യം ചോദ്യം ചെയ്തിട്ടുണ്ട്. ഈ പരാതി കൊടുക്കുന്നതോടു കൂടി എന്റെ ജീവനു തന്നെ ഭീഷണി ആകുമെന്നതിന് സംശയമില്ല. പല പ്രാവശ്യം എന്നെ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തിയിട്ടുണ്ട്. രോഗിയായ എന്റെ പണവും എന്റെ മൊബൈല്‍ ഫോണും എനിക്ക് ലഭ്യമാക്കുവാന്‍ വേണ്ടിയും, സര്‍ക്കാരിന് കോടി കണക്ക് രൂപയുടെ നഷ്ടം വരുത്തി വന്‍ തുക തട്ടിപ്പ് നടത്തികൊണ്ടിരിക്കുന്ന ടിയാന്റെ പേരില്‍ അന്വേഷണം നടത്തണം. ടിയാന്‍ ഏറ്റെടുത്ത് ചെയ്ത റോഡ് പണികള്‍ എല്ലാം അന്വേഷണം നടത്തണം. എന്റെ ജീവന് സംരക്ഷണം നല്‍കണമെന്നും അപേക്ഷിക്കുന്നു.

share this post on...

Related posts