വീട് വൃത്തിയാക്കുമ്പോൾ ഈ ഇടങ്ങൾ വിട്ടുപോകരുത്

ദിവസവും വീട് വൃത്തിയാക്കിയാലും വിട്ടുപോകുന്ന ചില സ്ഥലങ്ങളുണ്ട്. കണ്ണില്‍ പെടുന്ന പൊടിയും മാറാലയും അഴുക്കും കളഞ്ഞാലും കണ്ണെത്താതെ കിടക്കുന്ന ഇടങ്ങളുണ്ട്. പക്ഷെ വീടിന്‍റെ ആരോഗ്യം എന്നത് അധികം ശ്രദ്ധിക്കാതെ പോകുന്ന ഇടങ്ങള്‍ വൃത്തിയാക്കുന്നതിലാണ്. അതിനാല്‍ താഴെപറഞ്ഞിരിക്കുന്ന ഇടങ്ങള്‍ വൃത്തിയാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.
സോഫയുടെയും സെറ്റിയുടെയും വിടവുകള്‍: സോഫയില്‍ ചാഞ്ഞിരുന്ന് ടി.വി കാണാന്‍ ഇഷ്ടപ്പെടാത്തവരായിട്ട് ആരും തന്നെ ഉണ്ടാകില്ല. ഇത്തരത്തില്‍ ആഹാരപദാര്‍ത്ഥങ്ങളുടെ അവശിഷ്ടങ്ങളും മറ്റ് പൊടികളും സോഫയുടെയും സെറ്റിയുടെയും വിടവുകളില്‍ അടിഞ്ഞു കൂടുന്നതും സ്വാഭാവികമാണ്. വാക്വം ക്ലീനര്‍ വച്ചോ സോപ്പ് പൊടി വെള്ളത്തില്‍ കലര്‍ത്തി പേസ്റ്റ് ആക്കിയോ അഴുക്കു പുരണ്ട ഇടത്ത് നനഞ്ഞ തുണികൊണ്ട് തുടച്ചുമാറ്റാം.
ബേസ് ബോര്‍ഡും വാതിലുകളും: ദിവസവും തറ തുടച്ചാലും തറയും ചുവരും ചേരുന്ന ഇടം അതായത് ബേസ് ബോര്‍ഡ് വൃത്തിയാക്കിയെന്നു വരില്ല. അതുപോലെ തന്നെയാണ് വാതിലുകളും. അല്പം വിനാഗിരിയും വെള്ളവും മിക്‌സ് ചെയ്തതില്‍ തുണി മുക്കി വാതിലുകളും ബേസ്ബോര്‍ഡും വൃത്തിയാക്കാം. വിട്ടു പോകുന്ന മറ്റൊരു ഇടമാണ് ഡോര്‍ ഹാന്‍ഡില്‍, ഇവ വൃത്തിയാക്കാനും വിനാഗിരി ഉപയോഗിക്കാം.
കര്‍ട്ടന്‍: അഴുക്കും പൊടിയും നിറഞ്ഞതാകും വീട്ടിലെ കര്‍ട്ടനുകള്‍. പലതും പൊടി നിറഞ്ഞ്നിറം തന്നെ മങ്ങിയിട്ടുണ്ടാകും. രണ്ടാഴ്ച കൂടുമ്പോഴെങ്കിലും കര്‍ട്ടനുകള്‍ കഴുകി വെയിലത്തുണക്കി എടുക്കാന്‍ ശ്രദ്ധിക്കുക.
ഫ്രിഡ്ജ്, അലമാര എന്നിവയുടെ അടിഭാഗം പൊടി നിറഞ്ഞു ചിലന്തിയുടെയും മറ്റുചെറുപ്രാണികളുടെയും വാസസ്ഥലമായിരിക്കാം. മാസത്തില്‍ ഒരിക്കല്‍ എങ്കിലും ഇവയുടെ അടിവശം വൃത്തിയാക്കണം.
ഡസ്റ്റ് ബിന്‍: അടുക്കള മാലിന്യങ്ങളും മറ്റും നിക്ഷേപിക്കാന്‍ വീട്ടില്‍ വച്ചിരിക്കുന്ന ഡസ്റ്റ് ബിനും ആഴ്ചയിലൊരിക്കലെങ്കിലും വൃത്തിയാക്കേണ്ടതാണ്. ഇവ സോപ്പ് പൊടി ഉപയോഗിച്ച്‌ വൃത്തിയാക്കി വെയിലത്തു വെച്ചതിനു ശേഷം മാത്രം വീണ്ടും ഉപയോഗിക്കുക.

share this post on...

Related posts