ലിപ്ബാം അണിയാം, കരുതലോടെ..

ലിപ്ബാം എങ്ങനെ, എപ്പോള്‍, എത്ര തവണ പുരട്ടണം എന്നൊന്നും മിക്കവരും ചിന്തിക്കാറില്ല. കയ്യില്‍ കിട്ടുന്ന നിറമെടുത്ത് കണ്ണാടിയില്‍പോലും നോക്കാതെ ചുണ്ടില്‍ പുരട്ടുന്നവരാണ് ഏറെയും. എന്നാല്‍ അത്ര സിംപിളായി കാണേണ്ട ഒന്നല്ല ലിപ്ബാം. അറിയാം ലിപ്ബാം അണിയുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.

· ബ്രഷ് ഉപയോഗിച്ചോ വിരല്‍ കൊണ്ടു തൊട്ടെടുത്തോ ലിപ് ബാം അണിയാം. താഴത്തെ ചുണ്ടിനേക്കാള്‍ നേര്‍മയായി മേല്‍ചുണ്ടില്‍ അണിയുന്നതാണ് ഭംഗി.

· സ്റ്റിക് രൂപത്തിലുള്ള ലിപ്ബാം ഉപയോഗിക്കുമ്പോള്‍ അ വയുടെ അരികുവശങ്ങളുപയോഗിച്ച് ചുണ്ടിന് ഔട്ട് ലൈന്‍ നല്‍കിയശേഷം ബാം ഫില്‍ ചെയ്യാം. ഇതു ചുണ്ടുകളെ കൂടുതല്‍ ആകര്‍ഷകമാക്കും.

· ലിപ്സ്റ്റിക് അണിയുന്നതിന് മുന്നോടിയായി അല്‍പം ലിപ് ബാം പുരട്ടിയാല്‍ ചുണ്ടുകള്‍ വരണ്ടതായി തോന്നില്ല. ലിപ് ബാം അണിഞ്ഞ് ഒന്നോ രണ്ടോ മിനിറ്റിനു ശേഷം വേണം ലിപ്സ്റ്റിക് അണിയാന്‍.

· ജെല്‍ രൂപത്തിലുള്ള ലിപ് ബാം വിരലുപയോഗിച്ചു വേണം പുരട്ടാന്‍. കൈവിരലുകള്‍ കഴുകി ഉണങ്ങിയ ശേഷം മാത്രമേ ബാം ഉപയോഗിക്കാവൂ എന്നതും പ്രധാനമാണ്.

· മുഖത്തെ ഡ്രൈ ഏരിയകളായ മൂക്കിന്റെ വശങ്ങള്‍, കവിള്‍തടങ്ങള്‍ എന്നിവിടങ്ങളിലും ലിപ് ബാം ഉപയോഗിക്കാം. വിരലുകളില്‍ തൊട്ടെടുത്ത് ചെറിയ ഡോട്ടുകളായി അണിഞ്ഞ ശേഷം നന്നായി ചര്‍മവുമായി ബ്ലെന്‍ഡ് ചെയ്തിടണം.

· എസ്പിഎഫ് (സണ്‍ പ്രൊട്ടക്ഷന്‍ ഫാക്ടര്‍) 15 ന് മുകളിലുള്ള ലിപ് ബാം ഉപയോഗിക്കുന്നത് സൂര്യപ്രകാശത്തില്‍ നിന്നും ചുണ്ടുകളെ സംരക്ഷിക്കാന്‍ സഹായിക്കും.

· മോയ്‌സ്ചറൈസിങ്ങിന് പ്രാധാന്യമുള്ള ലിപ് ബാമുകള്‍ നോക്കി വാങ്ങാം. ബീ വാക്‌സ്, സെറാമൈഡ്‌സ് ഇവയെല്ലാം ചുണ്ടുകളിലെ ജലാംശം നിലനിര്‍ത്തും.

· ലിപ് ബാം വാങ്ങുമ്പോള്‍ കാലാവധി നോക്കാന്‍ മറക്കേണ്ട. ഒരു വര്‍ഷത്തിന് മുകളില്‍ കാലാവധിയുള്ളവയാണ് നല്ലത്. പഴകിയ ലിപ് ബാമുകള്‍ ചുണ്ടുകളില്‍ അലര്‍ജിയും അണുബാധയുമുണ്ടാക്കാം.

share this post on...

Related posts