ഹാന്‍ഡ് സാനിറ്റൈസര്‍ കൈകളില്‍ എത്ര സമയം നിലനില്‍ക്കും?

കൊറോണവൈറസ് അണുബാധ തടയാന്‍ കൈകളുടെ ശുചിത്വം പാലിക്കേണ്ടതാണ്. കൈകള്‍ വൃത്തിയാക്കാനുള്ള ഏറ്റവും മികച്ച മാര്‍ഗം സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക എന്നതാണ്. എന്നാല്‍ ഇവയുടെ അഭാവത്തില്‍, വൈറസില്‍ നിന്നുള്ള സ്വയരക്ഷയ്ക്കായി ഹാന്‍ഡ് സാനിറ്റൈസറിനെ ആശ്രയിക്കേണ്ടി വരും. എന്നാല്‍ ഹാന്‍ഡ് സാനിറ്റൈസര്‍ എത്ര സമയം നീണ്ടു നില്‍ക്കും എന്നറിയാമോ? ഇവ ഏറെ സമയം നീണ്ടു നില്‍ക്കില്ല എന്നതാണ് വാസ്തവം.
വെറും രണ്ടു മിനിറ്റ് മാത്രമാണ് ഹാന്‍ഡ് സാനിറ്റൈസര്‍ സംരക്ഷണം നല്‍കുക. നീണ്ടുനില്‍ക്കുന്ന സംരക്ഷണം നല്‍കാത്തതു കൊണ്ടുതന്നെ ഓരോ തവണയും ഇതുപയോഗിക്കണം. വെള്ളവും സോപ്പും ലഭിക്കാത്ത സമയത്തു മാത്രമേ ഹാന്‍ഡ് സാനിറ്റൈസര്‍ ഉപയോഗിക്കാവൂ.
കൈകള്‍ കഴുകിയ ശേഷം മാത്രമേ മുഖത്തു സ്പര്‍ശിക്കാനും ഭക്ഷണം കഴിക്കാനും പാടുള്ളൂ എന്നു വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. കുറഞ്ഞത് അറുപത് ശതമാനമെങ്കിലും ആല്‍ക്കഹോള്‍ അടങ്ങിയ ഹാന്‍ഡ് സാനിറ്റൈസര്‍ ഉപയോഗിക്കണമെന്നും കൈകളില്‍ അവ 30 സെക്കന്റ് തടവണമെന്നും സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (CDC) നിര്‍ദേശിക്കുന്നു.

സാനിറ്റൈസര്‍ കൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടോ?

അടിയന്തിര സാഹചര്യങ്ങളില്‍ സോപ്പിനും വെള്ളത്തിനും പകരമായി ആല്‍ക്കഹോള്‍ അടങ്ങിയ ഹാന്‍ഡ് സാനിറ്റൈസര്‍ ഉപയോഗിക്കാം. എന്നാല്‍ ഇവ ഒരു പരിഹാരമല്ല. സാനിറ്റൈസര്‍ എല്ലാ അണുക്കളെയും നശിപ്പിക്കുകയല്ല. അവ വേഗത്തില്‍ പ്രവര്‍ത്തിക്കുകയും ചര്‍മത്തിലെ അണുക്കളുടെ എണ്ണം ഗണ്യമായി കുറയ്ക്കുകയും ചെയ്യും എന്നു മാത്രം.

നിങ്ങള്‍ ചെയ്യേണ്ടത്

സാനിറ്റൈസര്‍ പത്തു മിനിറ്റ് മുന്‍പ് തടവി എങ്കില്‍പ്പോലും ഭക്ഷണം കഴിക്കുന്നതിനും മുഖത്തു സ്പര്‍ശിക്കുന്നതിനും മുന്‍പ് കൈകള്‍ വൃത്തിയാക്കണം. വീണ്ടും ഇത് ചെയ്യണം.
നിങ്ങള്‍ ഹാന്‍ഡ് സാനിറ്റൈസര്‍ ഉപയോഗിക്കുകയാണെങ്കില്‍, കൈകളുടെ എല്ലാ ഭാഗവും സ്പര്‍ശിക്കുന്ന രീതിയില്‍ കൈകള്‍ വരണ്ടതായി തോന്നും വരെ മുപ്പതു സെക്കന്റ് നേരം നന്നായി തടവണം.
എന്നാലും കൈകളുടെ ശുചിത്വം പാലിക്കുന്നതിന് ഏറ്റവും മികച്ച മാര്‍ഗം സോപ്പും വെള്ളവും ഉപയോഗിക്കുന്നത് തന്നെയാണ്. സോപ്പ് ഉപയോഗിച്ച് കുറഞ്ഞത് ഇരുപതു സെക്കന്റ് എങ്കിലും തിരുമ്മണം. വിരലുകള്‍ക്കിടയിലും കൈകളുടെ പുറകിലും നഖങ്ങള്‍ക്കിടയിലും നന്നായി തടവണം.

Related posts