വെള്ളത്തിൽ മുങ്ങിയ ഒരാളെ കരയ്‌ക്കെത്തിച്ചാൽ ചെയ്യേണ്ടത്

ഒരാളെ വെള്ളത്തിൽനിന്ന് രക്ഷിച്ചു കരയ്‌ക്കെത്തിച്ചാൽ പെട്ടെന്ന് എന്ത് ചെയ്യണമെന്ന് അവിടെ കൂടിനിൽക്കുന്ന പലർക്കും അറിവുണ്ടാകില്ല. ഇക്കാര്യങ്ങളിൽ അറിവുണ്ടായാൽ അടിയന്തര ഘട്ടങ്ങളിൽ ഒരാളുടെ ജീവൻ രക്ഷിക്കാനാവും.
വെള്ളത്തിൽ മുങ്ങിപ്പോകുന്ന വ്യക്തിക്ക് ശ്വാസതടസ്സമാണ് പ്രധാന പ്രശ്നം. പെട്ടെന്നു വെള്ളത്തിലേക്കു വീഴുന്ന ആളുടെ ശ്വാസനാളത്തിലെ പേശീമുറുക്കം കാരണമാണ് ശ്വാസതടസ്സം സംഭവിക്കുന്നത്. ഇത്തരക്കാരിൽ ശ്വാസകോശത്തിലേക്കു വെള്ളം കടക്കാറില്ല. ഇതിനു ഡ്രൈ ഡൗണിങ് എന്നാണു പറയുക. വെള്ളത്തിൽ മുങ്ങിയ ആളെ കരയിലെത്തിച്ചാലുടൻ നിലത്തു കിടത്തണം. ഇറുകിയ വസ്ത്രങ്ങൾ അഴിക്കുകയോ കീറിയെടുക്കുകയോ വേണം. ശ്വാസതടസ്സമുണ്ടെങ്കിൽ കൃത്രിമ ശ്വാസോച്ഛ്വാസം കൊടുക്കണം. വായിൽ ഛർദിയുടെ അംശമുണ്ടെങ്കിൽ വിരൽ കടത്തി വായ് വൃത്തിയാക്കണം. ശരീരം നനവില്ലാത്ത കൈ കൊണ്ടു നല്ലവണ്ണം തിരുമ്മാം.
ഹൃദയസ്തംഭനം ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ജീവൻരക്ഷാ സഹായങ്ങൾ ആരംഭിക്കണം. വ്യക്തിയെ ഒരു വശത്തേക്കു ചെരിച്ചശേഷം പതുക്കെ വയറിനു മുകളിൽ അമർത്തി വെള്ളം പുറത്തു കളയണം. ചരിച്ചു കിടത്തുമ്പോൾ ഇടതുവശം ചരിച്ചു കിടത്തണം. ഹൃദയത്തിന്റെ വശം താഴെ ആകുന്നവിധത്തിൽ വേണം കിടത്താൻ. കമഴ്ത്തിക്കിടത്തി ആളിന്റെ മുതുകിൽ അമർത്തി വെള്ളം പുറത്തുകളയുന്നത് അത്ര പ്രയോജനകരമല്ലെന്നു പഠനങ്ങൾ പറയുന്നു. എത്രയും വേഗം ആശുപത്രിയിലെത്തിക്കണം.

share this post on...

Related posts