ഓര്‍ക്കുക!… പോളിങ് ബൂത്തില്‍ ചെല്ലുമ്പോള്‍ എങ്ങനെ?…

ആലപ്പുഴ: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഒരു വോട്ടര്‍ വോട്ടു രേഖപ്പെടുത്താന്‍ പോളിങ്ങ് ബൂത്തിലെത്തി വോട്ടു രേഖപ്പെടുത്തും വരെ അയാള്‍ എല്ലാം ക്രമത്തിലാണോ ചെയ്യുന്നതെന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഉറപ്പുവരുത്തിയിരിക്കണമെന്നാണ് വ്യവസ്ഥ. ഒന്നാം പോളിങ് ഉദ്യോഗസ്ഥനാണ് വോട്ടറെ തിരിച്ചറിയുന്ന വോട്ടര്‍ പട്ടിക കൈവശം വെക്കുന്നത്. പോളിങ് ബൂത്തിലെത്തുന്ന സമ്മതിദായകന്‍ ആദ്യമെത്തുന്നത് ഒന്നാം പോളിങ് ഉദ്യോഗസ്ഥന്റെ മുന്നിലേക്കാണ്. ഇദ്ദേഹം വോട്ടറെ തിരിച്ചറിഞ്ഞതിനു ശേഷമാണ് വോട്ടിങിന്റെ നടപടിക്രമങ്ങള്‍ ആരംഭിക്കുക.
രണ്ടാം പോളിങ് ഉദ്യോഗസ്ഥനാണ് സമ്മതിദായകന്റെ ഇടതുകയ്യിലെ ചൂണ്ടാണി വിരലില്‍ ഇന്‍സെലിബിള്‍ മഷി തേക്കുന്നത്. നഖത്തിനു മുകളില്‍ നിന്നും താഴേക്കാണ് മഷിപുരട്ടേണ്ടത്. ഇദ്ദേഹം തന്നെയാണ് 17-എ പട്ടിക പ്രകാരം സമ്മതിദായപ്പട്ടികയുടെ ഉത്തരവാദിത്തം വഹിക്കുന്നത്. മൂന്നാം പോളിങ് ഉദ്യോഗസ്ഥനാണ് ഇലക്ട്രോണിക് വോട്ടിങ്ങ് യന്ത്രത്തിന്റെ ചുമതല വഹിക്കുന്നത്. രണ്ടാം പോളിങ് ഉദ്യോഗസ്ഥനൊപ്പം തന്നെയാണ് ഇദ്ദേഹവുമിരിക്കുന്നത്. രണ്ടാം പോളിങ് ഉദ്യോഗസ്ഥന്‍ നല്‍കുന്ന വോട്ടര്‍ സ്ലിപ്പിന്റെ അടിസ്ഥാനത്തില്‍ സമ്മതിദായകരെ വോട്ടുചെയ്യിക്കുന്നത് ഇദ്ദേഹത്തിന്റെ ചുമതലയാണ്. കൂടാതെ ഇന്‍സെലിബിള്‍ മഷി കയ്യില്‍ പുരട്ടിയിട്ടുണ്ടോയെന്നും നിരീക്ഷിക്കണം. നാലാം പോളിങ് ഉദ്യോഗസ്ഥന്റെ മേശയില്‍ സജ്ജീകരിച്ചിരിക്കുന്ന കണ്‍ട്രോള്‍ യൂണിറ്റിലെ ബാലറ്റ് ബട്ടണില്‍ അമര്‍ത്തിയ ശേഷം വോട്ടര്‍ക്ക് വോട്ടുയന്ത്രം സജ്ജീകരിച്ചിരിക്കുന്ന കമ്പാര്‍ട്ട്‌മെന്റിലെത്തി വോട്ടു ചെയ്ത് വോട്ടിങ്ങ് പ്രക്രിയ പൂര്‍ത്തിയാക്കാം.

ടെണ്ടര്‍ വോട്ടുകള്‍

തിരഞ്ഞെടുപ്പിലെ 49പി ചട്ടം പ്രകാരം ഒരാളുടെ വോട്ടവകാശം മറ്റൊരു വ്യക്തി രേഖപ്പെടുത്തിയെന്ന് തെളിഞ്ഞാല്‍ പ്രിസൈഡിങ്ങ് ഓഫീസര്‍ മുമ്പാകെ നേരിട്ടെത്തി തിരിച്ചറിയല്‍ രേഖ സമര്‍പ്പിച്ച് കള്ളവോട്ടു നടന്നതായി തെളിയിച്ച ശേഷം വോട്ടുയന്ത്രം ഉപയോഗിക്കാതെ ടെണ്ടര്‍ ബാലറ്റ് പേപ്പറില്‍ വോട്ടു രേഖപ്പെടുത്തി നല്‍കാം. തിരഞ്ഞെടുപ്പ് കമ്മീന്റെ ചട്ടങ്ങളും നിര്‍ദ്ദേശങ്ങളും പാലിച്ചുള്ളതാവണം ടെണ്ടര്‍ ബാലറ്റ് പേപ്പര്‍. ബാലറ്റ് യൂണിറ്റില്‍ സ്ഥാനാര്‍ത്ഥികളുടെ പേരും ചിഹ്നവും പ്രദര്‍ശിപ്പിച്ച അതേ മാതൃകയില്‍ പേപ്പറിന്റെ മറു വശത്ത് ‘ടെണ്ടര്‍ ബാലറ്റ് പേപ്പര്‍’ എന്ന മുദ്രയുള്ളതാവണം ഇവ.

പോളിങ് ഉദ്യോഗസ്ഥരുടെ കാര്യക്ഷമത

പോളിങ് ഓഫീസര്‍മാരുടെ കാര്യക്ഷമതയിലാണ് തിരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പ്. വോട്ടിങ്ങ് മെഷീന് ഓണാക്കി വോട്ട് രേഖപ്പെടുത്തിക്കുക എന്നതിലുപരിയായി വോട്ടര്‍മാര്‍ കൃത്യമായാണ് വോട്ടുരേഖപ്പെടുത്തുന്നതെന്ന് ഉറപ്പുവരുത്തണം. പോളിങ്ങിന്റെ ആദ്യ മണിക്കൂറില്‍ ഉണ്ടാവുന്ന തിരക്കിലും സമ്മര്‍ദ്ദത്തിലും പതറാതെ കാര്യക്ഷമമായി പ്രവര്‍ത്തിക്കണം.

ബൂത്തിലെ സര്‍വാധികാരി പ്രിസൈഡിങ്ങ് ഓഫീസര്‍

പ്രിസൈഡിങ് ഓഫീസറാണ് പോളിങ് സ്റ്റേഷന്റെ മുഴുവന്‍ ചുമതലക്കാരന്‍. വോട്ടിങ്ങ് യന്ത്രം കൃത്യമായി സ്ഥാപിക്കുക, മോക്ക് പോള്‍ നടത്തുക, യന്ത്രം വോട്ടിങ്ങിനായി സ്വിച്ച് ഓണ്‍ ചെയ്യുക, പോളിങ് ആരംഭിക്കുന്നതായി അറിയിക്കുക, മോക്ക് പോളിന് അംഗീകാരം നല്‍കുക, തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുക, യന്ത്രം പരിശോധിക്കുക, പോളിങ്ങ് യന്ത്രം തകരാറിലായാല്‍ ഉടന്‍ ഉചിത തീരുമാനം കൈക്കൊള്ളുക, ടെന്‍ഡര്‍ വോട്ട് ചെയ്യിക്കുക, രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍ ബൂത്തില്‍ അനാവശ്യമായി പ്രവേശിക്കുന്നത് നിയന്ത്രിക്കുക, കൃത്യമായി വോട്ടിങ്ങ് യന്ത്രം പരിശോധിക്കുക എന്നിവയാണ് പ്രിസൈഡിങ് ഓഫീസറുടെ പൊതുചുമതലകള്‍.

പോളിങ് അവസാനിപ്പിക്കല്‍

വോട്ടിങ് അവസാനിപ്പിക്കുന്നത് പ്രിസൈഡിങ് ഓഫീസറാണ്. വോട്ടിങ്ങ് സമയം അവസാനിപ്പിക്കുമ്പോള്‍ നിരയില്‍ അവശേഷിക്കുന്നയാളുകള്‍ക്ക് ടോക്കണ്‍ നല്‍കും. അവര്‍ക്ക് വോട്ടുചെയ്യാം. ശേഷം വരുന്നവര്‍ക്ക് വോട്ട് രേഖപ്പെടുത്താനാകില്ല. വോട്ടിങ്ങിനുള്ള സമയം അവസാനിക്കുന്നതോടെ പോളിങ്ങ് സ്റ്റേഷന്റെ ഗേറ്റ് പോലീസ് അടയ്ക്കും. പോളിങ്ങ് അവസാനിച്ച ശേഷം പ്രിസൈഡിങ്ങ് ഓഫീസര്‍ യന്ത്രത്തില്‍ ക്ലോസ് ബട്ടണ്‍ അമര്‍ത്തുന്നതോടെ പോളിങ്ങ് അവസാനിക്കും.

പോളിങ് ബൂത്തിലേക്കുള്ള പ്രവേശനം ഇവര്‍ക്ക് മാത്രം

സമ്മതിദായകര്‍, പോളിംഗ് ഉദ്യോഗസ്ഥര്‍, സ്ഥാനാര്‍ത്ഥി, സ്ഥാനാര്‍ത്ഥിയുടെ ഏജന്റ്, പോളിംഗ് ഏജന്റ്, തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച ഉദ്യോഗസ്ഥര്‍, തിരഞ്ഞെടുപ്പ് ജോലിയില്‍ ഏര്‍പ്പെട്ടിട്ടുള്ള ജീവനക്കാര്‍, കൈക്കുഞ്ഞ്, കാഴ്ചയില്ലാത്തതോ പരസഹായം ആവശ്യമുള്ളതോ ആയ സമ്മതിദായകരുടെ സഹായികള്‍ എന്നിവര്‍ക്ക് മാത്രമാണ് തിരഞ്ഞെടുപ്പ് ദിവസം പോളിങ് ബൂത്തിലേക്കുള്ള പ്രവേശനം.

പോളിങ്ങ് സ്റ്റേഷനിലും സമീപത്തും ആയുധങ്ങള്‍ പാടില്ല

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പോളിങ്ങ് സ്റ്റേഷന്റെ പരിസര പ്രദേശങ്ങളില്‍ ആയുധങ്ങളുടെ സാന്നിധ്യം തിരഞ്ഞെടുപ്പ് കമ്മീഷന് തടഞ്ഞിട്ടുണ്ട്. 1951 ജനപ്രാതിനിധ്യ നിയമത്തിലെ 134 ബി പ്രകാരമാണ് കമ്മീഷന്‍ ആയുധങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതുപ്രകാരം പോളിങ് ബൂത്തുകളുടെ നൂറുമീറ്റര്‍ പരിധിക്കുള്ളില്‍ ആയുധവുമായി പ്രവേശിക്കുകയോ ആയുധങ്ങള്‍ പ്രദര്‍ശിപ്പിക്കുകയോ ചെയ്യരുത്. വോട്ടര്‍മാര്‍ക്ക് ആരുടെയും പ്രേരണയോ ഭീഷണിയോ കൂടാതെ വോട്ടുരേഖപ്പെടുത്താനാണ് ഇത്. എന്നാല്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ക്ക് ആയുധം കൈവശം വയ്ക്കാം. വരണാധികാരി, പ്രിസൈഡിങ്ങ് ഓഫീസര്‍ എന്നിവരോടൊപ്പമുള്ള സേനാംഗങ്ങളില്‍ അനുവദിക്കപ്പെട്ടവര്‍ക്കു മാത്രം ആയുധം കൈവശംവച്ച് പോളിങ് സ്റ്റേഷനില്‍ പ്രവേശിക്കാം. എന്നാല്‍ ഇത് ലംഘിക്കുന്നവര്‍ക്കെതിരെ നിയമനടപടിയെടുക്കുന്നതും ആയുധം കണ്ടുകെട്ടുന്നതുമാണ്.

തിരിച്ചറിയല്‍ രേഖയായി ഇവ ഉപയോഗിക്കാം

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ രേഖയില്ലാത്തവര്‍ക്കും വോട്ട് രേഖപ്പെടുത്താന്‍ കമ്മിഷന്‍ പകരം സംവിധാനമൊരുക്കിയിട്ടുണ്ട്. കമ്മിഷന്റെ തിരിച്ചറിയല്‍ രേഖയ്ക്കു പകരമായി വോട്ടര്‍മാര്‍ക്ക് സര്‍ക്കാര്‍ അംഗീകൃത തിരിച്ചറിയല്‍ രേഖകള്‍ അന്നേ ദിവസം വോട്ടിങിനായി ഉപയോഗിക്കാം. 12 തിരിച്ചറിയല്‍ രേഖകളാണ് അംഗീകരിച്ചിട്ടുള്ളത്. പാസ്പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ്, ഫോട്ടോ പതിച്ച സര്‍വീസ് ഐഡന്റിറ്റി കാര്‍ഡ് (കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെയോ പൊതുമേഖല സ്ഥാപനങ്ങളുടെയോ), ബാങ്ക്, പോസ്റ്റോഫീസ് പാസ്ബുക്ക്, പാന്‍കാര്‍ഡ്, എന്‍.പി.ആറിന്റെ കീഴില്‍ ആര്‍.ജി.ഐ. വിതരണം ചെയ്ത സ്മാര്‍ട് കാര്‍ഡ്, തൊഴിലുറപ്പ് കാര്‍ഡ്, തൊഴില്‍ മന്ത്രാലയം പുറപ്പെടുവിച്ച ഹെല്‍ത്ത് ഇന്‍ഷുറന്‍സ് സ്മാര്‍ട് കാര്‍ഡ്, ഫോട്ടോ പതിപ്പിച്ച പെന്‍ഷന്‍ രേഖകള്‍, തിരഞ്ഞെടുപ്പ് അധികൃതര്‍ നല്‍കിയ ഫോട്ടോ പതിഞ്ഞ അംഗീകൃത വോട്ടര്‍ സ്ലിപ്പ്, എം.പി, എം.എല്‍.എ, എം.എല്‍.സി.മാരുടെ ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവയിലേതെങ്കിലും തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കാം.

വിവിപാറ്റും ഹരിതചട്ടവും

ജില്ലയിലെ എല്ലാ പോളിങ് ബൂത്തുകളിലും വി.വി. പാറ്റ് അടക്കമുള്ള സംവിധാനങ്ങളാണ് ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സജ്ജമാക്കുന്നത്. പോളിങ് ബൂത്തുകളില്‍ കര്‍ശനമായി ഹരിത ചട്ടം പാലിക്കും. മഴ പെയ്താല്‍ വോട്ടര്‍മാര്‍ നനയാതിരിക്കാന്‍ ഷീറ്റുള്‍പ്പെടെയുള്ള സൗകര്യങ്ങളും ബൂത്തുകളില്‍ ഒരുക്കും. കുടിവെള്ള വിതരണം, മൂലയൂട്ടല്‍ സൗകര്യം, ഭിന്നശേഷിക്കാര്‍ക്ക് പ്രത്യേക സൗകര്യം, പ്രായമായവര്‍ക്ക് വിശ്രമ സൗകര്യം തുടങ്ങിയവയും പോളിങ് ബൂത്തുകളില്‍ ഒരുക്കും.

share this post on...

Related posts