അനുവദനീയമായതില്‍ കൂടുതല്‍ ശബ്ദത്തില്‍ ഹോര്‍ണുകള്‍ പുറപ്പെടുവിക്കുന്നവര്‍ക്ക് ഇനി പിഴ

അമിതമായി ഹോണടിച്ച് ബഹളമുണ്ടാക്കുന്നത് ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമെന്നും ഇനി മുതല്‍ അനുവദനീയമായതില്‍ കൂടുതല്‍ ശബ്ദമുള്ള ഹോണുകള്‍ ഉപയോഗിക്കുന്നവരില്‍ നിന്ന് 1000 രൂപ വരെ പിഴ ഈടാക്കുമെന്നും കേരള പൊലീസ്. ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് കേരള പൊലീസ് ഇക്കാര്യം അറിയിച്ചത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം…

ട്രാഫിക് സിഗ്നല്‍ കാത്തു കിടക്കുന്നവര്‍, റയില്‍വെ ഗേറ്റില്‍, ട്രാഫിക് ബ്ലോക്കില്‍ കാത്തുകിടക്കുന്ന വാഹനങ്ങള്‍ എന്നിവയെ കടത്തിവിട്ടാലേ മുന്നോട്ട് പോകാന്‍ കഴിയൂ. അതുറപ്പാക്കിയിട്ടും അനാവശ്യമായി ഹോണ്‍ മുഴക്കുന്ന ഡ്രൈവര്‍മാരെ നാം കാണാറുണ്ട്.

മറ്റു വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്കു മുന്നറിയിപ്പു നല്‍കാനാണു സാധാരണ ഹോണ്‍ ഉപയോഗിക്കുന്നത്. പല രാജ്യങ്ങളിലും ഡ്രൈവര്‍മാര്‍ ഹോണ്‍ ഉപയോഗിക്കുന്നത് അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ മാത്രമാണ്. എന്നാല്‍ ദേഷ്യം, നിരാശ, അക്ഷമ എന്നിവ പ്രകടിപ്പിക്കാന്‍ ചിലര്‍ തുടര്‍ച്ചയായി ഹോണ്‍ മുഴക്കുന്നു.

തുടര്‍ച്ചയായി മുഴങ്ങുന്ന ഹോണ്‍ മൂലം വാഹനമോടിക്കുന്ന പ്രായമുള്ളവരില്‍ പെട്ടെന്ന് എന്ത് ചെയ്യണം എന്ന ആശയക്കുഴപ്പം ഉണ്ടാകുന്നു. അത് അപകട സാധ്യത കൂട്ടുന്നു. റോഡിന്റെ നിയന്ത്രണം തനിക്കാണെന്ന അഹംഭാവം കൂടി തുടര്‍ച്ചയായി ഹോണ്‍ മുഴക്കുന്നതിന്റെ പിന്നിലുണ്ട്. വലിയ വാഹനങ്ങള്‍ ഓടിക്കുന്നവര്‍ ചെറിയ വാഹനങ്ങളെയും. ഇരുചക്രവാഹനയാത്രികര്‍ കാല്‍നടയാത്രക്കാരെയും ഹോണടിച്ചു പേടിപ്പിക്കാന്‍ ശ്രമിക്കുന്നതും കാണാം.

60 മുതല്‍ 70 ഡെസിബല്ലില്‍ കൂടുതലുള്ള ശബ്ദം കേള്‍വിക്കു തകരാര്‍ ഉണ്ടാക്കുമെന്നു പഠനങ്ങള്‍ പറയുന്നു. . ഇതു 120 ഡെസിബല്ലിനു മുകളിലാണെങ്കില്‍ താല്‍ക്കാലികമായി ചെവി കേള്‍ക്കാതെയാകും. സാവധാനത്തില്‍ കേള്‍വി ശക്തി നഷ്ടപ്പെടുകയാണ് അമിത ശബ്ദം സ്ഥിരമായി കേള്‍ക്കുന്നതിന്റെ ദൂഷ്യഫലം.

അമിത ശബ്ദത്തില്‍ ഹോണ്‍ മുഴക്കി പോകുന്ന വലിയ വാഹനത്തിലെ ഡ്രൈവര്‍മാര്‍ ഈ വസ്തുത മനസ്സിലാക്കുന്നില്ല. ദീര്‍ഘ നേരം അമിത ഹോണ്‍ ചെവിയില്‍ മുഴങ്ങുന്നതു പെട്ടെന്നു തീരുമാനമെടുക്കാനുള്ള ശേഷിയേയും ബാധിക്കും. ഇതു അപകടം ഉണ്ടാക്കാനും കാരണമായേക്കാം.

എയര്‍ ഹോണുകള്‍, അമിതമായി ഹോണടിച്ചു ബഹളമുണ്ടാക്കുന്ന വാഹനങ്ങള്‍, ശബ്ദവ്യത്യാസം വരുത്തിയ വാഹനങ്ങള്‍ തുടങ്ങിയ ഡ്രൈവര്മാക്ക് തങ്ങള്‍ ഉപയോഗിക്കുന്ന ഹോണ്‍ മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളെപ്പറ്റി ധരണയുണ്ടാകണം.

സാധാരണ സംസാരിക്കുമ്പോള്‍ കേള്‍ക്കുന്ന ശബ്ദം 30-40 ഡെസിബല്ലും ഉച്ചത്തില്‍ സംസാരിക്കുമ്പോള്‍ 50 ഡെസിബെലുമാണ് കേള്‍ക്കുന്നത്. ഇനി സാധാരണ ഹോണാണെങ്കില്‍ 70 ഡെസിബല്‍ വരെ ശബ്ദമുണ്ടാകും. നിരോധിത എയര്‍ ഹോണുകള്‍ മുഴക്കുമ്പോള്‍ 90-100 ഡെസിബല്‍ വരെ ശബ്ദമാണുണ്ടാകുന്നത്.

അനുവദനീയമായതില്‍ കൂടുതല്‍ ശബ്ദം പുറപ്പെടുവിക്കുന്ന ഹോണുകള്‍ ഉപയോഗിച്ചാല്‍ 1000 രൂപ വരെയാണ് പിഴ#keralapolice

share this post on...

Related posts