സഞ്ചാരപ്രേമികളുടെ ശ്രദ്ധയാകര്‍ഷിച്ച് കാടിനുള്ളലെ കുഞ്ഞന്‍ വീട്

‘ദി ലോഡ് ഓഫ് റിങ്സ്’ സീരീസിലുള്ള സിനിമകള്‍ കണ്ടവരുടെ കണ്ണുടക്കിയ ഒരു കാഴ്ചയാണ് സിനിമയിലെ ഹോബിറ്റുകളുടെ കുഞ്ഞന്‍ വീടുകള്‍. അത്തരമൊരു വീട് നിര്‍മിച്ച് അതില്‍ താമസിയ്ക്കാന്‍ ആരും കൊതിച്ചു പോകും. അത്രയ്ക്കും മനോഹരമാണ് പ്രകൃതിയോട് ഇണങ്ങി നില്‍ക്കുന്ന ആ വീടുകള്‍. എന്നാല്‍ അത്തരമൊരു വീട് നിര്‍മിച്ച് അതില്‍ താസിച്ച് സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ് നാഗാലാന്‍ഡിലെ അസാഖോ ചേസ് എന്ന യുവാവ്.

ഏഷ്യയിലെ തന്നെ ആദ്യത്തെ ഹരിത ഗ്രാമമായ ഖോണാമയിലാണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. ഇതൊനൊടകം തന്നെ ഈ കുഞ്ഞന്‍ വീട് സഞ്ചാരികള്‍ക്കിടയില്‍ വന്‍ ഹിറ്റായി മാറിക്കഴിഞ്ഞു. ഈ കുഞ്ഞന്‍ വീട് സഞ്ചാരികള്‍ക്കായി തുറന്ന് കൊടുക്കാനുള്ള ഒരുക്കത്തിലാണ് അസാഖോ ഇപ്പോള്‍. വീടിനുള്ളില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കി സെപ്റ്റംബര്‍ 12 മുതല്‍ അതിഥികളെ സ്വീകരിക്കാനാണ് അസാഖോയുടെ പദ്ധതി.

പതിനാലടി വീതിയും പത്തടി ഉയരവുമാണ് ഈ കുഞ്ഞന്‍ വീടിനുള്ളത്. ഏകദേശം രണ്ട് മാസം കൊണ്ടതാണ് അസാഖോ ഈ വീടിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്. കാടിന് നടുവിലാണ് അസാഖോയുടേ ഈ വീട് സ്ഥിതി ചെയ്യുന്നത്. ഓവല്‍ ആകൃതിയിലാണ് വീടിന്റെ ജനലും വാതിലുകളും നിര്‍മിച്ചിട്ടുള്ളത്. ലോഡ് ഓഫ് റിങ്സ് സിനിമകളുടെ ആരാധകനാണ് അസാഖോ. എന്നാല്‍ സിനിമയിലെ പോലെ ഹോബിറ്റ് ഹോള്‍വീട് നിര്‍മിക്കാന്‍ തന്‍ ഒരിക്കലും ചിന്തിച്ചിരുന്നില്ല എന്നാണ് അസാഖോ പറയുന്നത്. തനിക്ക് തനിക്ക് താമസിക്കാനായി കാടിന് നടുവില്‍ നിര്‍മിച്ച ഈ വീട് സമൂഹ മാധ്യമങ്ങളിലും സഞ്ചാര പ്രേമികള്‍ക്കിടയിലും വൈറലാകുമെന്ന് സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ലെന്നും അസാഖോ വ്യക്തമാക്കി.

സുഹൃത്തുക്കളുടെ സഹായത്തോടെ ആല്‍ഡര്‍ മരം ഉപയോഗിച്ചാണ് അസാഖോ വീട് നിര്‍മിച്ചത്. അസാഖോയുടെ കുഞ്ഞന്‍ വീട്ടില്‍ ഒരു സമയം അഞ്ച് മുതല്‍ ഏഴ് പേര്‍ക്ക് വരെ താമസിക്കാനാകും. അതിഥികള്‍ക്ക് പാചകം ചെയ്യാനുള്ള സൗകര്യവും കുഞ്ഞന്‍ വീട്ടിലെ അടുക്കളയില്‍ സജ്ജമാക്കിയിട്ടുണ്ട്. കൂടാതെ, വെള്ളവും വൈദ്യുതിയും പാശ്ചാത്യ രീതിയിലുള്ള ടോയ്ലറ്റും ഇവിടെയുണ്ട്. വീടിനോട് അടുത്ത് തന്നെ ഒരു ആരോഗ്യ സംരക്ഷണ കേന്ദ്രവും പ്രവര്‍ത്തിക്കുന്നുണ്ട്.

മാത്രമല്ല, വീടിനോട് ചേര്‍ന്ന് തന്നെ ജൈവ പച്ചക്കറികള്‍ വളര്‍ത്തുന്ന ഒരു തോട്ടവും അസാഖോ സജ്ജമാക്കിയിട്ടുണ്ട്. വീട്ടിലെത്തുന്ന അതിഥികള്‍ക്ക് പച്ചക്കറികള്‍ പറിച്ചെടുക്കുകയും അവ പാകം ചെയ്ത് കഴിക്കുകയും ചെയ്യാം.

Related posts