മദ്യപിച്ച് വാഹനമോടിച്ച് പിടിച്ചാല്‍ ഇനി തലയൂരാമെന്നു കരുതേണ്ട….കുടിച്ചയാളുടെ ഫോട്ടോയും പെഗിന്റെ എണ്ണവും ഈ വണ്ടിയിലറിയാം

മദ്യപിച്ച് വാഹനമോടിച്ച് പിടിച്ചാല്‍ ഇനി തലയൂരാമെന്നു കരുതേണ്ട. താനല്ല മദ്യപിച്ച് വാഹനമോടിച്ചത്, സൃഹൃത്തായിരുന്നു, അല്ലെങ്കില്‍ കള്ളക്കേസാണ് തുടങ്ങിയ പതിവ് കള്ളത്തരങ്ങളുമായി മോട്ടോര്‍വാഹന വകുപ്പിന്റെ അടുക്കല്‍ ചെല്ലേണ്ട. പിടികൂടിയ സ്ഥലവും മദ്യപിച്ച അളവും മദ്യപിച്ച ആളുടെ പടവുമുള്‍പ്പെടെ പ്രിന്റായി ഉദ്യോഗസ്ഥരുടെ കൈയിലെത്തും. ഇതു തെളിവായി പിന്നീട് ഉപയോഗിക്കുകയും ചെയ്യും. ഇതിനായി 17 അത്യാധുനിക ഇന്റര്‍സെപ്റ്റര്‍ വാഹനങ്ങളാണ് മൂന്നാഴ്ചയ്ക്കിടെ ഇറങ്ങാനൊരുങ്ങുന്നത്. ആല്‍ക്കോമീറ്റര്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങളുണ്ടാകും. 25 ലക്ഷംരൂപയാണ് ഒരു ഇന്റര്‍സെപ്റ്ററിന്.

വാഹനങ്ങളിലെ ക്യാമറകള്‍ അതിനൂതനം. ദൂരെനിന്നുവരുന്ന വാഹനത്തിന്റെ നമ്പര്‍ ശേഖരിച്ച് ആ വാഹനത്തിന്റെ നിയമലംഘനങ്ങള്‍ കണ്ടെത്തും.
എല്ലാ വാഹനങ്ങളും കൈകാണിച്ച് പരിശോധനയ്ക്കു നിര്‍ത്തേണ്ട. ക്യാമറ വഴി നിയമലംഘനങ്ങള്‍ കണ്ടെത്തുന്ന വാഹനം മാത്രം പരിശോധിച്ചാല്‍ മതി.
സ്പീഡ് റഡാര്‍ ശക്തം. ഒന്നര കിലോമീറ്റര്‍ ദൂരത്തുള്ള വാഹനങ്ങളുടെവരെ വേഗം അളക്കാം.
സണ്‍ഫിലിം ഒട്ടിച്ചിട്ടുണ്ടെങ്കില്‍പ്പോലും അത് ഏതുതരത്തിലുള്ളതാണെന്ന് വാഹനത്തിലെ സംവിധാനം ഉടന്‍ കണ്ടെത്തും.
കൈകാണിച്ചിട്ട് നിര്‍ത്താതെപോകുന്ന വാഹനങ്ങളെ ഇന്റര്‍സെപ്റ്റര്‍ വാഹനംതന്നെ കരിന്പട്ടികയില്‍പ്പെടുത്തും.
വാഹന്‍സാരഥി സോഫ്‌റ്റ്വേറുമായി ഇതിനെ ബന്ധിപ്പിച്ചിട്ടുണ്ട്. നിയമലംഘനം നടത്തിയ വാഹനങ്ങള്‍ക്ക് രാജ്യത്തൊരിടത്തും സേവനം കിട്ടില്ല.
‘സേഫ് കേരള’ പദ്ധതിയുടെ ഭാഗമായാണ് ഇന്റര്‍സെപ്റ്റര്‍ വാങ്ങുന്നത്. കേരള റോഡ് സുരക്ഷാ അതോറിറ്റിയുടെ തുക ഇതിനായി വിനിയോഗിച്ചതായി സേഫ് കേരള സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍ ഷിബു കെ. ഇട്ടി പറഞ്ഞു.

 

 

share this post on...

Related posts