ഒക്ടോബര്‍ 4 മുതല്‍ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കും: മുഖ്യമന്ത്രി

ഒന്നര വര്‍ഷത്തെ ഇടവേളക്ക് ശേഷം ഒക്ടോബര്‍ 4 മുതല്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ടെക്‌നിക്കല്‍, പോളി ടെക്‌നിക്, മെഡിക്കല്‍ വിദ്യാഭ്യാസമുള്‍പ്പെടെയുള്ള ബിരുദ – ബിരുദാനന്തര സ്ഥാപനങ്ങള്‍ക്ക് തുറന്നു പ്രവര്‍ത്തിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

ഒരു ഡോസ് വാക്‌സിനേഷനെങ്കിലും പൂര്‍ത്തിയാക്കിയ അധ്യാപകരേയും വിദ്യാര്‍ത്ഥികളേയും ഉള്‍ക്കൊള്ളിച്ചു കൊണ്ട് തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിക്കും. എന്നാല്‍ ആരും ക്യാമ്പസ് വിട്ടു പോകാന്‍ പാടില്ലെന്നും ഇപ്പോള്‍ തന്നെ ഇത്തരം സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി

കൂടാതെ റസിഡന്‍ഷ്യല്‍ മാതൃകയില്‍ പ്രവര്‍ത്തിക്കുന്ന 18 വയസിന് മുകളില്‍ പ്രായമുള്ള പരിശീലക സ്ഥാപനങ്ങള്‍ ഒരുഡോസ് വാക്സിനെങ്കിലും സ്വീകരിച്ച അധ്യാപകരേയും വിദ്യാര്‍ത്ഥികളേയും വച്ച് തുറക്കാം. ബയോബബിള്‍ മാതൃകയില്‍ വേണം തുറന്നു പ്രവര്‍ത്തിക്കാനെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.