മുല്ലപ്പെരിയാര്‍ അപകടാവസ്ഥയില്‍, ഏതു നിമിഷവും അണക്കെട്ടു തുറക്കും

mullapperiyar

mullaperiyar dam

ഇടുക്കി: മുല്ലപ്പെരിയാര്‍, ഇടുക്കി, ഇടമലയാര്‍ അണക്കെട്ടുകളിലെ ജലനിരപ്പ് ആശങ്കാജനകമായി ഉയരുന്നു. പെരിയാര്‍ കരകവിഞ്ഞ് ഒഴുകുന്നു. മുല്ലപ്പെരിയാറിന്റെ പ്രദേശത്ത് ഇപ്പോഴും മഴ തുടരുകയാണ്. രാവിലത്തെ അപേക്ഷിച്ച് മുല്ലപ്പെരിയാറിലേക്കുള്ള നീരൊഴുക്കിന്റെ അളവില്‍ കുറവ് വന്നിട്ടുണ്ട്.

രാവിലെ സെക്കന്റില്‍ 2800 ഘനയടി വെള്ളം ഒഴുകിവന്നിരുന്നത് ഇപ്പോള്‍ 18000 ഘനയടിയായി കുറഞ്ഞിട്ടുണ്ട്. 13 സ്പില്‍വേ ഷട്ടറുകളിലൂടെ ഇപ്പോള്‍ സെക്കന്റില്‍ 1000 ഘനയടി വെള്ളം ഒഴുക്കിവിടുകയാണ്. ഷട്ടറുകള്‍ മൂന്ന് മീറ്ററിലധികമാണ് ഉയര്‍ത്തിയിരിക്കുന്നത്. പരമാവധി സംഭരണശേഷിയായ 142ലേക്ക് വെള്ളത്തിന്റെ അളവ് കൂടുകയാണ്. അതുകൊണ്ട് തന്നെ വെള്ളം കൂടുതല്‍ ഒഴുക്കിവിടാന്‍ അധികൃതര്‍ നിര്‍ബന്ധിതരാകുകയാണ്.

141.6 അടിയാണ് നിലവില്‍ മുല്ലപ്പെരിയാറിലെ ജലനിരപ്പ്. 142 അടിയാകാതിരിക്കാന്‍ പരമാവധി വെള്ളം ഏത് നിമിഷവും തമിഴ്‌നാട് അധികൃതര്‍ തുറന്നുവിട്ടേക്കും. വണ്ടിപ്പെരിയാറില്‍ പെരിയാര്‍ കുത്തി ഒഴുകുകയാണ്. 5000ത്തിലധികം പേരെയാണ് ഇതിനോടകം ജില്ലാഭരണകൂടം ഒഴിപ്പിച്ചിരിക്കുന്നത്.

മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഇടുക്കി അണക്കെട്ടിന്റെ ജലനിരപ്പിനെയും ബാധിക്കുകയാണ്. നിലവില്‍ 2398.70 അടിയാണ് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ്. ഇടുക്കി ചെറുതോണി അണക്കെട്ടിന്റെ അഞ്ച് ഷട്ടറുകളും തുറന്നിരിക്കുകയാണ്. സെക്കന്റില്‍ 10 ലക്ഷം ലിറ്റര്‍ വെള്ളമാണ് ഇപ്പോള്‍ പുറത്തേക്ക് ഒഴുക്കി വിടുന്നത്.

ഇടമലയാര്‍ ഡാമിലെ ജലനിരപ്പും ആശങ്കാജനകമായി കൂടുകയാണ്. 169.21 അടിയാണ് ഇപ്പോള്‍ ഇടമലയാര്‍ അണക്കെട്ടിലെ ജലനിരപ്പ്. അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി 169 അടിയാണ്. ജലനിരപ്പ് ഇപ്പോള്‍ ഇതിനും മുകളിലാണ്. നാലു ഷട്ടറുകളും തുറന്നിട്ടും ജലനിരപ്പ് കുറയാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. ജലനിരപ്പുയരുന്നതിനാല്‍ ഇടുക്കി ഇരട്ടയാര്‍ ഡാം എപ്പോള്‍ വേണമെങ്കിലും തുറന്നു വിടാമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഇരട്ടയാര്‍ നോര്‍ത്ത്, പുത്തന്‍പാലം, ഈട്ടിത്തോപ്പ്, കല്ലാര്‍മുക്ക് തുടങ്ങി ഇരട്ടയാറിന്റെ തീര പ്രദേശങ്ങളില്‍ ഉള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് കെഎസ്ഇബി അറിയിച്ചു.

share this post on...

Related posts