ഹാദിയയുടെയും ഷഫിന്‍ ജഹാന്റെയും വിവാഹം നിയമപരം: ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി

hadiya222

ന്യൂഡല്‍ഹി: വൈക്കം സ്വദേശിനി ഹാദിയയും കൊല്ലം സ്വദേശിയായ ഷഫിന്‍ ജഹാനും തമ്മിലുള്ള വിവാഹം നിയമപരമെന്ന് സുപ്രീംകോടതി. ഇവരുടെ വിവാഹം റദ്ദാക്കിയ ഹൈക്കോടതി നടപടി സുപ്രീം കോടതി റദ്ദാക്കി. 2017 മേയ് 24നാണ് ഹൈക്കോടതി ഇവരുടെ വിവാഹം റദ്ദാക്കിയത്. ഹൈക്കോടതി വിധിക്കെതിരെ ഷഫിന്‍ ജഹാന്‍ സമര്‍പ്പിച്ച അപ്പീലിലാണ് സുപ്രീം കോടതിയുടെ വിധി വന്നിരിക്കുന്നത്. കേസിലെ അന്തിമ വാദം ഉച്ചയ്ക്കു മുന്‍പു പൂര്‍ത്തിയായി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണു കേസ് പരിഗണിച്ചത്.

ഹൈക്കോടതി വിധി നിയമവിരുദ്ധമെന്നാണ് വിലയിരുത്തല്‍. ഹേബിയസ് കോര്‍പസ് ഹര്‍ജികളില്‍ വിവാഹം റദ്ദാക്കാനാവില്ല ഹാദിയയ്ക്ക് ഷഫിന്‍ ജഹാനൊപ്പം പോകാം, പഠനം തുടരാമെന്നും സുപ്രീംകോടതി പറഞ്ഞു. ഷഫിന്‍ ജഹാനെതിരായ എന്‍ഐഎ അന്വേഷണം തുടരാമെന്നും സുപ്രീംകോടതി വ്യക്തമാക്കി. വിധിയുടെ ഓപ്പറേഷനല്‍ ഭാഗം മാത്രമേ ജഡ്ജി പ്രസ്താവിച്ചുള്ളൂ. വിധിപ്പകര്‍പ്പ് പൂര്‍ണമായി പുറത്തുവന്നാലേ മറ്റു കാര്യങ്ങള്‍ വ്യക്തമാകൂ. കഴിഞ്ഞ നവംബര്‍ 27നാണു സുപ്രീംകോടതി ഹാദിയയെ തുടര്‍പഠനത്തിനു കോയമ്പത്തൂരിലേക്ക് അയച്ചത്. സേലത്തെ ശിവരാജ് ഹോമിയോപതി മെഡിക്കല്‍ കോളജില്‍ ഹൗസ് സര്‍ജന്‍സി ചെയ്യുന്ന ഹാദിയയ്ക്കു ഹോസ്റ്റല്‍ സൗകര്യവും സുരക്ഷയും കോടതി ഏര്‍പ്പെടുത്തിയിരുന്നു.

 

share this post on...

Related posts