ഗുണ്ടല്‍പേട്ട് ഒരുങ്ങുന്നു പൂക്കളവുമായി

ആകാശപ്പന്തലിനു കീഴില്‍ വര്‍ണ്ണങ്ങള്‍ വാരിവിതറിയ ദൃശ്യഭംഗി..അതാണ് ഗുണ്ടല്‍പേട്ട്..മൈസൂര്‍ യാത്രയില്‍ നമ്മെ വരവേല്‍ക്കുന്ന ആദ്യ കന്നട ഗ്രാമം.സൂര്യകാന്തിയും ജമന്തിയും വര്‍ണ്ണക്കടല്‍ തീര്‍ക്കുന്ന കാഴ്ച കാണണമെങ്കില്‍ വേഗം പുറപ്പെട്ടോളൂ…എല്ലാ വര്‍ഷവും മേയ് മൂതല്‍ സെപ്റ്റംബര്‍ വരെയാണ് ഗുണ്ടല്‍പേട്ടിലെ കണ്ണഞ്ചിപ്പിക്കുന്ന പൂക്കൃഷി. ഓരോ കാലത്തും ഗുണ്ടല്‍പേട്ടിലെ കൃഷിയിടത്തിന് ഓരോ വര്‍ണമായിരിക്കും.സൂര്യകാന്തിയും കടുകും വിളയുമ്പോള്‍ മഞ്ഞപ്പാടം.നിലക്കടല വിളയുമ്പോള്‍ ചാരനിറം.പച്ചക്കറി കൃഷി തുടങ്ങുന്നതോടെ ഏക്കറുകണക്കിന് പച്ചപ്പ്…ഇടവേളകളില്‍ ഫലസമൃദ്ധമായ ചുവന്ന മണ്ണിന്റെ ക്യാന്‍വാസില്‍ ചിത്രം വരയ്ക്കുന്ന കാലികളും.പല നിറങ്ങള്‍ മിന്നിമറയുമ്പോഴും, സൂര്യകാന്തിയും ജമന്തിയും ചെണ്ടുമല്ലിയും പൂത്തുലയുന്ന ജൂലൈ-സെപ്റ്റംബര്‍ കാലത്താണ് പ്രദേശത്തേക്ക് സഞ്ചാരികളുടെ പ്രവാഹം.നമ്മുടെ സ്വന്തം ഓണവിപണിയിലേക്ക് എത്തുന്ന പൂക്കളാണ് രാജകീയ പ്രൗഡിയില്‍ വിരിഞ്ഞുനില്‍ക്കുന്നത്.നിരവധി സിനിമകള്‍ക്കും,ആല്‍ബങ്ങള്‍ക്കും ലൊക്കേഷനാണ് ഈ പൂപ്പാടം. റോഡിന് ഇരുവശത്തുമായാണ് കണ്ണത്താദൂരത്തോളം പൂപ്പാടം പടര്‍ന്നു കിടക്കുന്നത്.മഞ്ഞയും ഓറഞ്ചും വയലറ്റുമൊക്കെയായി നിറങ്ങള്‍ കൊണ്ട് കളങ്ങള്‍ തീര്‍ത്ത പാടങ്ങള്‍ കാഴ്ചയുടെ ഉത്സവ ലഹരി ഒരുക്കുന്നു. കേരള-കര്‍ണാടക-തമിഴ്‌നാട് സംസ്ഥാനങ്ങളുടെ സംഗമഭൂമിയെന്നും ഗുണ്ടല്‍പേട്ടിനെ വിശേഷിപ്പിക്കാം.ദേശീയപാത 766 ല്‍ വയനാട് അതിര്‍ത്തി കഴിഞ്ഞ് 16 കിലോമീറ്റര്‍ ബന്ദിപ്പൂര്‍ വനമേഖലയും പിന്നിട്ടാല്‍ മദൂര്‍ മുതല്‍ പൂക്കള്‍ വിരിഞ്ഞു നിറഞ്ഞ കൃഷിയിടങ്ങളായി.വീണ്ടും 18 കിലോമീറ്ററോളം ഗുണ്ടല്‍പേട്ട വരെ റോഡിനിരുവശവും വിളവെടുപ്പിന് പാകമായ പൂന്തോട്ടങ്ങള്‍ കാണാം. കക്കല്‍ തൊണ്ടി, ഭീമന്‍പേട് എന്നിവിടങ്ങളില്‍ നിന്നൊക്കെ ഗുണ്ടല്‍പേട്ടിലെ ഉള്‍ഗ്രാമങ്ങളിലേക്കുള്ള വഴികളുടെ ഇരുവശവും പൂക്കളുടെ നിറക്കാഴ്ച തന്നെയാണുള്ളത്. പൂക്കളെ തൊട്ടുതലോടി ചിത്രമെടുത്തും വാങ്ങിയും നിരവധി സഞ്ചാരികളാണ് ദിനംപ്രതി ഇവിടെയെത്തുന്നത്. വ്യാവസായികാടിസ്ഥാനത്തില്‍ ഏറ്റവും കൂടുതല്‍ പൂവ് കൃഷി ചെയ്യുന്ന പ്രദേശങ്ങളില്‍ ഒന്നാണ് കര്‍ണാടകയിലെ ഗുണ്ടല്‍പേട്ട്.പാചക എണ്ണയുത്പാദനത്തിനാണ് സൂര്യകാന്തി വ്യാപകമായി ഇവിടെ കൃഷി ചെയ്തുവരുന്നത്. പൂക്കള്‍ ഉണങ്ങിയ ശേഷമാണ് ഇവ വിളവെടുക്കുക. നാരുകള്‍ കൂടുതലുള്ളതിനാല്‍ പേപ്പര്‍ നിര്‍മാണത്തിനും കാലിത്തീറ്റ മിശ്രിതമായും സൂര്യകാന്തി ഇല ഉപയോഗിക്കുന്നുണ്ട്.

share this post on...

Related posts