വയനാട്ടിലെ പാറ രാജാവ്,തലപ്പാറ എന്ന ഫാന്റം റോക്ക്

1936 ല്‍ ലീ ഫല്‍ക്ക് എന്ന അമേരിക്കന്‍ എഴുത്തുകാരന്‍ ലോകത്തിലെ തന്നെ ആദ്യ സൂപ്പര്‍ഹീറോയ്ക്ക് തന്റെ തൂലികയിലൂടെ ജന്മം നല്‍കി. നീലനിറത്തില്‍ ബോസി സ്യൂട്ട് വസ്ത്രം ധരിച്ച ആ സൂപ്പര്‍ ഹീറോ ഫാന്റം എന്ന പേരില്‍ അറിയപ്പെട്ടു.
1936 ഫെബ്രുവരി 17 ന് ഫാന്റം കഥകള്‍ പത്രങ്ങളില്‍ പ്രസിദ്ധീകരിച്ചു തുടങ്ങി. പെട്ടന്നു തന്നെ ആദ്യ സൂപ്പര്‍ ഹീറോ സ്റ്റോറി ലോക ശ്രദ്ധയാകര്‍ഷിച്ചു.
തുടര്‍ന്ന് ചിത്രകഥാ പുസ്തക രൂപത്തിലും ആധുനിക കാലത്ത് കാര്‍ട്ടൂണ്‍ പരമ്പരകളുടെ രൂപത്തിലും പിന്നീട് സിനിമയായും ഫാന്റം കഥകള്‍ നമ്മുക്ക് മുന്‍പിലെത്തി.
ഈ അവസരത്തില്‍ ഫാന്റത്തിന്റെ കഥയ്ക്ക് എന്തു പ്രസക്തി എന്നല്ലെ?…. ഉണ്ട്!……
നമ്മുടെ വയനാടുമായി ഈ കഥാപാത്രത്തിന് ഒരു ചെറിയ ബന്ധമുണ്ട്. വയനാട്ടില്‍ പ്രകൃതിയൊരുക്കിയ വിസ്മയം അമേരിക്കയില്‍ ജന്മമെടുത്ത ഈ സൂപ്പര്‍ ഹീറോയുടെ പേരിലാണ് അറിയപ്പെടുന്നത്. ‘ഫാന്റം റോക്ക് ‘ എന്നാണ് ആ പ്രകൃതി വിസ്മയത്തിന്റെപേര്.
മനുഷ്യന്റെ കഴുത്തിന്റെ ആകൃതിയുള്ള പാറയ്ക്ക് മുകളില്‍ തലയോട്ടിയുടെ ആകൃതി തോന്നിപ്പിക്കുന്ന വിധം മറ്റോരു പറയാണ് ഫാന്റം റോക്ക്. ദുരെ നിന്ന് നോക്കിയാല്‍ മുഖം മൂടി ധാരിയായ ഫാന്റത്തെപ്പോലെ തോന്നിപ്പിക്കുന്നതു കൊണ്ട് പണ്ട് ആരോ ഇട്ട പേരാണ് ഫാന്റം റോക്ക് എന്നള്ളത്.
തലപ്പാറ എന്നാണ് ഫാന്റം റോക്കിന്റെ യഥാര്‍ത്ഥ നാമം. പാറകളുടെ രാജാവ് എന്ന അര്‍ത്ഥത്തില്‍ രാജപ്പാറ എന്നും പ്രദേശികമായി ഈ ശീലാ രൂപത്തെ വിളിച്ചുവരുന്നു.
വലിയോരു വ്യൂ പോയിന്റുകൂടിയാണ് ഫാന്റം റോക്ക് സ്ഥിതി ചെയ്യുന്ന ഇടം. ദൂരെയായി കൊളഗപ്പാറ മലയും, അടുത്തായി ചീങ്ങേരിമലയും ആറാട്ടു പാറയും ഇവിടെ നിന്ന് വശ്യഭംഗിയാല്‍ കാണാന്‍ സാധിക്കും.
യാഥാര്‍ത്ഥത്തില്‍ കാറ്റിന്റെ വര്‍ഷങ്ങള്‍ നീണ്ട ഖാദന പ്രവര്‍ത്തനം മൂലം രൂപപ്പെട്ട കൂണ്‍ ശില വിഭാഗത്തില്‍പ്പെടുന്ന പ്രകൃതി വിസ്മയമാണ് ഫാന്റം റോക്ക്. മരുഭൂമി പ്രദേശങ്ങളിലാണ് ഇത്തരം ശിലാരൂപങ്ങള്‍ കൂടുതലായി കാണപ്പെടുക. എന്നാല്‍ മറ്റു ചില സ്ഥലങ്ങളിലെ ഭൂപ്രകൃതി, കാറ്റിന്റെ സഞ്ചാരം, ശിലയുടെ ഘടന എന്നിവയുടെ അടിസ്ഥനത്തിലും അപൂര്‍വമായി കൂണ്‍ ശിലകള്‍ രൂപാന്തരപ്പെടാറുണ്ട്. കൂടാതെ ഭൂചലനം മൂലം ഒരു പാറക്കെട്ടിനു മീതെ മറ്റൊരു പാറ വീണും കൂണ്‍ ശിലകള്‍ ഉണ്ടാവാം. ഫാന്റം റോക്ക് അങ്ങനെ രൂപപ്പെട്ട ശിലാരൂപമാണ്.
എന്നാല്‍ ഈ പ്രകൃതി വിസ്മയം നിരവധി കോറികളുടെ നടുവിലാണ് സ്ഥിതി ചെയ്യുന്നത്. ഫാന്റം റോക്കിന് നിശ്ചിത പരിധിക്കുള്ളില്‍ മാത്രമേ കോറികള്‍ പ്രവര്‍ത്തിക്കാവു എന്ന സര്‍ക്കാര്‍ ഉത്തരവ് ഈ അടുത്താണ് നിലവില്‍ വന്നത്. നിലവില്‍ പരിസരത്തുള്ള നിരവധി കോറികള്‍ പ്രവര്‍ത്തനം നിര്‍ത്തിയെങ്കില്‍പ്പോലും റോക്കിന് തൊട്ടടുത്തുള്ള കോറി ഇന്നും പ്രവര്‍ത്തിക്കുന്നു.

Related posts