ഫിംഗര്‍ പ്രിന്റിങ് വേണം; വാട്‌സ്അപ്പിനോട് സര്‍ക്കാര്‍

ഫെയ്സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള അതിപ്രചാരമുള്ള മെസേജിങ് സംവിധാനമായ വാട്സാപ്പും കേന്ദ്ര സര്‍ക്കാരും തമ്മില്‍ നിരവധി മാസമായി ഏറ്റുമുട്ടലിന്റെ പാതയിലാണ്. വാട്സാപ്പില്‍ ഉടലെടുത്തതെന്നു കരുതപ്പെടുന്ന ചില സന്ദേശങ്ങള്‍ ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കു വഴിവച്ചതാണ് സര്‍ക്കാരിനെ ചൊടിപ്പിച്ചത്. വ്യാജ വാര്‍ത്തയും മറ്റും പ്രചരിച്ചു പ്രശ്‌നമുണ്ടാക്കുന്നയാളെ ചൂണ്ടിക്കാണിക്കാന്‍ വാട്സാപ് തയാറാകണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ അങ്ങനെ ചെയ്താല്‍ വാട്സാപ്പിന്റെ പ്രസക്തി തന്നെ നഷ്ടപ്പെടുമെന്നും കൂടാതെ ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്ക് തങ്ങളെ മാത്രം പഴിക്കുന്നതെന്തിന് എന്നുമുളള നിലപാടാണ് വാട്സാപ് എടുത്തത്. തങ്ങള്‍ക്ക് അറിഞ്ഞേ തീരൂവെന്ന നിര്‍ബന്ധവുമായി സര്‍ക്കാര്‍ നിന്നപ്പോള്‍ വാട്സാപ് ഇന്ത്യ വിടാന്‍ തയാറാണെന്നു വരെ വാര്‍ത്തകള്‍ വന്നിരുന്നു. ലോകമെമ്പാടുമായി 200 കോടിയിലേറെ ഉപയോക്താക്കളുള്ള വാട്സാപ്പിന്റെ ഏറ്റവും വലിയ വിപണി ഇന്ത്യയാണ്. 30 കോടിയോളം പേര്‍ ഇന്ത്യയില്‍ വാട്‌സാപ് ഉപയോഗിക്കുന്നുണ്ട് എന്നാണ് അനുമാനം. വാട്സാപ്പില്‍ കൈമാറപ്പെടുന്ന എല്ലാ സന്ദേശവും കാണേണ്ട, പക്ഷേ പ്രശ്നമാകുന്ന സന്ദേശത്തിന്റെ ഉറവിടം അറിയുകയും വേണം. ഇതിനായി വാട്സാപ്പില്‍ ഫിങ്ഗര്‍പ്രിന്റിങ് കൊണ്ടുവരണമെന്നാണ് സര്‍ക്കാര്‍ കമ്പനിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ഫിംഗര്‍പ്രിന്റിങ് എന്നു പറഞ്ഞാല്‍ വിരലടയാളം പതിക്കലല്ല. പൊതുവെ പറഞ്ഞാല്‍ ഒരാള്‍ ഉപയോഗിക്കുന്ന കംപ്യൂട്ടിങ് ഉപകരണത്തെ തിരിച്ചറിയാനുള്ള
കഴിവിനെയാണ് ഫിംഗര്‍പ്രിന്റിങ് എന്നു വിളക്കുന്നത്. ഗൂഗിള്‍, ഫെയ്സ്ബുക് തുടങ്ങിയ കമ്പനികള്‍ വ്യക്തികളെ തിരിച്ചറിയാനായി വര്‍ഷങ്ങളായി ഉപയോഗിച്ചു വരുന്നുവെന്ന് ആരോപിക്കപ്പെടുന്ന ഒരു രീതികളിലൊന്നാണിത്. കംപ്യൂട്ടറാണെങ്കിലും സ്മാര്‍ട് ഫോണ്‍ ആണെങ്കിലും ടാബ് ആണെങ്കിലും അതിന്റെ സ്‌ക്രീന്‍ സൈസ് അറിയുക എന്നതും ഐപി അഡ്രസ്, ലൊക്കേഷന്‍ തുടങ്ങിയ മറ്റു ചില കാര്യങ്ങകളുമായി ബന്ധിപ്പിച്ച് ഒരാളെ വ്യക്തമായി തന്നെ തിരിച്ചറിയാമെന്നും അയാളുടെ ഇന്റര്‍നെറ്റ് ചെയ്തികള്‍ മുഴുവനും തന്നെ വമ്പന്‍ കമ്പനികള്‍ എല്ലായിപ്പോഴും അറിഞ്ഞുകൊണ്ടിരിക്കുന്നു എന്നാണ് ആരോപണം.

share this post on...

Related posts