ഞാനും ലാലേട്ടനും അന്നത് ചെയ്തിരുന്നെങ്കില്‍ അതൊരു ചരിത്രമായേനെ: ഗോപിനാഥ് മുതുകാട്

പ്രശസ്ത മജീഷ്യന്‍ ഗോപിനാഥ് മുതുകാട് തന്റെ പ്രൊഫഷണല്‍ മാജിക് ഫീല്‍ഡ് വിട്ട വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. ഇനി ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്. ഈ അവസരത്തില്‍ മോഹന്‍ലാലും ഒത്തുള്ള ‘ബേര്‍ണിങ് ഇല്ല്യൂഷന്‍’ എന്ന് മാജിക് ഷോയില്‍ നിന്നും പിന്മാറിയതിനെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് മജീഷ്യന്‍ ഗോപിനാഥ് മുതുകാട്. അതൊരു നിര്‍ബന്ധപൂര്‍വ്വമായ പിന്മാറ്റം ആയിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്.

ഒരു പ്രമുഖ ചാനലിന് കൊടുത്ത അഭിമുഖത്തിലാണ് അദ്ദേഹം ഇത് തുറന്ന് പറഞ്ഞത്. നടന്‍ മോഹന്‍ലാലും ചേര്‍ന്നാണ് അന്ന് ആ പരിപാടി ചെയ്യാന്‍ പ്ലാന്‍ ചെയ്തത്. എന്നാല്‍ മോഹന്‍ലാലിനെപ്പോലെ ഒരു സൂപ്പര്‍ സ്റ്റാര്‍ അന്നത് ചെയ്തിരുന്നുവെങ്കില്‍ ഒരു ചരിത്രമാകുമായിരുന്നു എന്നും പറഞ്ഞു വെയ്ക്കുകയാണ് ഗോപിനാഥ് മുതുകാട്. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു. ‘ബേര്‍ണിങ് ഇല്യൂഷന്‍ എന്ന മോഹന്‍ലാലും ഒത്തുള്ള ഷോയില്‍ നിന്നും പിന്മാറിയത് ഞാന്‍ തന്നെയാണ്. അന്ന് ഒരു കണ്‍വെന്‍ഷന്റെ ഭാഗമായി ടൂറിസം വകുപ്പുമായി ചേര്‍ന്നാണ് ആ പ്രോഗ്രാം നടത്താന്‍ തീരുമാനിച്ചിരുന്നത്. കോടിയേരി ബാലകൃഷ്ണനായിരുന്നു ആയിരുന്നു അന്ന് ടൂറിസം മിനിസ്റ്റര്‍. പിന്നീട് മുഖ്യമന്ത്രിയുടെ ഒരു കോള്‍ വന്നു. എന്തെങ്കിലും അപകടം പറ്റിയാല്‍ ജനങ്ങള്‍ മുഴുവന്‍ അപകടത്തിലാകും കാരണം അത്രമാത്രം വിവാദമായിരുന്നു ആ പ്രോഗ്രാം. ലാലേട്ടന്‍ അന്ന് ഒറ്റപ്പാലത്ത് ഷൂട്ടിംഗിലായിരുന്നു. അപ്പോള്‍ ലാലേട്ടനെ വിളിച്ച് ഇങ്ങനൊരു വിഷയം ഉണ്ടായിരുന്നുവെന്നും നമ്മള്‍ പിന്മാറിയെ മതിയാവൂ എന്നും പറഞ്ഞു.

നിങ്ങള്‍ ആദ്യം പ്രഖ്യാപിക്കൂവെന്നു ശേഷം ഞാന്‍ അറിയിക്കൂ എന്നാണ് ലാലേട്ടന്‍ പറഞ്ഞത്. അത് പ്രകാരം ഞാനാണ് ആദ്യം പറഞ്ഞത്. പിന്നീട് ലാലേട്ടന്‍ പിന്മാറുകയായിരുന്നു. അന്നത് നടന്നിരുന്നെങ്കില്‍ ഒരു ചരിത്രമാകുമായിരുന്നു. എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളത്തില്‍ മാത്രമല്ല ഇന്ത്യയൊട്ടാകെ അറിയപ്പെടുന്ന മജീഷ്യനാണ് ഗോപിനാഥ് മുതുകാട്. രാജ്യ സ്നേഹ സന്ദേശമായും മറ്റ് പ്രധാന വിഷയങ്ങളുമായും തന്റെ മാജിക്കിനെ ഇഴ ചേര്‍ത്ത് അത് ലോകത്തിന് മുന്നില്‍ എത്തിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.

Related posts