ഈ ആഡംബര വാഹനം ഇന്ത്യയില്‍ ആദ്യമായി മേടിച്ചത് ഗോപി സുന്ദര്‍

ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യുവിന്റെ ഏറ്റവും പുതിയ കാര്‍ മോഡലായ എക്‌സ് 7 സീരീസ് സ്പോര്‍ട്സ് ആക്റ്റിവിറ്റി വെഹിക്കിളും (എസ്എവി), 7 സീരീസിന്റെ പരിഷ്‌ക്കരിച്ച പതിപ്പും കഴിഞ്ഞ ദിവസമാണ് ഇന്ത്യന്‍ വിപണിയിലെത്തിയത്. ഏകദേശം 98.90 ലക്ഷം രൂപ എക്സ് ഷോറൂം വിലയുള്ള മോഡല്‍ ഇന്ത്യയിലാദ്യം സ്വന്തമാക്കിയത് മലയാളികളുടെ പ്രിയങ്കരനായ സംഗീത സംവിധായകന്‍ ഗോപി സുന്ദറാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കൊച്ചിയിലെ ബിഎംഡബ്ല്യു ഡീലര്‍ഷിപ്പില്‍ നിന്നാണ് ഗോപി സുന്ദര്‍ പുതിയ എക്സ് 7 സ്വന്തമാക്കിയത്. ‘ഞങ്ങളുടെ കുടുംബത്തിലെ എന്റെ പുതിയ കുഞ്ഞ്’ എന്ന തലക്കെട്ടോടെ വാഹനത്തിന് സമീപം നില്‍ക്കുന്ന ചിത്രം അദ്ദേഹം തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. സ്പോര്‍ട്സ് ആക്ടിവിറ്റി വെഹിക്കിള്‍ എന്ന പേരില്‍ പുറത്തിറക്കുന്ന എക്സ് 7ന് എക്സ് ഡ്രൈവ് 30ഡി, എക്സ് ഡ്രൈവ് 40ഐ എന്നീ രണ്ടു വകഭേദങ്ങളാണുള്ളത്. ഇതില്‍ ഏതു മോഡലാണ് ഗോപി സുന്ദര്‍ സ്വന്തമാക്കിയത് എന്ന് വ്യക്തമല്ല. ഇരു മോഡലുകള്‍ക്കും ഏകദേശം 98.90 ലക്ഷം രൂപയാണ് എക്സ് ഷോറും വില. ബി.എം.ഡബ്ല്യു.വിന്റെ ഏറ്റവും വലിയ എസ്.യു.വി.യാണ് എക്‌സ് 7 വേരിയന്റുകള്‍. ആഡംബരത്തിനും സുരക്ഷയ്ക്കും ഡ്രൈവിങ് കംഫര്‍ട്ടിനും ഒരുപോലെ പ്രാധാന്യം നല്‍കി പുറത്തിറക്കിയ വാഹനമാണ് എക്സ് 7 എന്നാണ് ബിഎംഡബ്ല്യുവിന്റെ അവകാശവാദം. എക്സ്ഡ്രൈവ് 40ഐയില്‍ 340 ബിഎച്ച്പി കരുത്തും 450 എന്‍എം ടോര്‍ക്കുമുള്ള മൂന്നു ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനും ഡീസല്‍ പതിപ്പില്‍ 265 ബിഎച്ച്പി കരുത്തും 620 എന്‍എം ടോര്‍ക്കുമുള്ള 3 ലീറ്റര്‍ ഡീസല്‍ എന്‍ജിനുമാണ് ഹൃദയങ്ങള്‍. എട്ടു സ്പീഡ് ഓട്ടമാറ്റിക്ക് ട്രാന്‍സ്മിഷനാണ് ഇരു എന്‍ജിനുകളിലും ട്രാന്‍സ്മിഷന്‍.

share this post on...

Related posts