ഗൂഗിള്‍ മാപ്പ് ഉണ്ടെങ്കില്‍ ഇനി ഏത് ഭാഷയിലും ആളുകളോട് വഴിചോദിക്കാം

ഗൂഗിള്‍ മാപ്പ് യാത്രക്കാര്‍ക്ക് വലിയൊരു സഹായമാണ് ചെയ്യുന്നത്. നിങ്ങള്‍ മുമ്പ് പോയിട്ടില്ലാത്ത ഒരിടത്ത് വഴിയറിയാതെ പാടുപെടുന്ന അവസ്ഥ ഗൂഗിള്‍ മാപ്പ് കയ്യിലുണ്ടെങ്കില്‍ ഒരിക്കലും അനുഭവിക്കേണ്ടി വരില്ല. വഴികാട്ടിയായി ഗൂഗിള്‍ മാപ്പ് ഉണ്ടെങ്കിലും ചില സമയങ്ങളില്‍ പ്രദേശവാസിയായ ആരോടെങ്കിലും വഴി അന്വേഷിക്കേണ്ടതായി വന്നേക്കാം. അവരോട് സ്ഥലപ്പേര് ശരിയായി ചോദിക്കണ്ടേ? പ്രാദേശിക ഭാഷയില്‍ ചോദിക്കേണ്ടിയും വന്നേക്കാം. ഈ പ്രശ്‌നം പരിഹരിക്കുന്നതിനാണ് ഗൂഗിള്‍ ട്രാന്‍സിലേറ്റ് ആപ്പിന്റെ സഹായത്തോടെ പുതിയ സൗകര്യം ഗൂഗിള്‍ മാപ്പില്‍ ഒരുക്കിയിരിക്കുന്നത്. ഇതിനായി മാപ്പില്‍ ഒരു സ്ഥലപ്പേര് തിരയുക. സ്ഥലപ്പേരിന് താഴെ ഒരു സ്പീക്കര്‍ ചിഹ്നം കാണാം. അതില്‍ ക്ലിക്ക് ചെയ്താല്‍ പ്രാദേശിക ഭാഷയില്‍ ആ പേര് ശരിയായി കേള്‍ക്കാന്‍ സാധിക്കും. ചിലപ്പോള്‍ ഏതെങ്കിലും റസ്‌റ്റോറന്റോ, പാര്‍ക്കോ ആയിരിക്കാം നിങ്ങള്‍ക്ക് സന്ദര്‍ശിക്കേണ്ടത്. അവിടുത്തെ മേല്‍വിലാസം ഗൂഗിള്‍ മാപ്പില്‍ പ്രാദേശിക ഭാഷയില്‍ കേള്‍ക്കാനാവും. തദ്ദേശ വാസിയായ ആളെ അത് കേള്‍പ്പിച്ച് വഴി ചോദിക്കാം. സ്പീക്കര്‍ ബട്ടന്‍ ക്ലിക്ക് ചെയ്യുമ്പോള്‍ തുറന്നുവരുന്ന വിന്‍ഡോയില്‍ ഗൂഗിള്‍ ട്രാന്‍സിലേറ്റ് ആപ്പിലേക്കുള്ള ഒരു ലിങ്ക് ഉണ്ടാവും. അത് ക്ലിക്ക് ചെയ്താല്‍ ആ ഭാഷയിലേക്കുള്ള ട്രാന്‍സിലേറ്റ് വിന്‍ഡോ തുറന്നുവരും. ഇതുവഴി കൂടുതല്‍ കാര്യങ്ങള്‍ ആ ഭാഷയില്‍ ചോദിച്ചറിയാന്‍ നിങ്ങള്‍ക്ക് സാധിക്കും.
50 ഭാഷകളിലാണ് തര്‍ജമ സൗകര്യം ഗൂഗിള്‍ മാപ്പില്‍ ഒരുക്കിയിരിക്കുന്നത്. ഗൂഗിള്‍ ട്രാന്‍സിലേറ്റ് ആപ്പിന്റെ സഹായത്തിലാണ് ഇതിന്റെ പ്രവര്‍ത്തനം.

share this post on...

Related posts