വരണ്ട കാൽപാദങ്ങൾക്ക് ഗുഡ്ബൈ

വരണ്ടതും വിണ്ടുകീറിയതുമായ കാൽപാദങ്ങളാണോ നിങ്ങൾക്കുള്ളത്. നമ്മളിൽ പലരും പലപ്പോഴും ഈ പ്രശ്‌നത്തെ അഭിമുഖീകരിക്കുന്നുണ്ട്. കയ്യും കാലും ഒരുപോലെ പരിപാലിക്കേണ്ട ഒന്നാണ്. ഇങ്ങനെ പരിപാലിക്കാതെ വരുമ്പോഴാണ് വരണ്ട പാദങ്ങൾ, വിണ്ടുകീറിയ ഉപ്പൂറ്റി, എന്നിങ്ങനെയുള്ള ചർമ്മ പ്രശ്നങ്ങൾ കാലുകളിൽ പ്രത്യക്ഷപ്പെടുന്നത്. എന്നാൽ ഇതിനു പരിഹാരമുണ്ട്. നിങ്ങളുടെ വരണ്ട പാദങ്ങൾ പരിചരിക്കുവാൻ വീട്ടിലിരുന്നുകൊണ്ട് തന്നെ സാധിക്കുന്നതാണ്. എക്സ്ഫോളിയേഷൻ അഥവാ നിർജ്ജീവ ചർമ്മം ഒഴിവാക്കുക എന്നതാണ് ആദ്യമായി ശ്രദ്ധിക്കേണ്ടത്.

ഇതിനായി ഇളം ചൂടുള്ള വെള്ളത്തിൽ നിങ്ങളുടെ കാലുകൾ മുക്കി വയ്ക്കുക. തുടർന്ന് ഒരു ലൂഫ അല്ലെങ്കിൽ സ്‌ക്രബ്ബിംഗ് കല്ല് എടുത്ത് കാലുകൾ നന്നായി ഉരച്ച് വൃത്തിയാക്കുക. ശേഷം നിങ്ങളുടെ പാദങ്ങൾ ഒരു ടവ്വൽ കൊണ്ട് തുടച്ച് വൃത്തിയാക്കി, കുറച്ച് ബദാം എണ്ണ പുരട്ടി സൗമ്യമായി മസാജ് ചെയ്യുക. വരണ്ട കാലുകളെ സംരക്ഷിക്കാൻ സഹായിക്കുന്ന മറ്റൊരു മാർഗ്ഗമാണ് വാഴപ്പഴം. പ്രകൃതിദത്ത മോയ്‌സ്ചുറൈസറാണ് വാഴപ്പഴം. വിറ്റാമിൻ എ, സി, ബി കോംപ്ലക്സ് പോലുള്ള ചർമ്മത്തിന് ആവശ്യമായ വിറ്റാമിനുകൾ ഇതിൽ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇതിനായി ഒരു ടേബിൾ സ്പൂൺ തേൻ ചേർത്ത് ഒരു പഴം നന്നായി ഉടയ്ക്കുക. ഈ കട്ടിയുള്ള മിശ്രിതം നിങ്ങളുടെ കാലിൽ പുരട്ടി 20 മിനിറ്റു നേരം പുരട്ടി വച്ചതിനു ശേഷം കഴുകിക്കളയുക.

മറ്റൊരു മാർഗ്ഗമാണ് നാരങ്ങ നീരും വെളിച്ചെണ്ണയും ചേർത്തുള്ള മിശ്രിതം. 15 മിനിറ്റെങ്കിലും നിങ്ങളുടെ പാദങ്ങൾ ഇളം ചൂടുള്ള വെള്ളത്തിൽ മുക്കിവച്ച ശേഷം, ഒരു ടവ്വൽ കൊണ്ട് നന്നായി തുടയ്ക്കുക. ഒരു ടേബിൾ സ്പൂൺ നാരങ്ങ നീരും ഒരു ടീസ്പൂൺ ചൂടാക്കിയ വെളിച്ചെണ്ണയോ പെട്രോളിയം ജെല്ലിയോ ഒരുമിച്ച് ചേർത്ത് യോജിപ്പിക്കുക.ശേഷം ഈ മിശ്രിതം കാലുകളിൽ പുരട്ടി നന്നായി മസാജ് ചെയ്ത് ഒരു മണിക്കൂറോളം നേരം വയ്ക്കുക. ശേഷം, ചെറുചൂടുള്ള വെള്ളത്തിൽ ഇത് കഴുകി കളയാം. മറ്റൊരു ഫലപ്രദമായ പ്രതിവിധിയാണ് കറ്റാർ വാഴ. വിറ്റാമിൻ എ, ഇ, സി, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പുഷ്ടമാണ് ഇവ. ഈ പ്രകൃതിദത്ത പരിഹാരങ്ങൾ നിങ്ങൾക്ക് വീട്ടിൽ തന്നെ പരീക്ഷിച്ച് വരണ്ട കാലുകൾ, വിണ്ടു കീറിയ കാലുകൾ എന്നിവയിൽ നിന്ന് മോചനം നേടാവുന്നതാണ്.

Related posts