ഗര്‍ഭിണിയാണോ… നാലാം മാസം കഴിക്കേണ്ട ആഹാരങ്ങള്‍ ഇവയാണ്

ഈ സമയത്താണ് ഭ്രൂണത്തിന് ഒരു കുഞ്ഞിന്റെ രൂപം വരുന്നത്. ഏകദേശം നാലു ഇഞ്ചോളം നീളം വരുന്ന കുഞ്ഞു കണ്ണുകള്‍ ചിമ്മാന്‍ തുടങ്ങുന്നു. ഈ സമയത്തു ഹൃദയമിടിപ്പ് വേഗത്തില്‍ അളക്കാന്‍ സാധിക്കും. കൂടാതെ മൂക്ക്,വായ,താടി,ചെവി എന്നിവ പൂര്‍ണമായി വികാസം പ്രാപിക്കുന്നു. ഒപ്പം ദേഹത്തെ രോമവും മുടിയും വളരാന്‍ തുടങ്ങുന്നു. പെല്‍വിക് മസിലുകള്‍ ആയാസരഹിതമാക്കാനായി പ്രൊജസ്റ്റീറോണ്‍ ഹോര്‍മോണ്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ ഇടയ്ക്കിടെ മൂത്രശങ്ക തോന്നുന്നത് സ്വാഭാവികം. ഒപ്പം മുലകളുടെ വലിപ്പത്തിലും വ്യത്യാസമുണ്ടാകുന്നു.

നാലാം മാസം മുതല്‍ ഫൈബര്‍ ഭക്ഷണത്തില്‍ കൂടുതലായി ഉള്‍പ്പെടുത്തേണ്ടത് അത്യാവശ്യമാണ്. ധാന്യങ്ങള്‍, പച്ച നിറമുള്ള പച്ചക്കറികള്‍,വാഴപ്പിണ്ടി തുടങ്ങിയവ കൂടുതലായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. ഇവ മലബന്ധത്തിനുള്ള സാധ്യത കുറയ്ക്കുന്നു.

ശുദ്ധജല മല്‍സ്യങ്ങള്‍, മത്തി,അയല തുടങ്ങിയ കടല്‍ മല്‍സ്യങ്ങള്‍, ഒലിവ് എണ്ണ എന്നിവ ധാരാളമായി കഴിക്കുന്നത് ഒമേഗ 3 ഫാറ്റി ആസിഡുകള്‍ ശരീരത്തിലെത്താന്‍ സഹായിക്കും. ആവശ്യമായ അമ്‌ളങ്ങളുടെ കുറവ് കുഞ്ഞിന്റെ ഭാരക്കുറവിനും ബുദ്ധിമാന്ദ്യത്തിനും കാരണമാകുന്നു.

കാല്‍സ്യം: കുഞ്ഞിന്റെ എല്ലുകളുടെ വളര്‍ച്ചയ്ക്ക് കാല്‍സ്യം വളരെ ആവശ്യമുള്ള ഒന്നാണ്. വൈറ്റമിന്‍ D, കാല്‍സ്യം ഗുളികകള്‍ എന്നിവ ഡോക്ടറുടെ നിര്‍ദേശപ്രകാരം കഴിക്കുന്നതും ഗുണം ചെയ്യും.

ഇതോടൊപ്പം ധാരാളം സീസണല്‍ ഫലങ്ങളും (ചക്ക, മാങ്ങാ തുടങ്ങിയവ)പരിപ്പ്, മുട്ട, കശുവണ്ടി എന്നിവയും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

ഏറ്റവും സൂക്ഷിക്കേണ്ട ആദ്യ മൂന്നുമാസക്കാലം കഴിഞ്ഞെങ്കിലും ആഹാരത്തിന്റെ കാര്യത്തില്‍ നിയന്ത്രണങ്ങള്‍ വരുത്തുന്നത് ഗുണം ചെയ്യും. ചീസ്,മൈദാ,സ്രാവ്, ചൂര തുടങ്ങിയ വലിയ കടല്‍ മല്‍സ്യങ്ങള്‍, വഴിയോര ഭക്ഷണങ്ങള്‍, കറുവപ്പട്ടയുടെ അമിതമായ ഉപയോഗം എന്നിവ ഒഴിവാക്കേണ്ടതുണ്ട്.

share this post on...

Related posts