കരിപ്പൂർ സ്വർണക്കവർച്ചാ കേസ്; അര്‍ജുന്‍ ആയങ്കിയുടെ ഭാര്യയ്ക്ക് നോട്ടിസ് അയച്ച് കസ്റ്റംസ്

കരിപ്പൂര്‍ സ്വര്‍ണക്കവര്‍ച്ചാ കേസിലെ മുഖ്യപ്രതികളിലൊരാളായ അര്‍ജുന്‍ ആയങ്കിയുടെ ഭാര്യയ്ക്ക് നോട്ടിസ് അയച്ച് കസ്റ്റംസ്. തിങ്കളാഴ്ച കൊച്ചിയിലെ ഓഫിസില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടിസ്. അതേസമയം, അര്‍ജുന്‍ ആയങ്കിയുടെ കണ്ണൂര്‍ അഴീക്കോട്ടെ വീട്ടിലെ പരിശോധന കസ്റ്റംസ് അവസാനിപ്പിച്ചു.

കേസില്‍ അര്‍ജുന്‍ ആയങ്കിക്കെതിരെ ശക്തമായ തെളിവ് കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. ഇതിന്റെ ഭാഗമായി കണ്ണൂരില്‍ എത്തിച്ച അര്‍ജുന്‍ ആയങ്കിയുമായി വിവിധയിടങ്ങളില്‍ കസ്റ്റംസ് തെളിവെടുപ്പ് നടത്തി. കേസിലെ പ്രധാന തെളിവായി കരുതുന്ന അര്‍ജുന്റെ ഫോണ്‍ കണ്ടെത്തുന്നതിനായി പുഴയിലും പരിസര പ്രദേശങ്ങളിലും കസ്റ്റംസ് പരിശോധന നടത്തി. ഫോണ്‍ പുഴയില്‍ നഷ്ടപ്പെട്ടുവെന്നായിരുന്നു അര്‍ജുന്റെ മൊഴി. ഇതിന് പിന്നാലെയാണ് അര്‍ജുന്റെ അഴീക്കോട്ടുള്ള വീട്ടില്‍ തെളിവെടുപ്പിനായി കസ്റ്റംസ് സംഘം എത്തിയത്.

Related posts