ജിടെക്ക് മ്യൂ ലേണ്‍ പദ്ധതിക്ക് തുടക്കമായി

ഐടി വ്യവസായ രംഗത്ത് ആവശ്യമായ പ്രാഗല്‍ഭ്യമുള്ളവരെ കോളെജ് പഠനകാലം തൊട്ട് വളര്‍ത്തിയെടുക്കാനും അക്കാഡമിക് മേഖലയും ഐടി രംഗവും തമ്മിലുള്ള വിടവ് നികത്തുന്നതിനും ലക്ഷ്യമിട്ടുള്ള മ്യൂ ലേണ്‍ നൈപുണ്യ വികസന പദ്ധതിക്ക് തുടക്കമായി. കേരളത്തിലെ ടെക്‌നോളജി കമ്പനികളുടെ സംഘടനയായ ജിടെക്ക് ആണ് ഈ പദ്ധതിക്ക് തുടക്കമിട്ടത്. ലോക യുവജന നൈപുണ്യ ദിനത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ ഉന്നത വിഭ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദു പദ്ധതി ഉല്‍ഘാടനം ചെയ്തു. ടെക്‌നോളജി വ്യവസായ മേഖലയും അക്കാഡമിക് മേഖലയും പരസ്പരം കൈകോര്‍ത്ത് നടപ്പിലാക്കുന്ന പിയര്‍ ലേണിങ് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമാണ് മ്യൂ ലേണ്‍. ഇതുവഴി ഐടി രംഗം ആവശ്യപ്പെടുന്ന പുതിയ നൈപുണികളും പുതിയ സാങ്കേതികവിദ്യാ പരിജ്ഞാനവുമുള്ളവരെ കോളജ് പഠനം കാലംതൊട്ടു തന്നെ വാര്‍ത്തെടുക്കുകയാണ് ലക്ഷ്യം.

കെ ഡിസ്‌ക് ചെയര്‍മാന്‍ ഡോ. കെ എം എബ്രഹാം, അസാപ് എംഡി ഡോ. ഉഷ ടൈറ്റസ്, കേരള ഐടി പാര്‍ക്‌സ്, സ്റ്റാര്‍ട്ടപ് മിഷന്‍ സിഇഒ ജോണ്‍ എം തോമസ്, ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി കേരള വിസി ഡോ. സജി ഗോപിനാഥ്, കേരള ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റി വിസി ഡോ. രാജശ്രീ എം.എസ്, ഐസിടി അക്കാഡമി സിഇഒ സന്തോഷ് കുറുപ്പ്, യുഎസ്ടി സിഒഒ അലക്‌സാണ്ടര്‍ വര്‍ഗീസ്, ജിടെക്ക് ചെയര്‍മാന്‍ സുനില്‍ ജോസ്, ജിടെക്ക് എടിഎഫ്ജി കണ്‍വീനര്‍ ദീപു എസ് നാഥ്, ഇ.വൈ ഡയറക്ടര്‍ റിചാര്‍ഡ് ആന്റണി, ടാറ്റ എല്‍ക്‌സി സെന്റര്‍ ഹെഡ് ശ്രീകുമാര്‍ വി, ജെന്‍പ്രോ റിസര്‍ച് സിഇഒ അനൂപ് അംബിക എന്നിവര്‍ പങ്കെടുത്തു.

പ്രമുഖ ഐടി കമ്പനികള്‍, കേരള ടെക്‌നോളജി യൂണിവേഴ്‌സിറ്റി, കേരള യുണിവേഴ്‌സിറ്റി, കേരള ഡിജിറ്റല്‍ യുണിവേഴ്‌സിറ്റി, ഐസിടി അക്കാദമി, സംസ്ഥാനത്തുടനീളമുള്ള കോളജുകള്‍ എന്നിവയെ ഉള്‍പ്പെടുത്തി ജിടെക്കിനു കീഴിലുള്ള അക്കാഡമി ആന്റ് ടെക്‌നോളജി ഫോക്കസ് ഗ്രൂപ്പ് (എടിഎഫ്ജി) ഒരു വേദിക്ക് രൂപംനല്‍കിയിട്ടുണ്ട്. വ്യവസായ മേഖലയുടെ പുതിയ ആവശ്യങ്ങളും നവീന സാങ്കേതിക വിദ്യകളും ഈ വേദിയിലൂടെ അക്കാദമിക മേഖലയുമായി പങ്കുവയ്ക്കുകയും അതിനാവശ്യമായ പരിശീലന പരിപാടികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കുകയും ചെയ്യും. ഇതിന്റെ ഭാഗമായി ആദ്യഘട്ടത്തില്‍ കോളജ് അധ്യാപകര്‍ക്കും പിന്നീട് വിദ്യാര്‍ത്ഥികള്‍ക്കും പരിശീലനം നല്‍കും. ഇതു വഴി വിദ്യാര്‍ത്ഥികള്‍ക്ക് നൈപുണി പരീശീലിക്കാനും തങ്ങളുടെ കഴിവുകള്‍ പ്രകടിപ്പിക്കുവാനും ഈ രംഗത്തുള്ള പ്രമുഖരുമായി നേരിട്ട് ബന്ധം സ്ഥാപിക്കാനും അവസരമുണ്ട്.

Related posts